- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലബാർ കലാപ നേതാക്കളെ സ്വാതന്ത്ര്യസമര പട്ടികയിൽ ഒഴിവാക്കിയ സംഭവം; അന്തിമ തീരുമാനം കൈക്കോണ്ടില്ലെന്ന് ഐസിഎച്ച്ആർ; പട്ടിക പുതുക്കുന്നതിൽ അസ്വാഭാവികതയില്ല; ഐസിഎച്ച്ആറി മേൽ ഒരു രാഷ്ട്രീയ സമ്മർദ്ദവും ഇല്ലെന്നും കൗൺസിൽ ഡയറക്ടർ
ന്യൂഡൽഹി: മലബാർ കലാപ നേതാക്കളെ സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് വിവാദങ്ങൾക്ക് വഴിവെക്കവെ പ്രതികരണവുമായി ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ രംഗത്ത്. പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കൗൺസിൽ ഡയറക്ടർ ഓം ജി ഉപാധ്യയ അറിയിച്ചു.
ചരിത്ര ഗവേഷണ കൗൺസിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പക്ഷെ ഇത് രഹസ്യമാണ്. ആരൊക്കെ മാറ്റും എന്നൊന്നും ഇപ്പോൾ പറയാനാകില്ല.റിസർച്ച്സ് പ്രൊജക്റ്റ് കമ്മിറ്റി ചേർന്ന് ശുപാർശ ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുകയുള്ളൂ.ഐസിഎച്ച്ആറി മേൽ ഒരു രാഷ്ട്രീയ സമ്മർദ്ദവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടിക പുനരവലോകനം ചെയ്യുന്നതിൽ അസ്വാഭാവികതയില്ല. അതൊരു പ്രകൃയ മാത്രമാണ്.
മലബാർ കലാപ നേതാക്കളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ ചില പരാതികൾ ലഭിച്ചിരുന്നു.അതിനാലാണ് വീണ്ടുമൊരു പഠനത്തിനായി സമിതിക്ക് വിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അലി മുസലിയാർ അടക്കം മലബാർ കലാപത്തിലെ 387 രക്തസാക്ഷികളെയാണ് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യാൻ കേന്ദ്രം തീരുമാനിച്ചത്. ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (ഐസിഎച്ച്ആർ) പുറത്തുവിട്ട നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ എൻട്രികൾ അവലോകനം ചെയ്ത മൂന്നംഗ പാനൽ 1921 ലെ കലാപം സ്വതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്ന് കണ്ടെത്തിയതായും നിഘണ്ടുവിൽ നിന്നും നീക്കം ചെയ്യാൻ ശുപാർശ ചെയ്തതായുമാണ് റിപ്പോർട്ടുകൾ.
കലാപം ഒരു ഖിലാഫത്ത് സ്ഥാപിക്കാനുള്ള ശ്രമമാണെന്ന് പാനൽ റിപ്പോർട്ടിൽ പരാമർശിക്കുന്നതായാണ് സൂചന. ആ ശ്രമം വിജയിച്ചിരുന്നെങ്കിൽ മലബാറിലും പരിസര പ്രദേശങ്ങളിലും ഒരു ഖിലാഫത്ത് സ്ഥാപിക്കപ്പെടുമായിരുന്നു. അതിന്റെ ഭാഗമായി ആ പ്രദേശം സ്വതന്ത്ര ഇന്ത്യക്ക് നഷ്ടപ്പെടുമായിരുന്നെന്നും ഐസിഎച്ച്ആർ വൃത്തങ്ങൾ സൂചിപ്പിച്ചു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു ശരീഅത്ത് കോടതി സ്ഥാപിക്കുകയും ധാരാളം ഹിന്ദുക്കളുടെ ശിരഛേദം ചെയ്യുകയും ചെയ്ത കലാപകാരിയാണെന്ന് പാനൽ നിരീക്ഷിച്ചു. മതേതര മുസ്ലീങ്ങളെ പോലും കലാപകാരികൾ വെറുതെ വിട്ടില്ല. കലാപകാരികളാൽ അന്ന് മരിച്ചവരിലേറെയും അമുസ്ലീങ്ങളായിരുന്നു. മാത്രമല്ല വിചാരണയ്ക്ക് വിധേയരായ തടവുകാരായ 'മാപ്പിള കലാപകാരികൾ' കോളറ പോലുള്ള പകർച്ചവ്യാധികൾ പിടിപെട്ടാണ് മരണമടഞ്ഞത്. അതിനാൽ അവരെ രക്തസാക്ഷികളായി കണക്കാക്കാനാവില്ല. അവരിൽ വിരലിലെണ്ണാവുന്നവരെ മാത്രമാണ് കോടതി വിചാരണയ്ക്ക് ശേഷം സർക്കാർ വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്നുമാണ് പാനലിന്റെ നിരീക്ഷണം.
അതേസമയം ഐസിഎച്ച്ആറിന്റെ നീക്കത്തിനെതിരെ മുസ്ലിംലീഗ് രംഗത്തെത്തിയിരുന്നു. ചരിത്രത്തെ വളച്ചൊടിക്കരുതെന്നും ഇത് യുവ തലമുറയോട് ചെയ്യുന്ന നീതി കേടാണെന്നും ലീഗ് നേതൃത്വം പ്രതികരിച്ചു. ഈ വിഷയത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി എന്നിവർ മാധ്യമങ്ങളെ കണ്ടാണ് പ്രതികരണം അറിയിച്ചത്.
ചരിത്ര നേതാക്കളോട് നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.'രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് രകത്സാക്ഷികളായവരാണ് മലബാർ കലാപ നേതാക്കൾ. സ്വത്തും സമ്പാദ്യവുമെല്ലാം രാജ്യത്തിന് വേണ്ടി ബലിയർപ്പിച്ചവരാണ് അവർ. അവരോട് നന്ദി കാണിക്കുക എന്നതാണ് രാജ്യം ചെയ്യേണ്ടത്. ഇനി നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുതെന്നാണ് എനിക്കവരോട് പറയാനുള്ളത്. മലബാർ സമരം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്ന് എല്ലാവരും അംഗീകരിച്ചതാണ്. ചരിത്രവുമായി ബന്ധപ്പെട്ടവരെല്ലാം തന്നെ അത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞിട്ടുണ്ട്.
കേന്ദ്ര സർക്കാർ ചരിത്രം തേച്ചു മാച്ചു കളയാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്നു. ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ, ഇന്ത്യയുടെ ശിൽപ്പിയായ ജവഹർ ലാൽ നെഹ്റുവിന്റെയൊക്കെ പേരുകൾ പുരസ്കാരങ്ങളിൽ നിന്നെടുത്തു മാറ്റുന്നു. അവരുടെയൊക്കെ പേരുകളിലുള്ള പദ്ധതികൾ മരവിപ്പിക്കുന്നു. ചരിത്രത്തെ വക്രീകരിക്കാനുള്ള ശ്രമമാണിത്. എത്രയൊക്കെ വക്രീകരിച്ചാലും ചരിത്രം ചരിത്രമായി നിലനിൽക്കും. സത്യസന്ധമായി ചരിത്രത്തിലൂടെ സംവദിക്കുമ്പോഴാണ് തലമുറകളോട് നീതി കാണിക്കുന്നത്. ഇപ്പോൾ വരുന്ന തലമുറയോട് അനീതി കാണിക്കുകയാണ്'- സാദിഖലി വ്യക്തമാക്കി.
ചരിത്ര പുരുഷന്മാർ ജീവിക്കുന്നത് ജനഹൃദയങ്ങളിലാണെന്നും രേഖകളിലല്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ബിജെപിയുടെ അജണ്ടയാണിത്. സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രയും വർഷമായിട്ട് ഇതുവരെ ആർക്കും സംശയമില്ലാത്ത കാര്യങ്ങളിലാണ് കേന്ദ്ര സർക്കാരിന് സംശയം വന്നിരിക്കുന്നത്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കാര്യത്തിൽ മാത്രമല്ല പലരിലും ഇപ്പോൾ കേന്ദ്ര സർക്കാരിന് സംശയമാണ്. ഉത്തരേന്ത്യയിൽ ഓരോ നഗരങ്ങളുടെ പേരുകൾ മാറ്റി വരികയാണ്. താജ്മഹൽ പോലും അവർക്ക് സംശയമാണ്. ചരിത്രത്തെ തലകുത്തനെ നിർത്താനുള്ള ശ്രമത്തെ ഇന്ത്യയെന്നല്ല ലോകം അംഗീകരിക്കില്ല. ലോകത്തിലെ തന്നെ വലിയ അത്ഭുതമായ താജ്മഹലിനെ അംഗീകരിക്കാൻ ബോധമില്ലാത്തവരോട് പിന്നെ എന്തു പറയാനാണ്. അതു പോലെ തന്നെയാണ് വാരിയം കുന്നത്തിനെക്കുറിച്ച് പറയുന്നത്.
ബ്രിട്ടീഷുകാരോടാണ് അദ്ദേഹം പോരാടിയത്. ആർക്കാണ് അത് അറിയാത്തത്. ചരിത്രത്തെ മാറ്റിമറിക്കാൻ കേന്ദ്ര ഗവൺമെന്റിന് കഴിയില്ല. ചരിത്ര പുരുഷന്മാർ ജീവിക്കുന്നത് ജനഹൃദയങ്ങളിലാണ്. രേഖകളിലല്ല. അവർ എന്ത് രേഖ തിരുത്തിയാലും ഈ സംഭവം മായാനും മറയാനും പോവുന്നില്ല. പാർലമെന്റ്ിലും പുറത്തുമായി വലിയ പ്രതിഷേധങ്ങൾ ഉണ്ടാവും'- കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ