- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉജ്ജയ്നിയിലെ മഹാകാൽ ക്ഷേത്രത്തിൽ പ്രാർത്ഥിച്ച് ഡൽഹിക്ക് പറന്ന് ജ്യോതിരാദിത്യ സിന്ധ്യ; പുതിയ കുർത്ത വാങ്ങുന്ന തിരക്കിൽ പശുപതി പരസ്; രണ്ടാം മോദി സർക്കാരിൽ വരവായി യുവതുർക്കികൾ; കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ബുധനാഴ്ച വൈകിട്ട് ആറ് മണിക്ക്; കേരളത്തിൽ നിന്ന് വി.മുരളീധരന് സ്വതന്ത്ര ചുമതല കിട്ടിയേക്കും; ഡൽഹിയിൽ തമ്പടിച്ച് നിയുക്ത മന്ത്രിമാർ
ന്യൂഡൽഹി: രണ്ടാം എൻഡിഎ സർക്കാരിലെ ആദ്യത്തെ മന്ത്രിസഭാ പുനഃ സംഘടന നാളെ വൈകിട്ട് ആറ് മണിക്ക്. രാജ്യ ചരിത്രത്തിൽ തന്നെ ഇതാദ്യമായി ഏറ്റവും കൂടുതൽ യുവാക്കൾ അടങ്ങുന്നതായിരിക്കും മന്ത്രിസഭയെന്നാണ് സൂചന. കൂടുതൽ വനിതാ മന്ത്രിമാരെ ഉൾപ്പെടുത്തും. ഭരണപരിചയം ഉള്ളവർക്ക് പ്രത്യേക പ്രാതിനിധ്യം ലഭിക്കും. മറ്റുപിന്നോക്ക വിഭാഗത്തിൽ പെട്ട 24 ലേറെ അംഗങ്ങളുണ്ടാവും. ചെറിയ സമുദായങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്തും. കേരളത്തിൽ നിന്ന് വി.മുരളീധരന് സ്വതന്ത്ര ചുമതല കിട്ടുമെന്നും സൂചനയുണ്ട്. വിദേശകാര്യം നിലനിർത്തി കൊണ്ടു തന്നെ ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല നൽകിയേക്കും.
പിഎച്ചഡിക്കാരുടെയും എംബിഎക്കാരുടെയും ബിരുദാനന്തരബിരുദധാരികളുടെയും പ്രൊഫഷണലുകളുടെയും പ്രാതിനിധ്യം ഉറപ്പാക്കുന്നതോടെ, മന്ത്രിസഭയിലെ അംഗങ്ങളുടെ ശരാശരി വിദ്യാഭ്യാസ യോഗ്യതയും ഉയർന്നതായിരിക്കും എന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നു. അടുത്ത വർഷം അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പും, 2024 ലെ പൊതുതിരഞ്ഞെടുപ്പും മനസ്സിൽ കണ്ടായിരിക്കും ഓരോ സംസ്ഥാനത്തിനും പ്രാധാന്യം നൽകിയുള്ള നരേന്ദ്ര മോദിയുടെ പുതിയ ക്യാബിനറ്റ്.
സാധ്യതാ പട്ടികയിലുള്ള പലരും ഡൽഹിയിലേക്ക് എത്തി തുടങ്ങി. ജ്യോതിരാദിത്യ സിന്ധ്യ, സർബാനന്ദ സോനോവാൾ, ലോക്ജനശക്തി പാർട്ടിയുടെ പശുപതി പരസ്, നാരായൺ റാണെ, വരുൺ ഗാന്ധി എന്നിവർ ഡൽഹിയിലെത്തി. ഉജ്ജയിനിയിലെ മഹാകാൽ ക്ഷേത്രത്തിൽ പ്രാർത്ഥിച്ച ശേഷമാണ് ജ്യോതിരാദിത്യ സിന്ധ്യ ഡൽഹിക്ക് വിമാനം കയറിയത്. മധ്യപ്രദേശിൽ കോൺഗ്രസിന്റെ തകർച്ചയ്ക്ക് കളമൊരുക്കിയത് സിന്ധ്യയുടെ കൊഴിഞ്ഞുപോക്കാണ്. അതിനുള്ള സമ്മാനമെന്നതിന് പുറമേ, യുവരക്തങ്ങളെ കൂടുതലായി ഉൾപ്പെടുത്തുക എന്ന നയവും അദ്ദേഹത്തിന് അനുകൂലമായി.
അസമിലെ മുഖ്യമന്ത്രി സ്ഥാനം ഹിമന്ദ ബിശ്വ ശർമയ്ക്ക് വേണ്ടി ഒഴിഞ്ഞു കൊടുത്ത സർബാനന്ദ സോനോവാളിനും ഇത് ലോട്ടറിയായി. രാംവിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാന് എതിരെ കലാപക്കൊടി ഉയർത്തിയ പശുപതി പരസിനും ഇത് അംഗീകാരത്തിന്റെ കാലമാണ്. പുതിയ കുർത്ത വാങ്ങിക്കാനുള്ള തിരക്കിലായിരുന്നു പരസ് കഴിഞ്ഞ ദിവസം. ഡൽഹിയിൽ നിന്ന് ക്ഷണം വന്നുവോ എന്ന ചോദ്യത്തിന് രഹസ്യം രഹസ്യമായിരിക്കട്ടെ എന്നായിരുന്നു മറുപടി. അമിത് ഷായിൽ നിന്ന് ക്ഷണം കിട്ടിയതോടെ അദ്ദേഹവും ഡൽഹിക്ക് പറന്നു.
സാമൂഹിക നീതി മന്ത്രി താവർചന്ദ് ഗെലോട്ടിനെ കർണാടക ഗവർണറായി നിയമിച്ചതോടെ ആ സ്ഥാനത്തും ഒഴിവായി. ഗെലോട്ടിന്റെ രാജ്യസഭാ കാലാവധി 2024 ഏപ്രിൽ വരെയായിരുന്നു. അതുകൊണ്ട് ഇരുസഭകളിലും അംഗമല്ലാത്ത ഒരാളെ മന്ത്രിസഭയിലേക്ക് കൊണ്ടുവന്ന് ഗെലോട്ടിന്റെ ശേഷിക്കുന്ന കാലാവധിയിൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കാം.
തൃണമൂലിൽ നിന്ന് ബിജെപിയിലേക്ക് കൂടുമാറിയ ദിനേശ് ത്രിവേദിയും, ജിതിൻ പ്രസാദയും മന്ത്രിമാരായേക്കും. അപ്‌നാദളിലെ അനുപ്രിയ പട്ടേലും, പങ്കജ് ചൗധരിയും, റീത്ത ബഹുഗുണ ജോഷിയും, രാംശങ്കർ കതേരിയയും, ലല്ലൻ സിങ്ങും, രാഹുൽ കസ്വാവും ഒക്കെ ഡൽഹിയിൽ തമ്പടിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രിസഭയിൽ നിലവിൽ 53 അംഗങ്ങളാണുള്ളത്. പരമാവധി 81 പേരാകാം. അതായത് 28 മന്ത്രിമാരെ കൂടി ഉൾപ്പെടുത്താം.പ്രകടനം മോശമായവരെ മാറ്റിയേക്കും. ഒരുമന്ത്രി തന്നെ കൂടുതൽ വകുപ്പുകൾ വഹിക്കുന്നത് കുറയ്ക്കും.
മറുനാടന് മലയാളി ബ്യൂറോ