- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഷീൽഡിന് 780 രൂപ; കോവാക്സിന് 1410; സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ നിരക്ക് നിശ്ചയിച്ച് കേന്ദ്രം; കേന്ദ്രസർക്കാർ നടപടി സ്വകാര്യ ആശുപത്രികൾ വാക്സിന് വില കൂട്ടി ലാഭമുണ്ടാക്കുന്നുവെന്ന ആരോപണത്തെ തുടർന്ന്; വാക്സിനേഷന് 150 രൂപയിൽ കൂടുതൽ സർവീസ് ചാർജ് ഈടാക്കരുതെന്നും നിർദ്ദേശം; സ്വകാര്യ ആശുപത്രികളിലെ നിരീക്ഷണച്ചുമതല സംസ്ഥാന സർക്കാരുകൾക്ക്
ന്യൂഡൽഹി: കോവിഡ് വാക്സിൻ നൽകുന്നതിന് സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാൻ സാധിക്കുന്ന പരമാവധി വിലയുടെ കാര്യത്തിൽ തീരുമാനമെടുത്ത് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച ഉത്തരവും കേന്ദ്രസർക്കാർ പുറത്തിറക്കി.കോവിഷീൽഡിന് 780 രൂപയും കൊവാക്സിന് 1410 രൂപയും സ്പുട്നിക് 5 വാക്സിന് 1145 രൂപയുമാണ് രാജ്യത്തെ സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാൻ സാധിക്കുക.നികുതിയും ആശുപത്രികളുടെ 150 രൂപ സർവീസ് ചാർജും ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് ഈ നിരക്ക്. 150 രൂപയിൽ കൂടുതൽ സർവീസ് ചാർജായി വാങ്ങാൻ ആശുപത്രികളെ അനുവദിക്കരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്.
സ്വകാര്യ ആശുപത്രികളെ സംസ്ഥാനങ്ങൾ നിരന്തരം നിരീക്ഷിക്കണമെന്നും കൂടുതൽ പണം സർവീസ് ചാർജായി വാങ്ങുന്ന ആശുപത്രികൾക്കെതിരെ കർശന ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.സ്വകാര്യ ആശുപത്രികൾ വാക്സിന് വില കൂട്ടി വിൽപ്പന നടത്തി ലാഭമുണ്ടാക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് കേന്ദ്രസർക്കാർ നടപടി. വാക്സിൻ വില നിയന്ത്രിക്കുന്നതിനും രാജ്യത്ത് വാക്സിൻ വിതരണം വേഗത്തിലാക്കുന്നതിനും വേണ്ടി കൂടിയാണ് കേന്ദ്ര സർക്കാർ ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്നാണ് വിവരം. സർക്കാർ സ്ഥാപനങ്ങൾ വഴി ലഭിക്കുന്ന വാക്സിൻ സൗജന്യമായാകും ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.ഈ മാസം 21 മുതലാണ് സൗജന്യ വാക്സിനേഷൻ തുടങ്ങുക
പല സംസ്ഥാനങ്ങളിലും വിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നതിനിടെ രാജ്യത്ത് ഓഗസ്റ്റ് മുതൽ 44 കോടി കോവിഡ് വാക്സീൻ ലഭ്യമാക്കുമെന്നും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഓഗസ്റ്റിനും ഡിസംബറിനും ഇടയിൽ ഇവയുടെ വിതരണം പൂർത്തിയാക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.25 കോടി ഡോസ് കോവിഷീൽഡിനും 19 കോടി ഡോസ് കോവാക്സിനുമുള്ള ഓർഡറുകൾ നൽകിക്കഴിഞ്ഞെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ വാക്സീൻനയം പ്രഖ്യാപിച്ചതിനു പിന്നാലെയാണു തീരുമാനം. സംസ്ഥാനങ്ങൾക്കുള്ള വാക്സീൻ കേന്ദ്രം വാങ്ങി നൽകുന്നതാണു പുതിയ നയം. ഹൈദരാബാദിൽ സാങ്കേതിക പരീക്ഷണം പുരോഗമിക്കുന്ന 30 കോടി ഡോസ് കോവിഡ് വാക്സീൻ ബുക്ക് ചെയ്തതായി കേന്ദ്ര സർക്കാർ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.പുതിയ പദ്ധതിക്ക് 50,000 കോടി രൂപ ചെലവാകുമെന്നും ഇതിനുള്ള തുക കേന്ദ്ര സർക്കാരിന്റെ പക്കലുണ്ടെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു. കോവിഡ് രണ്ടാം തരംഗത്തിൽ വാക്സീൻ വിതരണം മന്ദഗതിയിലായതു രാജ്യത്തു ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. വാക്സീൻ സംഭരണം സംബന്ധിച്ച് ഒട്ടേറെ വിവാദങ്ങളും ഉണ്ടായി. കേന്ദ്ര സർക്കാരിന്റെ വാക്സീൻ നയത്തെ സുപ്രീം കോടതി വിമർശിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴാണ് കേന്ദ്രം വാക്സിൻ നയം തിരുത്തിയതായി പ്രധാമന്ത്രി പ്രഖ്യാപിച്ചത്.വാക്സീന്റെ സംഭരണം പൂർണമായി ഇനി കേന്ദ്ര സർക്കാരിനു കീഴിലായിരിക്കും. വിദേശത്ത് നിന്ന് കേന്ദ്രസർക്കാർ നേരിട്ട് വാക്സിൻ വാങ്ങി സംസ്ഥാനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വാക്സീൻ സംഭരണത്തിനുള്ള മാർഗരേഖ രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തിറക്കും. സ്വകാര്യ ആശുപത്രികളിൽ നിന്ന് പണം നൽകി വാക്സീൻ സ്വീകരിക്കാം. രാജ്യത്ത് പുതുതായി രണ്ട് വാക്സീൻ കൂടി വരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിലവിൽ ഏഴ് കമ്പനികൾ വാക്സീനുകൾ നിർമ്മിക്കുന്നുണ്ട്. നേസൽ വാക്സീൻ - മൂക്കിലൂടെ നൽകുന്ന വാക്സീനും വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ