വാഷിങ്ടൺ: കോപ്പ അമേരിക്കയിൽ സമ്പൂർണ ജയത്തോടെ നിലവിലെ റണ്ണേഴ്‌സ് അപ്പ് അർജന്റീന ക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയ അർജന്റീന മൂന്നാം മത്സരത്തിൽ ബൊളീവിയയെ എതിരില്ലാത്ത മൂന്നു ഗോളിനാണു തോൽപ്പിച്ചത്.

ഗ്രൂപ്പ് ഡിയിലെ മറ്റൊരു മത്സരത്തിൽ ചിലി 4-2ന് പനാമയെ തോൽപ്പിച്ചു ക്വാർട്ടറിൽ കടന്നതോടെ ക്വാർട്ടർ ലൈനപ്പ് പൂർത്തിയായി. 17 മുതലാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ.

ബൊളീവിയയെ കളി പഠിപ്പിച്ച് അർജന്റീന

ഗ്രൂപ്പ് ഡിയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ ജയമാണ് അർജന്റീന ബൊളീവിയക്കെതിരെ കുറിച്ചത്. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് റൗണ്ടിലേക്ക് അർജന്റീന പ്രവേശിച്ചു. ബൊളീവിയ നേരത്തേ ടൂർണമെന്റിൽ നിന്നും പുറത്തായിരുന്നു.

13ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ എറിക് ലാമല്ലെയാണ് അർജന്റീനയുടെ ആദ്യ ഗോൾ നേടിയത്. ആദ്യഗോൾ വീണതിന്റെ ഞെട്ടൽ മാറും മുമ്പ് തന്നെ രണ്ടു മിനിറ്റിനകം എസിക്വൽ ലാവെസി രണ്ടാം ഗോളും നേടുകയായിരുന്നു. ലാവെസിയാണ് കളിയിലെ താരം. 32ാം മിനിറ്റിൽ ഡിഫൻഡർ വിക്ടർ ക്യൂസ്റ്റയാണ് മൂന്നാം ഗോൾ നേടിയത്. ക്യൂസ്റ്റയുടെ ആദ്യ അന്താരാഷ്ട്ര ഗോളാണിത്.

സൂപ്പർ താരവും നായകനുമായ മെസ്സിയെ ആദ്യഇലവനിൽ ഇറക്കാതെയാണ് അർജന്റീന ഒന്നാം പകുതി പൂർത്തിയാക്കിയത്. രണ്ടാം പകുതിയിൽ മെസി ഇറങ്ങിയെങ്കിലും ഗോളുകൾ പിറന്നില്ല. മത്സരത്തിൽ നീലപ്പട തികഞ്ഞ ആധിപത്യം പുലർത്തിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ പ്രതിരോധത്തിൽ കാര്യമായി തന്നെ ബൊളീവിയ ശ്രദ്ധിച്ചത് തോൽവിയുടെ ആഘാതം കുറച്ചു.

ഇതിനിടെ, ബൊളിവീയൻ ഗോൾ കീപ്പറെ കബളിപ്പിച്ചുള്ള മെസ്സിയുടെ പ്രകടനവും കാണികൾക്കു രസിക്കാൻ വകയേകി. മെസിയെ ബൊളീവിയൻ കാവൽഭടന്മാർ ഓഫ്‌സൈഡ് കെണിയിൽ കുരുക്കിയശേഷമായിരുന്നു മെസിയുടെ രസകരമായ പ്രകടനമുണ്ടായത്. മത്സരത്തിനിടെ തന്നെ ഫൗൾ ചെയ്ത ബൊളീവിയൻ താരത്തോടു കയർത്ത മെസിയുടെ മറ്റൊരു മുഖവും ഇന്നത്തെ കളിയുടെ പ്രത്യേകതയായി.

ഗ്രൂപ്പിൽ രണ്ടാമതായി ചാമ്പ്യന്മാർ

ണ്ടിനെതിരെ നാല് ഗോളുകൾക്കു പനാമയെ തകർത്താണു നിലവിലെ ചാമ്പ്യന്മാരായ ചിലി ക്വാർട്ടർ ഫൈനലിൽ കടന്നത്. അഞ്ചാം മിനിട്ടിൽ പനാമയുടെ മിഗ്വൽ കമർഗോ ആദ്യ ഗോൾ നേടി. ഏറെ താമസിയാതെ 15ാം മിനിട്ടിൽ ചിലിയുടെ എഡ്വേർഡോ വർഗസ്സ് തൊടുത്ത വലതുകാൽ ഷോട്ട് പനാമ വല കുലുക്കി സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കാൻ മിനിട്ടുകൾ ബാക്കി നിൽക്കെ ഒരു ഗോൾ കൂടി നേടി ചിലി ലീഡ് ഉയർത്തി. 50ാം മിനിട്ടിൽ വർഗസ്സിന്റെ പാസിൽ അലക്‌സിസ് സാഞ്ചസാണ് ഗോൾ നേടിയത്.

75ാം മിനിട്ടിൽ പനാമ രണ്ടാം ഗോൾ നേടി ശക്തമായി തിരിച്ചുവരവ് അറിയിച്ചു. ആറു വാര അകലെവച്ച് അബ്ദെൽ അറോയോയിൽ നിന്ന് പിറന്ന ഹെഡറാണ് ഗോളായി മാറിയത്. 89ാം മിനിട്ടിൽ ചിലി നാലാമത് ഗോൾ നേടി വിജയം ഉറപ്പിച്ചു. മധ്യഭാഗത്തുവച്ച് ജോസ് ഫെൻസലിഡയുടെ ക്രോസ് പാസിൽ അലക്‌സിസ് സാഞ്ചസ് ഹെഡറിലൂടെയാണ് ചിലിയുടെ ലീഡ് ഉയർത്തിയ ഗോൾ പിറന്നത്.

ക്വാർട്ടർ പോരാട്ടങ്ങൾ 17 മുതൽ

ഗ്രൂപ്പു ഘട്ടത്തിലെ പോരാട്ടങ്ങൾ അവസാനിച്ചതോടെ നോക്കൗട്ട് റൗണ്ടിലെ മത്സരങ്ങൾക്കായി ആരാധകർ കാത്തിരിപ്പു തുടങ്ങി. വമ്പൻ ടീമുകളായ ബ്രസീലും ഉറുഗ്വേയും ആദ്യ റൗണ്ടിൽ പുറത്തായത് ആരാധകർക്കു നിരാശയുണ്ടാക്കിയെങ്കിലും ടൂർണമെന്റ് ഫേവറിറ്റുകളായ അർജന്റീന മികച്ച വിജയങ്ങളുമായി ക്വാർട്ടറിലെത്തിയത് കാൽപ്പന്തുകളിപ്രേമികൾക്ക് ആവേശമുയർത്തിയിട്ടുണ്ട്.

17ന് ആതിഥേയരായ അമേരിക്കയും ഇക്വഡോറും തമ്മിലാണ് ആദ്യ ക്വാർട്ടർ പോരാട്ടം. ഇന്ത്യൻ സമയം പുലർച്ചെ ഏഴിനാണ് മത്സരം. പതിനെട്ടിനു പുലർച്ചെ 5.30ന് രണ്ടാം ക്വാർട്ടറിൽ പെറുവും കൊളംബിയയും ഏറ്റുമുട്ടും.

19നു പുലർച്ചെ 4.30നാണ് അർജന്റീനയും വെനസ്വേലയും തമ്മിലുള്ള മത്സരം. രാവിലെ 7.30ന് മെക്‌സിക്കോയും ചിലിയും ഏറ്റുമുട്ടും.