ന്യൂഡൽഹി: ബോക്‌സിങ് താരം സരിതാദേവിയെ ആജീവനാന്തം വിലക്കാനുള്ള അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്റെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്രകായിക മന്ത്രി സർബാനന്ദ സൊനോവാൾ. ബോക്‌സിങ് ഇന്ത്യയുമായി സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ ഇക്കാര്യം കൂടിയാലോചിക്കണമെന്നും മന്ത്രി പറഞ്ഞു. ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ വെങ്കലമെഡൽ തിരിച്ചു നൽകിയ സരിതാ ദേവിയെ ആജീവനാന്തം ബോക്‌സിംഗിൽ നിന്ന് വിലക്കാനുള്ള അസോസിയേഷന്റെ തീരുമാനത്തിനെതിരെയാണ് മന്ത്രി രംഗത്ത് വന്നത്.

ഇഞ്ചിയോൺ സംഭവത്തിനുശേഷം സരിതാ ദേവിയെ അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷൻ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതേതുടർന്ന് സരിതാദേവി നൽകിയ മാപ്പപേക്ഷ ബോക്‌സിങ് അസോസിയേഷൻ തള്ളി. സരിതാദേവിയുടെ മാപ്പപേക്ഷ പരിഗണിക്കാനാവില്ലെന്നും കടുത്ത നടപടിയെടുക്കേണ്ടി വരുമെന്നും അന്താരാഷ്ട്ര അസോസിയേഷൻ വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് സരിതക്കെതിരായ ആജീവനാന്ത വിലക്കിന് കളമൊരുങ്ങിയത്.