ന്യൂഡൽഹി: തന്ത്രപ്രധാന സ്ഥാപനങ്ങളിൽ നിന്നും വിരമിക്കുന്നവർക്ക് ഇനി ഇഷ്ടം പോലെ പുസ്തമെഴുതാൻ കഴിയില്ല. അണിയറയിലെ രഹസ്യങ്ങൾ പുറത്തുവരാതിരിക്കാൻ പെൻഷൻ നിയമങ്ങൾ പുതുക്കി കേന്ദ്ര ഗവൺമെന്റ്. വിരമിച്ച ഉദ്യോഗസ്ഥരുടെ കുറിപ്പുകൾ സർക്കാരിന് തലവേദനയായതോടെയാണ് നിയമഭേദഗതി നടത്താൻ സർക്കാർ തീരുമാനിച്ചത്.

മുൻ ഡിജിപിമാരായ ഡോ. ജേക്കബ്ബ് തോമസിന്റെയും സെൻ കുമാറിന്റെയും സർവീസ് സ്റ്റോറികളും ഐഎസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ആത്മകഥയുമൊക്കെ കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച പുസ്തകങ്ങളായിരുന്നു. ജേക്കബ് തോമസിന്റെ പുസ്തകത്തിന്റെ പേരിൽ സർവീസ് ചട്ടപ്രകാരം അന്നത്തെ സർക്കാർ നടപടി എടുത്തതും ഏറെ വിവാദമായി. അത് രാഷ്ട്രീയ ആയുധമായി ഉപയോഗിച്ച ബിജെപി ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ സ്ഥാനാർത്ഥിയുമാക്കി. എന്നാൽ അതുപോലെ ഇനിയാർക്കും പുസ്തകമെഴുതാൻ കഴിയാത്തവിധമാണ് 1972 ലെ സെൻട്രൽ സിവിൽ സർവീസസ് (പെൻഷൻ) ചട്ടത്തിന്റെ റൂൾ 8 കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തിട്ടുള്ളത്.

സർവീസിലിരിക്കുന്ന ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരസ്യപ്പെടുത്തുന്നതിന് നിലവിലെ നിയമപ്രകാരം മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്. സർവീസുമായി ബന്ധപ്പെട്ട പുസ്തകങ്ങളും രചനകളും പ്രസിദ്ധീകരിക്കുന്നതും ആ പരിധിയിൽ വരുന്നതാണ്. സർവീസിൽ നിന്ന് വിരമിച്ചവർക്ക് ആ നിയമം ബാധകമായിരുന്നില്ല. എന്നാൽ വിരമിച്ചവർക്കും അത് ബാധകമാക്കിക്കൊണ്ടാണ് പുതിയ നിയമ ഭേദഗതി.

പുതുക്കിയ ചട്ടമനുസരിച്ച് രാജ്യത്തിന്റെ സുരക്ഷാ/രഹസ്യാന്വേഷണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഏതു തരത്തിലുള്ള വിവരമോ മറ്റു സംഗതികളോ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് കാര്യക്ഷമവും സൂക്ഷ്മവുമായ പരിശോധനയ്ക്ക് വിധേയമാക്കുകയും യോഗ്യമായ കേന്ദ്രത്തിൽ നിന്ന് അനുമതി നേടുകയും വേണം. പ്രസ്തുത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തന്റെ അറിവിൽ പെടുന്ന കാര്യങ്ങൾ മുൻകൂർ അനുമതിയില്ലാതെ സേവനകാലത്തോ വിരമിച്ച ശേഷമോ ഒരു തരത്തിലും പ്രസിദ്ധപ്പെടുത്തില്ലെന്ന സത്യവാങ് മൂലം ഉദ്യോഗസ്ഥർ നൽകണമെന്നാണ് റൂൾ 8 വ്യവസ്ഥ ചെയ്യുന്നത്.

പെരുമാറ്റചട്ടം, പെൻഷൻ ചട്ടം, ഔദ്യോഗികരഹസ്യങ്ങളോ രാജ്യസുരക്ഷയുമായോ ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന നിയമങ്ങൾ, ഇന്റലിജൻസ് ഓർഗനൈസേഷൻ (റെസ്ട്രിക്ഷൻ ഓഫ് റൈറ്റ്സ്) ആക്ട്(1985) എന്നിവ അടിസ്ഥാനമാക്കി ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്രസർക്കാരിന് നടപടി സ്വീകരിക്കാനുമാവും.

ഐ.ബി, റോ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും വിരമിക്കുന്നവരെയാണ് പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് നിയമം പറയുന്നുണ്ടെങ്കിലും സിവിൽ സർവീസ് ഉദ്യോഗസ്ഥർ അടക്കമുള്ള തന്ത്രപ്രധാന തസ്തികകളിൽ നിന്നും വിരമിച്ച എല്ലാവർക്കും നിയമം ബാധകമാകും. രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച വിഷയങ്ങളിൽ രഹസ്യാത്മകത ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ചട്ടത്തിൽ ഭേദഗതി വരുത്തിയിട്ടുള്ളതെന്നാണ് ഔദ്യോഗിക വിശദീകരണം. മുമ്പ് വിരമിച്ച ഉദ്യോഗസ്ഥരുടെ പുസ്തകങ്ങളും ലേഖനങ്ങളും വിവാദങ്ങളായ പശ്ചാത്തലത്തിലാണ് പുതിയ ഭേദഗതിയുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. അങ്ങനെ നിയമം ലംഘിക്കുന്നവരുടെ പെൻഷൻ പൂർണമായും ഭാഗികമായും റദ്ദ് ചെയ്യാൻ സർക്കാരിന് അധികാരമുണ്ട്. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം എന്നിവയെ ബാധിക്കുന്ന വിവരങ്ങൾക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

ഉദ്യോഗസ്ഥർ ഒപ്പിട്ടുനൽകേണ്ട ഫോം 26 ലും ഇതനുസരിച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സർവീസിലിരിക്കുമ്പോളും വിരമിച്ച ശേഷവും ആ സ്ഥാപനത്തിന്റെ പരിധിയിൽ വരുന്ന വിവരങ്ങൾ പുറത്തുവിടില്ല എന്ന ഉറപ്പും ഫോം 26 ൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇനി മുതൽ വിരമിച്ച ശേഷവും പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ സർവ്വീസിലുള്ളപ്പോൾ എന്നതുപോലെ മേലധികാരികളെ കാണിച്ച് അനുമതി വാങ്ങേണ്ടതുണ്ടെന്നാണ് പുതിയ നിയമം പറയുന്നത്.