- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരള കോൺഗ്രസ് (എം) ചെയർമാനായി ജോസ് കെ.മാണിയെ അംഗീകരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ; പാർട്ടി പേരും ചിഹ്നമായ രണ്ടിലയും ലഭിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പിനും അംഗീകാരം കിട്ടിയ ആഹ്ലാദത്തിൽ പാർട്ടി പ്രവർത്തകർ; വിഷയത്തിൽ പ്രതികരിക്കാതെ പി ജെ ജോസഫും
കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാനായി ജോസ് കെ.മാണിയെ അംഗീകരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ. നിയമസഭ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലെത്തി നിൽക്കെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം കൂടി ലഭിച്ചതോടെ പാർട്ടി പൂർണമായും ജോസ് കെ മാണിയുടെ നിയന്ത്രണത്തിലായി. പാർട്ടി പേരും ചിഹ്നമായ രണ്ടിലയും നേരത്തേ ജോസ് കെ.മാണി വിഭാഗത്തിന് അനുവദിച്ചിരുന്നു.
നേരത്തേ ചെയർമാൻ സ്ഥാനം തർക്കത്തിലായതിനെത്തുടർന്ന് ജോസ് കെ.മാണി വിഭാഗം സംസ്ഥാന കമ്മിറ്റി വിളിച്ച് അദ്ദേഹത്തെ ചെയർമാനായി തീരുമാനിച്ചിരുന്നു. അതിനാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകാരം നൽകിയിരിക്കുന്നത്. വിഷയത്തിൽ പി.ജെ. ജോസഫ് പ്രതികരിച്ചിട്ടില്ല.
കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന പാർട്ടി ചെയർമാൻ പദവിയെച്ചൊല്ലിയുള്ള തർക്കമാണ് പി.ജെ ജോസഫ്- ജോസ് കെ. മാണി വിഭാഗങ്ങൾ തമ്മിലുള്ള പോര് പരസ്യമായത്. സി.എഫ് തോമസ് ചെയർമാനും പി.ജെ. ജോസഫ് വർക്കിങ് ചെയർമാനും ജോസ് കെ. മാണി വൈസ് ചെയർമാനുമായുള്ള ഒത്തുതീർപ്പ് ഫോർമുല ജോസപ് വിഭാഗം മുന്നോട്ടു വച്ചിരുന്നു. എന്നാൽ സംസ്ഥാന സമിതി വിളിച്ച് ചേർത്ത് ചെയർമാനെ തെരഞ്ഞെടുക്കണമെന്ന നിലപാടിലായിരുന്നു ജോസ് കെ. മാണി. സംസ്ഥാന സമിതിയിലുള്ള ഭൂരിപക്ഷമാണ് ഇത്തരമൊരു നിലപാടെടുക്കാൻ ജോസ് കെ. മാണിയെ പ്രേരിപ്പിച്ചത്.
ജോസ് കെ മാണിയുമായുള്ള പാർട്ടി ചിഹ്നവും പേരും സംബന്ധിച്ചുള്ള തർക്കത്തിൽ കോടതിയിൽ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും തിരിച്ചടിയേറ്റ ജോസഫ് വിഭാഗം നിലവിൽ ഒരു അംഗീകൃത പാർട്ടി ഇല്ലാതെയാണ് നിൽക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര ചിഹ്നമായ ചെണ്ട അടയാളത്തിലായിരുന്നു ജോസഫ് വിഭാഗം സ്ഥാനാർത്ഥികളുടെ മത്സരം. അതിനാൽ തന്നെ അംഗങ്ങൾ കൂറുമാറിയാൽ പോലും പാർട്ടിക്ക് നടപടി എടുക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ പഴയ കേരള കോൺഗ്രസ് ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് പിജെ ജോസഫ്. പുതിയ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നം ചെണ്ട് തന്നെ ആയിരിക്കുമെന്ന് പിജെ ജോസഫ് വ്യക്തമാക്കിയിരുന്നു.
കേരള കോൺഗ്രസ് നേതാവായിരുന്ന പിജെ ജോസഫ് കെഎം മാണിയുമായുള്ള തർക്കത്ത തുടർന്നാണ് 1979 ൽ പാർട്ടി വിട്ട് കേരള കോൺഗ്രസ് ജോസഫ് എന്ന പുതിയ പാർട്ടി രൂപീകരിച്ചത്. 1985 ൽ ഐക്യ കേരള കോൺഗ്രസിന്റെ ഭാഗമായതോടെ പാർട്ടി ഇല്ലാതായി. എന്നാൽ 1987-ൽ ഐക്യ കേരള കോൺഗ്രസ് വീണ്ടും പിളരുകയും പിജെ ജോസഫ് തന്റെ കേരള കോൺഗ്രസ് ജോസഫ് എന്ന പാർട്ടി പുനഃരുജ്ജീവിപ്പിക്കുകുയം ചെയ്തു.
23 വർഷത്തിന് ശേഷം 2010 ൽ കേരള കോൺഗ്രസ് എമ്മിൽ ലയിച്ചതോടെ വീണ്ടും കേരള കോൺഗ്രസ് ജോസഫ് എന്ന പാർട്ടി ഇല്ലാതായി. പിന്നീട് മാണിയുടെ മരണത്തിന് ശേഷം ജോസ് കെ മാണിയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് കേരള കോൺഗ്രസ് എം എന്ന പേരും തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയും ജോസഫ് വിഭാഗത്തിന് നഷ്ടപ്പെട്ടു. ഇതേ തുടർന്നാണ് 10 വർഷത്തിന് ശേഷം പഴയ പാർട്ടി പുനഃരുജ്ജീവിപ്പിക്കാൻ ജോസഫ് വീണ്ടും ഒരുങ്ങുന്നത്.
മറുനാടന് മലയാളി ബ്യൂറോ