ന്യൂഡൽഹി: രാജ്യത്ത് 5 ജി സ്പെക്ട്രം ലേലം നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകി. 72097.85 മെഗാ ഹെർട്സ് സ്പെക്ട്രം ആണ് ലേലം ചെയ്യുക. 20 കൊല്ലത്തേക്കാണ് സ്പെക്ട്രം നൽകുന്നത്. ജൂലായ് അവസാനത്തോടെ ലേല നടപടികൾ പൂർത്തിയാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ടെലികമ്യൂണിക്കേഷൻസ് വകുപ്പിന്റെ നിർദേശത്തിന് അംഗീകാരം നൽകിയത്. ലേലം പൂർത്തിയായി മാസങ്ങൾക്കുള്ളിൽ തന്നെ രാജ്യത്ത് സേവനം ആരംഭിക്കുമെന്ന് സ്വകാര്യ ടെലികോം കമ്പനികൾ പ്രഖ്യാപിച്ചിട്ടുണ്ട്. റിലയൻസ് ജിയോയും, ഭാരതി എയർടെലും, വോഡഫോൺ ഐഡിയയുമാകും ലേലത്തിനെത്തുന്ന പ്രമുഖ കമ്പനികൾ.

ഈ വർഷം അവസാനത്തോടെ തന്നെ രാജ്യത്ത് 5ജി സേവനങ്ങൾ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിലുള്ള 4 ജിയേക്കാൾ 10 മടങ്ങ് വേഗതയാകും 5 ജി നൽകുക. 5ജി യാഥാർത്ഥ്യമാകുന്നതോടെ, സാങ്കേതികവിദ്യാ രംഗത്ത് പുതുവിപ്ലവത്തിന് വഴിവെക്കുമെന്നും, പുതിയ തൊഴിൽ സാധ്യതകൾ തുറക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.