- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലസംഘത്തിന്റെ യോഗമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയത് പിഞ്ചുകുട്ടികളെ അടക്കം; ബാലാവകാശ കമ്മിഷനിൽ പരാതി നൽകിയപ്പോൾ കേസെടുത്തു; കമ്മിഷനിലുള്ളത് നമ്മുടെ ആൾക്കാരാണെന്ന് ധാർഷ്ട്യം; സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിനെതിരേ ദേശീയ ബാലാവകാശ കമ്മിഷനും കേസെടുത്തപ്പോൾ ഞെട്ടൽ
കൊല്ലം: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനെന്ന പേരിൽ പിഞ്ചുകുട്ടികളെ അടക്കം രണ്ടു മണിക്കൂറോളം പൊരിവെയിലത്ത് നിർത്തി റാലി നടത്തിയ സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിനെതിരേ കേന്ദ്ര-സംസ്ഥാന ബാലാവകാശ കമ്മിഷനുകൾ കേസെടുത്തു. നെല്ലിമുകൾ അനീഷ് ഭവനത്തിൽ എസ്. അനീഷിനെതിരേയാണ് കേസ്. ബിജെപി നേതാവ് അജി വിശ്വനാഥ് നൽകിയ പരാതിയിലാണ് നടപടി.
മറുനാടൻ വാർത്തയുടെ അടിസ്ഥാനത്തിലാണ് പരാതി. ആദ്യം സംസ്ഥാന ബാലാവകാശ കമ്മിഷനാണ് കേസ് എടുത്തത്. ഇതിന് പിന്നാലെ ഞങ്ങളുടെ ആളാണ് കമ്മിഷൻ അംഗമെന്നും ഒന്നും ചെയ്യാൻ പോകുന്നില്ലെന്നും പറഞ്ഞ് സൈബർ സഖാക്കൾ രംഗത്തു വന്നു. ഇതോടെയാണ് അജി വിശ്വനാഥ് കേന്ദ്രത്തിനും പരാതി നൽകിയത്. പ്രതി ലോക്കൽ കമ്മറ്റി അംഗമായതിനാൽ കേസ് അട്ടിമറിക്കാനുള്ള സാധ്യതയും അജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ബാലസംഘത്തിന്റെ മീറ്റിങ് എന്ന പേരിലാണ് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് യോഗവും പിന്നീട് പൊരിവെയിലത്ത് പ്രകടനവും നടത്തിയത്. പത്തനംതിട്ട ജില്ലയിലെ കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡായ നെല്ലിമുകളിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. സമരത്തിന്റെ ചിത്രം സഹിതം പരിപാടി സംഘടിപ്പിച്ച ലോക്കൽ കമ്മറ്റിയംഗം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് പരാതിക്ക് ആധാരമായത്.
കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് 10 വയസിൽ താഴെയുള്ളവരെ ആളു കൂടുന്ന സ്ഥലങ്ങളിൽ കൊണ്ടുപോകാൻ പാടില്ല. ഇവർക്ക് സ്കൂളുകളിലോ ട്യൂഷനോ പോകുന്നതിന് വിലക്കുണ്ട്. ക്ഷേത്രങ്ങളിലും പള്ളികളിലും 10 വയസിൽ താഴെയുള്ളവർക്ക് പ്രവേശനമില്ല എന്നതാണ് കോവിഡ് ചട്ടം. ഇതു ലംഘിച്ചാണ് കുട്ടികളെ വിളിച്ചു കൂട്ടി ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യോഗവും പ്രകടനവും നടത്തിയത്. സിപിഎമ്മിന്റെ കുട്ടികൾക്കുള്ള പോഷക സംഘടനയാണ് ബാലസംഘം. ഇതിന്റെ യൂണിറ്റ് കമ്മറ്റി യോഗമെന്ന് പറഞ്ഞാണ് വലുതും ചെറുതുമായ കുട്ടികളെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടു വന്നിട്ടുള്ളത്. ഈ യോഗമാണ് കർഷകർക്കുള്ള ഐക്യദാർഢ്യമാക്കി മാറ്റിയത്. കുട്ടികളെ പൊരിവെയിലിൽ തള്ളുകയും ചെയ്തു.
കോവിഡ് മാനദണ്ഡം ലംഘിച്ച് പിഞ്ചു കുട്ടികളെ അടക്കം പൊരിവെയിലിൽ നിർത്തി ജാഥ നടത്തിയതിനാണ് കേസ്. മറുനാടൻ വാർത്തയ്ക്ക് എതിരേ സൈബർ സഖാക്കൾ ഉറഞ്ഞു തുള്ളുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കൾക്ക് പരാതിയില്ലെങ്കിൽ നിങ്ങൾക്കെന്താ എന്നായിരുന്നു ചോദ്യം. രണ്ടു കമ്മിഷനുകളും കേസെടുത്തതോടെ ഇക്കൂട്ടർക്ക് മിണ്ടാട്ടം ഇല്ലാതെയായിട്ടുണ്ട്.