- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണത്തിന്റെ മധുവിധു തീരുംമുമ്പ് കേന്ദ്ര സർക്കാരിൽ തമ്മിലടി തുടങ്ങി; രാജ്‌നാഥ് സിങ്ങിനെ വെട്ടാൻ മകനെതിരെ ആരോപണം ഉന്നയിച്ച് നേതാക്കൾ; ആരോപണങ്ങൾ തെളിഞ്ഞാൽ രാഷ്ട്രീയം വിടുമെന്ന് ആഭ്യന്തരമന്ത്രി
ന്യൂഡൽഹി: ഭരണം കൈയിൽ കിട്ടിയപാടെ പാർട്ടിയെയും പൂർണമായി കൈപ്പിടിയിലൊതുക്കാൻ കച്ചകെട്ടിയിറങ്ങിയ മോദിപക്ഷത്തിന്റെ അടുത്ത ഇരയാണോ രാജ്‌നാഥ് സിങ്. കേന്ദ്ര ആഭ്യന്തരമന്ത്രിയായ രാജ്‌നാഥിനെതിരെ നേരിട്ട് ആരോപണമൊന്നും ഉന്നയിക്കാതെ മകനെതിരെ തിരിഞ്ഞിരിക്കുകയാണ് ബിജെപി നേതൃത്വം. അതേസമയം മകനെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ രാഷ്ട്രീയം തന്നെ ഉ

ന്യൂഡൽഹി: ഭരണം കൈയിൽ കിട്ടിയപാടെ പാർട്ടിയെയും പൂർണമായി കൈപ്പിടിയിലൊതുക്കാൻ കച്ചകെട്ടിയിറങ്ങിയ മോദിപക്ഷത്തിന്റെ അടുത്ത ഇരയാണോ രാജ്‌നാഥ് സിങ്. കേന്ദ്ര ആഭ്യന്തരമന്ത്രിയായ രാജ്‌നാഥിനെതിരെ നേരിട്ട് ആരോപണമൊന്നും ഉന്നയിക്കാതെ മകനെതിരെ തിരിഞ്ഞിരിക്കുകയാണ് ബിജെപി നേതൃത്വം.
അതേസമയം മകനെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കുമെന്ന പ്രഖ്യാപനവുമായി രാജ്‌നാഥ് സിങ്ങും രംഗത്തെത്തി. തന്റെ ഭാഗത്തു നിന്നോ കുടുംബത്തിന്റെ ഭാഗത്തുനിന്നോ മോശം പെരുമാറ്റമുണ്ടായതായി തെളിഞ്ഞാൽ രാഷ്ട്രീയം വിടുമെന്നാണ് രാജ്‌നാഥ് സിങ് പറഞ്ഞത്. മന്ത്രിസഭയിലെ സഹപ്രവർത്തകനാണ് മകനെതിരായ ആരോപണത്തിന് പിന്നിലെന്നും രാജ്‌നാഥ് തുറന്നടിച്ചു. ഇക്കാര്യം ആർഎസ്എസ് നേതൃത്വത്തോട് രാജ്‌നാഥ് സൂചിപ്പിച്ചിട്ടുമുണ്ട്.
മോശം പെരുമാറ്റത്തിന്റെ പേരിൽ ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്‌നാഥിന്റെ മകൻ പങ്കജ് സിങ്ങിന് ബിജെപി നേതൃത്വം സീറ്റ് നിഷേധിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമാണ് അതിന്റെ പിന്നിലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഉത്തർ പ്രദേശിൽ ബിജെപി ജനറൽ സെക്രട്ടറിയാണ് പങ്കജ് സിങ്. ബിസിനസുകാരിയായ വിമല ബത്തമിനെയാണ് പങ്കജിന് പകരം സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
മറ്റു നേതാക്കളെയെല്ലാം വെട്ടിയൊതുക്കി പാർട്ടിയിലും സർക്കാരിലും തന്റെ പൂർണ നിയന്ത്രണം ഉറപ്പിക്കാനാണ് മോദിയുടെ ശ്രമം. ഇതിന്റെ ഭാഗമായി മുതിർന്ന നേതാക്കളെയെല്ലാം പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കിയിരുന്നു. ഏറ്റവുമൊടുവിൽ ബിജെപി പാർലമെന്ററി സമിതിയിൽ നിന്ന് എൽ കെ അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും ഒഴിവാക്കി. പ്രായാധിക്യമെന്ന കാരണം ചൂണ്ടിക്കാട്ടി മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയെയും വെട്ടിമാറ്റിയിരുന്നു. രാജ്‌നാഥ് സിങ്ങിനെയും പാർലമെന്ററി സമിതിയിൽ നിന്ന് ഒഴിവാക്കി. പകരം പേരിന് മാർഗനിർദേശക സമിതിയുണ്ടാക്കി അദ്വാനിയെയും ജോഷിയെയും വാജ്‌പേയിയെയും രാജ്‌നാഥിനെയും അതിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു.
അതിനിടെ, രാജ്‌നാഥിന്റെ മകനെതിരായ ആരോപണങ്ങൾ തള്ളി കേന്ദ്രസർക്കാർ പ്രസ്താവനയുമിറക്കി. ആരോപണങ്ങൾ ശുദ്ധ നുണയാണെന്നും സർക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാനും സ്വഭാവഹത്യ നടത്താനുമാണ് ചിലർ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
പങ്കജ് സിങ്ങിനെതിരായ ആരോപണങ്ങളിലൂടെ രാജ്‌നാഥ് സിങ്ങിനെ ഒതുക്കാൻ തന്നെയാണ് മോദിയും അമിത് ഷായും ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. സർക്കാരിന്റെ നിയന്ത്രണം കൈക്കലാക്കിയ മോദിയും പുനഃസംഘടനയിലൂടെ പാർട്ടിയിൽ മേധാവിത്തം നേടിയ ദേശീയ അധ്യക്ഷൻ അമിത്ഷായും മറ്റു നേതാക്കളെ പൂർണമായും അടിച്ചമർത്താനുള്ള നീക്കങ്ങൾക്കാണ് താൽപര്യം കാട്ടുന്നതെന്നും വിലയിരുത്തലുകളുണ്ട്.
പ്രായാധിക്യം ചൂണ്ടിക്കാട്ടി വിവിധ നേതാക്കൾക്ക് മന്ത്രിസ്ഥാനം നിഷേധിച്ച മോദി പാർട്ടിയിലും ഇവരെ നിശബ്ദരാക്കാനുള്ള തന്ത്രങ്ങൾക്കാണ് അമിത് ഷായ്‌ക്കൊപ്പം കരുക്കൾ നീക്കുന്നത്. മുൻ ദേശീയ അധ്യക്ഷനായ രാജ്‌നാഥ് സിങ്ങിനെ ഒതുക്കാൻ മകനെതിരായ ആരോപണങ്ങളുന്നയിക്കുന്നതും മോദി പക്ഷമാണെന്നുതന്നെയാണ് സൂചനകൾ. അതേസമയം, മന്ത്രിസഭയിൽ മകനെതിരെ ആരാണ് ആരോപണം ഉന്നയിക്കുന്നതെന്ന് രാജ്‌നാഥ് സിങ് തന്നെ വെളിപ്പെടുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മന്ത്രിസഭയിലെ ഭിന്നതയാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും കോൺഗ്രസ് പറയുന്നു.

