ചെന്നൈ: രാഷ്ട്രീയപ്രതിസന്ധിയെത്തുടർന്ന് ഭരണസ്തംഭനം നേരിടുന്ന തമിഴ്‌നാട്ടിൽ കേന്ദ്ര സേന ഇറങ്ങിയേക്കും. സേനയുടെ സഹായം കേന്ദ്രത്തോട് ആവശ്യപ്പെടാൻ കാവൽ മുഖ്യമന്ത്രി ഒ. പനീർശെൽവത്തിന് ഗവർണർ സി. വിദ്യാസാഗർ റാവു നിർദ്ദേശം നല്കി. എംഎൽഎമാരും മന്ത്രിമാരും ഒളിവിൽ കഴിയുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഗുരുതര ഭരണപ്രതിസന്ധി ഉടലെടുത്തതോടെയാണ് ഗവർണറുടെ നിർദ്ദേശം.

മന്ത്രിമാരുടെയും എംഎൽഎമാരുടെയും അഭാവത്തിൽ ചീഫ് സെക്രട്ടറിയും ഡിജിപിയും ചേർന്നാണ് ഭരണവും ക്രമസമാധാനവും നിയന്ത്രിക്കുന്നത്. ഇന്ന് ഗവർണർ ചീഫ് സെക്രട്ടറിയുമായും ഡിജിപിയുമായും കൂടിക്കാഴ്ച നടത്തി. തുടർന്നാണ് ആവശ്യമെങ്കിൽ കേന്ദ്രസേനയുടെ സഹായം തേടാൻ കാവൽ മുഖ്യമന്ത്രി പനീർ ശെൽവത്തിന് നിർദ്ദേശം നല്കിയത്.

അധികാരം പിടിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിസ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട ശശികല തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരെ റിസോർട്ടുകളിൽ ഒളിപ്പിച്ചിരിക്കുകയാണ്. മാദ്ധ്യമപ്രവർത്തർ അടക്കം അകത്തേക്കു പ്രവേശിക്കാതിരിക്കാൻ ഗുണ്ടകളുടെ കാവലും റിസോർട്ടുകൾക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എംഎൽഎമാർ താമസിക്കുന്ന റിസോർട്ടുകൾക്ക് മുമ്പിൽ വലിയ മാദ്ധ്യമ പടയാണ് തമ്പടിച്ചിരിക്കുന്നത്. എന്നാൽ ആരേയും റിസോർട്ടിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ല. പാർട്ടി പ്രവർത്തകരുടെ നിയന്ത്രണത്തിലാണ് റിസോർട്ട്.

എംഎൽഎമാരെവിടെയെന്നു കണ്ടെത്തി സത്യവാങ്മൂലം സമർപ്പിക്കാൻ മദ്രാസ് ഹൈക്കോടതി പൊലീസിനു നിർദ്ദേശം നൽകിയിരുന്നു. ഇതിനു പിന്നാലെ തങ്ങളെ ആരും തടഞ്ഞുവച്ചിട്ടില്ലെന്ന് വ്യക്തമാക്കി അണ്ണാഡിഎംകെ എംഎൽമാർ മാദ്ധ്യമപ്രവർത്തകർക്കു മുന്നിലെത്തി.

ആരുടെയും ഭീഷണിക്കും സമ്മർദത്തിനും വഴങ്ങിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരവും സ്വന്തം ചെലവിലുമാണ് മഹാബലിപുരത്തെ റിസോർട്ടിൽ താമസിക്കുന്നത്. ഇവിടെ 98 എംഎൽഎമാരാണ് ഉള്ളത്. ബാക്കിയുള്ളവർ ചെന്നൈയിലുണ്ട്. ഇവിടെ ആരും ഉപവസിക്കുന്നില്ല ശശികലയോട് അടുപ്പമുള്ള അഞ്ച് എംഎൽഎമാർ പറഞ്ഞു.

അതേസമയം, എംഎൽഎമാർക്ക് ഭീഷണിയുണ്ടെന്ന് അണ്ണാ ഡിഎംകെ വക്താവ് ബി.വളർമതി ആരോപിച്ചു. അതിനാലാണ് ഫോൺ ഓഫ് ചെയ്തുവച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു.

എംഎൽഎമാരെവിടെയെന്നു കണ്ടെത്തി സത്യവാങ്മൂലം സമർപ്പിക്കാൻ മദ്രാസ് ഹൈക്കോടതി പൊലീസിനു നിർദ്ദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് തങ്ങളെ ആരും തടഞ്ഞുവച്ചിട്ടില്ലെന്നു വ്യക്തമാക്കി എംഎൽഎമാർ മാദ്ധ്യമപ്രവർത്തകർക്കു മുന്നിലെത്തിയത്.

'ആരുടെയും നിർദ്ദേശപ്രകാരമല്ല, സ്വന്തം ചെലവിലാണ് ഇവിടെ കഴിയുന്നത്. ഇന്നു രാത്രിതന്നെ ഇവിടെനിന്നു തിരിച്ചുപോകും. പനീർസെൽവത്തിന്റെ നിലപാടുമാറ്റത്തിനു പിന്നിലെന്താണെന്നറിയില്ല. വി.കെ.ശശികലയെ ജനറൽ സെക്രട്ടറിയാക്കാനും മുഖ്യമന്ത്രിയാക്കാനും മുൻകൈയെടുത്തത് പനീർസെൽവമായിരുന്നു. പെട്ടെന്നുള്ള നിലപാടുമാറ്റത്തിനു പിന്നിലെന്താണെന്നറിയില്ല.'- കാട്ടുമാർകോവിൽ എംഎൽഎ മുരുകുമാരൻ പറഞ്ഞു.

ഇതിനിടെ സർക്കാർ രൂപീകരിക്കാനായി തന്നെ പിന്തുണയ്ക്കുന്നവരുടെ ഒപ്പ് ശശികല ശേഖരിച്ചത് ഭീഷണിപ്പെടുത്തിയെന്ന് പരാതിയും ഇന്ന് പൊലീസിനു ലഭിച്ചു. മുൻ എംഎൽഎ വി.പി.കലൈരാജൻ കാവൽ മുഖ്യമന്ത്രി ഒ.പനീർസെൽവത്തെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞദിവസം ശശികല വിളിച്ചുചേർത്ത എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുത്ത ഷൺമുഖനാഥൻ, അവരെ ഒളിസങ്കേതത്തിലേക്കു കൊണ്ടുപോകുന്നതിനു മുൻപ് രക്ഷപെടുകയായിരുന്നു.

അതിനിടെ, പാർട്ടി പ്രസീഡിയം ചെയർമാൻ സ്ഥാനത്തുനിന്ന് ഇ. മധുസൂദനനെ ജനറൽ സെക്രട്ടറി ശശികല നീക്കി. പകരം, കെ.എ. സെങ്കോട്ടയ്യനെ നിയമിച്ചു. ശശികല പക്ഷത്തായിരുന്ന മധുസൂദനൻ കഴിഞ്ഞ ദിവസം പനീർസെൽവത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു നടപടി. ഇതിനിടെ, ശശികലയെ പാർട്ടി ജനറൽ സെക്രട്ടറിയായി അംഗീകരിക്കരുതെന്നു കാണിച്ചു മധുസൂദനൻ തിരഞ്ഞെടുപ്പു കമ്മിഷനു കത്തെഴുതിയിട്ടുണ്ട്.