മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കെ വിമത വിഭാഗത്തെ അയോഗ്യരാക്കാനുള്ള ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ നീക്കങ്ങൾ നേരിടാനുറച്ച് ഏകനാഥ് ഷിൻഡെയും സംഘവും. ഡെപ്യുട്ടി സ്പീക്കർ പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്ന് കാട്ടി ഗവർണറെ സമീപിക്കാനാണ് തീരുമാനം. കൂടാതെ ഏകനാഥ് ഷിൻഡെയെ ശിവസേന നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്നും നീക്കിയതിനെതിരെ കോടതിയെ സമീപിക്കാൻ വിമതർ തീരുമാനിച്ചിട്ടുണ്ട്.

പ്രത്യേക ബ്ലോക്കായി നിയമസഭയിൽ നിൽക്കണമെങ്കിൽ ഏതെങ്കിലും പാർട്ടിയിൽ ചേരണമെന്നാണ് ഷിൻഡെ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. അയോഗ്യരാക്കപ്പെടാതിരിക്കാൻ നോട്ടീസിന് മറുപടി നൽകാൻ ഡെപ്യുട്ടി സ്പീക്കർ കുറഞ്ഞത് 7 ദിവസമെങ്കിലും സമയം നൽകണമെന്നും വിമതർ ആവശ്യപ്പെട്ടു. അതേസമയം ഡൽഹി ജന്തർമന്തറിൽ വിമതർക്കെതിരെ ശിവസേന പ്രവർത്തകർ പ്രതിഷേധം നടത്തുകയാണ്.

കോവിഡ് മുക്തനായ മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കൊഷിയാരി ഔദ്യോഗിക ചുമതലകളിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് വിമതർ നീക്കങ്ങൾ തുടങ്ങിയത്. തങ്ങളാണ് യഥാർത്ഥ ശിവസേനയെന്നു അവകാശപ്പെട്ടു നേരത്തെ ഷിൻഡെ വിഭാഗം കത്തയച്ചെങ്കിലും എൻസിപി നേതാവായ ഡെപ്യുട്ടി സ്പീക്കർ നർഹരി സിർവാള് അംഗീകരിച്ചിരുന്നില്ല. 16 എംഎൽഎമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു ഉദ്ധവ് വിഭാഗം നൽകിയ കത്തിന് തിങ്കളാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് വിമതരോട് ആവശ്യപ്പെടുകയും ചെയ്തു.

ഈ സാഹചര്യത്തിൽ ഡെപ്യൂട്ടി സ്പീക്കർ പക്ഷപാതപരമായി പെരുമാറുന്നുവെന്നുകാട്ടി ഗവർണർക്ക് പരാതി നൽകാനാണ് ഏകനാഥ് ഷിൻഡെയുടെ നീക്കം. നിയമസഭയിൽ പ്രത്യേക ബ്ലോക്കായി നിൽക്കുമെന്ന് വിമതർ ആവർത്തിച്ച് പറയുമ്പോഴും ഏതെങ്കിലും പാർട്ടിയിൽ ചേരാതെ നിയമപരമായി നിലനില്പില്ലെന്നാണ് ലഭിച്ച നിയമോപദേശം. ബിജെപിയിൽ ചേരില്ലെന്നു ഷിൻഡെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ഏതെങ്കിലും ചെറുപാർട്ടിയിലേക്ക് കൂടുമാറി സർക്കാർ രൂപീകരിക്കാൻ ബിജെപിയെ പിന്തുണയ്ക്കാനും വിമതർ ആലോചിക്കുന്നുണ്ട്. അതേസമയം അക്രമ സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ കർശന ജാഗ്രത തുടരുകയാണ്. മുംബൈയിൽ ജൂൺ 30 വരെയാണ് നിരോധനാജ്ഞ.

നാട്ടിൽ വീടുകൾക്കും ഓഫീസുകൾക്കും നേരെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഗുവാഹത്തിയിലെ ഹോട്ടലിൽ തുടരുന്ന വിമത എംഎൽഎമാരും ആശങ്കയിലാണ്. നിലനിൽപ്പിനായുള്ള തീരുമാനമെടുക്കാൻ ഏകനാഥ് ഷിൻഡെയ്ക്ക് മേൽ ഇതോടെ സമ്മർദ്ദവും ശക്തമാവുകയാണ്.

സുരക്ഷാ ഭീഷണി മുൻനിർത്തി വിമത എംഎൽഎമാരുടെ സുരക്ഷ കേന്ദ്രസർക്കാർ കൂട്ടിയിട്ടുണ്ട്. 15 എംഎൽഎ മാർക്ക് വൈ പ്ലസ് കാറ്റഗറി സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചെന്നാണ് റിപ്പോർട്ട്.

എംഎൽഎമാർക്ക് വൈ പ്ലസ് സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. സിആർപിഎഫ് സേനാംഗങ്ങൾ ആകും ഇനി മുതൽ ഇവർക്ക് സുരക്ഷയൊരുക്കുക.

രമേഷ് ബോർനാരെ, മങ്കേഷ് കുഡാൽക്കർ, സഞ്ജയ് ഷിർസാത്, ലതാഭായ് സോനവാനെ, പ്രകാശ് സർവെ എന്നിവർക്കും മറ്റ് 10 എംഎൽഎമാർക്കുമാണ് സുരക്ഷ നൽകിയത്. ഇന്നലെ ഏകനാഥ് ഷിൻഡെയ്ക്കൊപ്പം നിൽക്കുന്ന എംഎൽഎമാർക്കെതിരെ ഉദ്ധവ് താക്കറെ പക്ഷത്തുള്ള പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതിന് പുറമേ എംഎൽഎമാരുടെ വീടുകൾ ആക്രമിക്കുന്ന സ്ഥിതിവിശേഷവും സംജാതമായിരുന്നു. ഇതേ തുടർന്നാണ് ഇവർക്ക് വൈ പ്ലസ് സുരക്ഷ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

വിമത എംഎൽഎമാരെയും, പിന്തുണയ്ക്കുന്ന മറ്റ് പ്രവർത്തകരെയും ഉൾപ്പെടുത്തി മന്ത്രികൂടിയായ ഏക്നാഥ് ഷിൻഡെ ശിവസേന ബാലാസാഹെബ് താക്കറെ എന്ന പേരിൽ പാർട്ടി രൂപീകരിക്കുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ പ്രതിഷേധവുമായി ഉദ്ധവ് താക്കറെയെ പിന്തുണയ്ക്കുന്ന പക്ഷം രംഗത്തുവന്നത്.

അതേസമയം ഗുവാഹത്തിയിലെ ഹോട്ടലിൽ കഴിയുന്ന ഷിൻഡെയും മറ്റ് എംഎൽഎമാരുമായി രാവിലെ നിർണായക വിഷയങ്ങൾ ചർച്ച ചെയ്തെന്നാണ് റിപ്പോർട്ടുകൾ. ഉദ്ധവ് താക്കറെ പക്ഷം പ്രതിഷേധവുമായി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് നിർണായക ചർച്ച നടത്തിയത്. നിലവിൽ 55 ശിവസേന എംഎൽഎമാരിൽ 38 പേരും തന്നെ പിന്തുണയ്ക്കുന്നവരാണെന്നാണ് ഷിൻഡെ അവകാശപ്പെടുന്നത്.