ന്യൂഡൽഹി: പ്രവാസികൾക്ക് ഇലക്ട്രോണിക്ക് വോട്ടോ പ്രോക്‌സി വോട്ടോ അനുവദിക്കാമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇതിനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഇക്കാര്യത്തിൽ തീരുമാനം രണ്ട് മാസത്തിനകം അറിയിക്കാൻ സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മറ്റ് മന്ത്രാലയവുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കുമെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

ചീഫ് ജസ്റ്റിസ് എച്ച്. എൽ. ദത്തു, ജസ്റ്റിസ് എ. കെ. സിക്രി എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പ്രോക്‌സി വോട്ട് അല്ലെങ്കിൽ ഭാഗികമായി ഇലക്‌ട്രോണിക് സംവിധാനത്തിലുള്ള തപാൽ വോട്ട് എന്നിവ അനുവദിക്കാവുന്നതാണെന്ന് കോടതിക്കു നൽകിയ റിപ്പോർട്ടിൽ തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കിയിരുന്നു.

ഹർജി പരിഗണിച്ചപ്പോൾ തന്നെ പ്രവാസി വോട്ട് യാഥാർഥ്യമാക്കാൻ സാവകാശം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് എട്ടാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. എന്നാൽ തീരുമാനം വൈകിക്കാനുള്ള തന്ത്രമാണ് ഇതെന്ന് ഹർജിക്കാരൻ വ്യക്തമാക്കി. ഇതോടെയാണ് രണ്ട് മാസത്തിനുള്ളിൽ തീരുമാനം എടുക്കാൻ കോടതി നിർദ്ദേശിച്ചത്. ഇ-പോസ്റ്റൽ ബാലറ്റും പ്രതിനിധി വോട്ടും വഴി പ്രവാസികൾക്ക് അവർ ജോലി ചെയ്യുന്ന രാജ്യത്ത് തന്നെ വോട്ടുചെയ്യാൻ സൗകര്യം ഒരുക്കാമെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചത്. യു.എ.ഇയിലെ പ്രവാസി വ്യവസായി ഡോ. ഷംസീർ വയലിൽ നൽകിയ പൊതുതാൽപര്യ ഹർജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളത്.

എന്നാൽ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ പ്രവാസി വോട്ടെടുപ്പ് പ്രായോഗികമായി നടപ്പാക്കുന്നത് സംബന്ധിച്ച് ഭിന്നതയുണ്ട്. ഇതിനലാണ് വോട്ടിങ്ങ് രീതിയിൽ തീരുമാനം വൈകുന്നത്. പ്രവാസികൾക്ക് വോട്ടവകാശം വേണമെന്ന് ആവശ്യപ്പെട്ട മിക്ക ദേശീയപാർട്ടികളും ഓൺലൈൻ വോട്ട് ഏർപ്പെടുത്തുന്നതിനെ എതിർക്കുകയാണ്. ബിജെപി പ്രോക്‌സി വോട്ട് ആകാമെന്ന് നിർദ്ദേശിച്ചപ്പോൾ പ്രവാസികൾക്ക് വിദേശങ്ങളിലെ സ്ഥാനപതി കാര്യാലയങ്ങളിൽ വോട്ട് ചെയ്യാൻ അവസരമൊരുക്കണമെന്ന നിർദ്ദേശമാണ് കോൺഗ്രസ് മുന്നോട്ടുവെയ്ക്കുന്നത്.

പ്രവാസികൾക്ക് അവർ ജോലിചെയ്യുന്ന രാജ്യത്ത് വോട്ടുചെയ്യാനുള്ള വഴികൾ ആരായണമെന്ന് സുപ്രീംകോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്ന കാര്യത്തിൽ വിദേശ രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്ഥർക്കും പ്രവാസികൾക്കും ഇടയിൽ വ്യത്യാസം കൽപിക്കുന്നതെന്തിനാണെന്നും സുപ്രീംകോടതി ചോദിച്ചിരുന്നു. സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്ന് വിഷയം പഠിക്കാൻ രൂപവത്കരിച്ച കേന്ദ്ര സമിതിക്ക് മുമ്പാകെയാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ പല നിലപാടുകൾ വ്യക്തമാക്കിയത്.

ഓൺലൈൻ സംവിധാനത്തിലൂടെ വോട്ട് അനുവദിക്കുന്നത് ക്രമക്കേടുകൾക്കു വഴിവെക്കുമെന്നും പ്രവാസി ഇന്ത്യക്കാർക്ക് ഇന്ത്യയിൽ പകരക്കാരെ ഉപയോഗിച്ച് (പ്രോക്‌സി) വോട്ട് ചെയ്യാൻ സൗകര്യമേർപ്പെടുത്തുന്ന കാര്യമാണ് ആലോചിക്കേണ്ടതെന്ന നിലപാടിലാണ് ബിജെപി. ഓൺലൈൻ വോട്ട് പ്രശ്‌നങ്ങൾക്കു വഴിവെക്കുമെന്ന് അഭിപ്രായപ്പെട്ട ഇടതുപാർട്ടികൾ തൽസ്ഥിതി തുടരുന്നതാണ് ഉചിതമെന്ന നിലപാട് സ്വീകരിച്ചു.

ഇന്റർനെറ്റിലൂടെ വോട്ട് ചെയ്യാൻ അനുവദിക്കുന്നത് സുരക്ഷിതമാവില്ലെന്നു തെരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. വോട്ടെടുപ്പ് സൈറ്റുകളിൽ നുഴഞ്ഞുകയറ്റങ്ങൾക്കും വൈറസ് ബാധയ്ക്കും സാധ്യതയുണ്ട്. സോഫ്റ്റ്‌വെയറിന്റെ പ്രശ്‌നങ്ങളുമുണ്ടാവും. ഇന്ത്യയിൽ നിലവിൽ സൈനികർക്ക് പ്രോക്‌സി വോട്ട് സൗകര്യമുണ്ട്. ആരായിരിക്കും തന്റെ വോട്ടു ചെയ്യുകയെന്ന് സൈനികൻ നേരത്തെ വ്യക്തമാക്കുകയാണ് രീതി. യഥാർഥ വോട്ടർ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിക്കു തന്നെയാണോ പകരക്കാർ വോട്ട് ചെയ്തത് എന്നറിയാൻ കഴിയില്ല എന്നതാണ് ഇതിന്റെ പരിമിതി.

നിലവിൽ വോട്ടർപ്പട്ടികയിൽ പ്രവാസികളുടെ പേര് ചേർക്കുന്നുണ്ട്. നാട്ടിലുണ്ടെങ്കിൽ മാത്രമേ ഇവർക്ക് വോട്ട് ചെയ്യാൻ കഴിയൂ. 2010ൽ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് പ്രവാസികൾക്ക് വോട്ടവകാശം അനുവദിച്ചെങ്കിലും ഇത് ഓൺലൈനിലുടെ വോട്ടർപട്ടികയിൽ പേർ ചേർക്കാനുള്ള അവസരം മാത്രമായിരുന്നു. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പൊതു താൽപ്പര്യ ഹർജി നൽകിയത്.