ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഡിപിആർ തയാറാക്കാനും സാമ്പത്തിക വശങ്ങൾ പരിശോധിക്കാനുമാണ് അനുമതി. സാങ്കേതിക കാര്യങ്ങൾക്കൊപ്പം വായ്പാ ബാധ്യതകൂടി പരിശോധിച്ചേ അനുമതി നൽകൂ എന്നും അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കി.

അതേസമയം, കേരളത്തിലെ റെയിൽവേ വികസനത്തിന് പദ്ധതി തടസമാകുമെന്ന് റെയിൽവേ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ഭാവിയിൽ കേരളത്തിൽ പാതയുടെ എണ്ണം കൂട്ടി റെയിൽ വികസനം സാധ്യമാക്കാനാകില്ല. നിലവിലുള്ള റെയിൽവെ പാതയ്ക്ക് സമാന്തരമായിട്ടാണ് സിൽവർ ലൈൻ കടന്നുപോകുന്നത്. റെയിൽവേ വികസനത്തിന് വേണ്ടി സ്ഥലമേറ്റെടുക്കേണ്ടി വരുമ്പോൾ സ്ഥലം ലഭ്യമാകാത്ത സാഹചര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കൂടാതെ പദ്ധതിയുടെ സാമ്പത്തികലാഭത്തിൽ കേന്ദ്രസർക്കാർ സംശയം പ്രകടിപ്പിച്ചു. കെ റെയിൽ കോർപ്പേറഷൻ സംസ്ഥാനത്തിനും റെയിൽവയ്ക്കും തുല്യപങ്കാളിത്തമുള്ള ഒരു കമ്പനിയാണ്. പദ്ധതി സാമ്പത്തികപരമായി ലാഭമായിട്ടില്ലെങ്കിൽ ഈ വായ്പകളുടെ കടബാധ്യത റെയിൽവെക്ക് കൂടി വന്നുചേരാനുള്ള സാധ്യത ഉണ്ടാകും. സംസ്ഥാന സർക്കാർ പ്രതീക്ഷിച്ചത്ര യാത്രക്കാർ ഉണ്ടായിട്ടില്ലെങ്കിൽ ഈ പദ്ധതി സാമ്പത്തികമായി ലാഭം ഉണ്ടാക്കുന്ന കാര്യത്തിൽ സർക്കാർ സംശയം പ്രകടിപ്പിക്കുന്നു

അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി, ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സർവെ എന്നിവയ്ക്ക് കേന്ദ്രം അനുമതി നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു