- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
പഞ്ചാബിലെ 20 ലക്ഷം കർഷകരെയും 20 ലക്ഷത്തോളം കർഷക തൊഴിലാളികളെയും ബാധിക്കുന്ന നിയമങ്ങൾ പാസാക്കുന്നതിന് കൂട്ടുനിൽക്കാൻ വയ്യ; പാർലമെന്റിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച മൂന്നു കാർഷിക ബില്ലുകൾ കർഷക വിരുദ്ധമെന്ന് ആരോപണം; കേന്ദ്രമന്ത്രി ഹർസിമ്രത്ത് കൗർ ബാദൽ രാജി വച്ചു; കർഷകരുടെ മകളും സഹോദരിയുമായി നിലകൊള്ളാൻ കഴിഞ്ഞതിൽ അഭിമാനമെന്ന് ഹർസിമ്രത് കൗർ; ശിരോമണി അകാലിദൾ മോദി സർക്കാരിന് പിന്തുണ തുടരുമെങ്കിലും രാജി വലിയ തിരിച്ചടി
ന്യൂഡൽഹി: പാർലമെന്റിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച മൂന്നു കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രി ഹർസിമ്രത്ത് കൗർ ബാദൽ രാജി വച്ചു. മോദി സർക്കാരിന് ഇത് വലിയ തിരിച്ചടിയായി. കർഷകവിരുദ്ധ ഓർഡിനൻസുകളിലും ബില്ലുകളിലും പ്രതിഷേധിച്ചാണ് തന്റെ രാജി. കർഷകരുടെ മകളും സഹോദരിയും മകളുമായി നിലകൊള്ളാൻ കഴിഞ്ഞതിൽ അഭിമാനം.-ഹർസിമ്രത്ത് കൗർ പറഞ്ഞു.
ശിരോമണി അകാദിലൾ ബില്ലുകളെ ശക്തമായി വിമർശിച്ചിരുന്നു. നേരത്തെ പാർട്ടി തലവൻ സുഖ്ബീർ സിങ് ബാദൽ, ഹർസിമ്രത്ത് രാജി വയ്ക്കുമെന്ന് ലോക്‌സഭയിൽ പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ സർക്കാരുകളും കർഷകരും 50 വർഷമായി കാർഷിക മേഖലയെ പടുത്തുയർത്താൻ സ്വീകരിച്ച പരിശ്രമങ്ങളെല്ലാം നിയുക്ത നിയമങ്ങൾ തകർക്കും, സുഖ്ബിന്ദർ സിങ് ബാദൽ പറഞ്ഞു. ഹർസിമ്രത് കൗർ ബാദലിന്റെ ഭർത്താവുകൂടിയായ സുഖ്ബീർ സിങ് ബാദൽ ആണ് രാജിക്കാര്യം ആദ്യം പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ഹർസിമ്രത് കൗർ രാജിവയ്ക്കുകയായിരുന്നു.
ശിരോമണി അകാലിദൾ കേന്ദ്ര സർക്കാരിനെയും ബിജെപിയെയും പിന്തുണയ്ക്കുന്നതു തുടരുമെന്നും എന്നാൽ 'കർഷക വിരുദ്ധ രാഷ്ട്രീയത്തെ' എതിർക്കുമെന്നും സുഖ്ബീർ ബാദൽ പറഞ്ഞു. കാർഷിക മേഖലയിലെ വലിയ പരിഷ്‌കരണമാണെന്നു ബിജെപി അവകാശപ്പെടുന്ന ബില്ലുകളെച്ചൊല്ലിയാണു കേന്ദ്രമന്ത്രി രാജിവച്ചത് എന്നതു ശ്രദ്ധേയമാണ്. ബില്ലിൽ പ്രതിഷേധിച്ചു പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ സമരത്തിലാണ്.
തുടക്കത്തിൽ പുതിയ നിയമങ്ങളെ പിന്തുണച്ച ശിരോമണി അകാലിദൾ, സംസ്ഥാനത്ത് ഉണ്ടായേക്കാവുന്ന രാഷ്ട്രീയമായ പ്രതിച്ഛായാ നഷ്ടം ഓർത്താണു കേന്ദ്രമന്ത്രിസഭയിൽനിന്നു മാറിനിൽക്കാൻ തീരുമാനിച്ചത്. കേന്ദ്ര സർക്കാരിനോട് അഭിപ്രായം അറിയിച്ചെങ്കിലും ബിജെപി ഉറച്ചുനിന്നതോടെ ബില്ലുകൾക്കുള്ള പിന്തുണ പിൻവലിക്കാനും പാർലമെന്റിൽ എതിർത്തു വോട്ടുചെയ്യാനും പാർട്ടി തീരുമാനിച്ചു. ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊരാളാണു ശിരോമണി അകാലിദൾ. ഹർസിമ്രതും സുഖ്ബിർ ബാദലും മാത്രമാണ് ലോക്സഭയിലെ അകാലിദൾ അംഗങ്ങൾ.
ബില്ലിനെ എതിർക്കുമ്പോഴും ബിജെപിക്കുള്ള പിന്തുണ തുടരുമെന്ന് അകാലിദൾ പറയുന്നു. ലോക്സഭയിൽ ബില്ലിനെതിരെ വോട്ട് ചെയ്യാനാണ് അകാലിദൾ തീരുമാനം.കേന്ദ്രസർക്കാർ കൊണ്ടുവന്ന ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് ബിൽ, ഫാർമേഴ്സ് എഗ്രിമെന്റ് ഓൺ പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സെർവീസ് ബിൽ എന്നിവയ്ക്കെതിരെയാണ് നിലവിൽ പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിൽ പ്രതിഷേധം നടക്കുന്നത്. ഇത് നടപ്പിലായാൽ നിലവിലുള്ള മിനിമം താങ്ങുവില സമ്പ്രദായം ഇല്ലാതാകുമെന്നതാണ് പ്രതിഷേധത്തിന് കാരണം.
പുതിയ മൂന്നുനിയമങ്ങളും പഞ്ചാബിലെ 20 ലക്ഷം കർഷകരെയും 20 ലക്ഷത്തോളം കർഷക തൊഴിലാളികളെയും ബാധിക്കുമെന്നാണ് ശിരോമണി അകാലിദളിന്റെ വാദം. രാജ്യത്തിന് ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങളിൽ 50 ശതമാനത്തിനടുത്ത് ഉത്പാദിപ്പിക്കുന്നത് പഞ്ചാബാണെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് ഡെസ്ക്