- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രാജ്യത്ത് 415 പേർക്ക് ഓമിക്രോൺ; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ആശങ്കയായി കേരളവും മിസോറമും; പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം എത്തും; പഞ്ചാബും ഉത്തർപ്രദേശും പട്ടികയിൽ; തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി: രാജ്യത്ത് ഓമിക്രോൺ വ്യാപനത്തിൽ ആശങ്കയേറുന്നു. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വ്യാപനം വർധിച്ച കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങളിൽ കേന്ദ്രസംഘം വരുംദിവസങ്ങളിൽ സന്ദർശനം നടത്തും. കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമ ബംഗാൾ, മിസോറം, കർണാടക, ഉത്തർപ്രദേശ്, ജാർഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കായിരിക്കും കേന്ദ്രസംഘം എത്തുക.
17 സംസ്ഥാനങ്ങളിലായി രാജ്യത്ത് നിലവിൽ 415 ഓമിക്രോൺ രോഗികളുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 108 പേരാണ് മഹാരാഷ്ട്രയിൽ ഓമിക്രോൺ ചികിത്സയിലുള്ളത്. 79 കേസുകൾ റിപ്പോർട്ട് ചെയ്ത ഡൽഹിയാണ് പിന്നിൽ. കേരളത്തിൽ 37 ഓമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അഞ്ചാം സ്ഥാനത്താണ് കേരളം.
കോവിഡ് കേസുകൾ കൂടി നിൽക്കുകയും പരിശോധനയിൽ വീഴ്ച സംഭവിക്കുകയും ചെയ്ത സംസ്ഥാനങ്ങളിലേക്കാണു കേന്ദ്ര സംഘത്തെ അയയ്ക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.മൂന്ന് ദിവസത്തിനുള്ളിൽ കേന്ദ്ര സംഘങ്ങൾ വിവിധ സംസ്ഥാനങ്ങളിലെത്തും. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 7,189 പേർക്കാണ്.
സംസ്ഥാനങ്ങളിൽ മൂന്നു മുതൽ അഞ്ചു ദിവസം വരെ തുടരുന്ന സംഘങ്ങൾ സർക്കാരുകളുമായി സഹകരിച്ച് പരിശോധന, നിരീക്ഷണം തുടങ്ങി കോവിഡ് നിയന്ത്രണ സംവിധാനങ്ങൾ ഏകോപിപ്പിക്കും. കോവിഡ് വാക്സിനേഷൻ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും. ആശുപത്രി കിടക്കകളുടെയും ഓക്സിജന്റെയും ലഭ്യതയും സംഘം പരിശോധിക്കും. എല്ലാ ദിവസവും വൈകിട്ട് ഏഴിന് സംഘം റിപ്പോർട്ട് സമർപ്പിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബും ഉത്തർപ്രദേശും പട്ടികയിലുണ്ട്.
യുപി ഉൾപ്പെടെ അടുത്ത ഫെബ്രുവരി-മാർച്ച്് മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതിവിശേഷം ചർച്ച ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണുമായി കൂടിക്കാഴ്ച നടത്തും. കമ്മിഷൻ ഡിസംബർ 28 മുതൽ 30 വരെ യുപി സന്ദർശിക്കുന്നതിനു മുന്നോടിയായി കൂടിക്കാഴ്ച നടത്തുമെന്ന് അധികൃതർ പറഞ്ഞു.
യുപി തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് അലഹാബാദ് ഹൈക്കോടതി നിർദേശിച്ചതിനു പിന്നാലെയാണ് കൂടിക്കാഴ്ച. ചർച്ചകൾക്കു ശേഷം അന്തിമതീരുമാനം എടുക്കുമെന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുശീൽ ചന്ദ്ര പറഞ്ഞു. തിരഞ്ഞെടുപ്പ് റാലികൾ നിരോധിക്കണമെന്നും കോടതി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു.
കോവിഡിന്റെ കാര്യത്തിൽ കേരളത്തിന്റെ പ്രധാന വീഴ്ച നിയന്ത്രണ (കണ്ടെയ്ന്മെന്റ്) നടപടികളിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കിയിരുന്നു വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ കേരളം പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്. എന്നാൽ, ആർക്കും എവിടെയും നിയന്ത്രണങ്ങളില്ലാതെ പോകാമെന്നതുൾപ്പെടെയുള്ള അവസ്ഥ ഈ ഘട്ടത്തിൽ ആശാസ്യമല്ലെന്നു രാജേഷ് ഭൂഷൺ പറഞ്ഞു.
കോവിഡ് പരിശോധനയിൽ ആർടിപിസിആർ ആനുപാതികമായി നടത്താതെ ആന്റിജനെ ആശ്രയിക്കുന്നുവെന്നായിരുന്നു നേരത്തെ കേരളത്തെക്കുറിച്ചുള്ള പ്രധാന പരാതി. ഇക്കാര്യത്തിൽ സംസ്ഥാനം നില മെച്ചപ്പെടുത്തി. ഇന്നലെ ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുപ്രകാരം 67% പരിശോധനകളും ആർടിപിസിആർ വഴിയാണ്. കോവിഡ് പരിശോധനയുടെ കാര്യത്തിൽ ഇതു മെച്ചപ്പെട്ട സ്ഥിതിയാണെന്നു രാജേഷ് ഭൂഷൺ പറഞ്ഞു.
എന്നാൽ, തുടക്കത്തിൽ കണ്ടെയ്ന്മെന്റ് മേഖല തിരിച്ചു നടത്തിയ കോവിഡ് പ്രതിരോധ രീതി പിന്നീടു വേണ്ടെന്നുവച്ചു. ആൾക്കൂട്ടമുള്ള പരിപാടികൾ നടത്താനും കോവിഡ് കരുതൽ നിർദേശങ്ങൾ പാലിക്കാതെ ആർക്കും എവിടെയും ചെല്ലാമെന്നുമുള്ള അവസ്ഥ നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര മാർഗരേഖ പിന്തുടരണമെന്നു നിർദേശിച്ച് ആരോഗ്യമന്ത്രാലയം കേരളത്തിനു കത്തയച്ചിരുന്നു.
കേരളത്തിലെയും മിസോറമിലെയും കോവിഡ് സ്ഥിരീകരണ നിരക്ക് ദേശീയ ശരാശരിയെക്കാൾ കൂടുതലാണെന്നും ഇത് ആശങ്കയ്ക്ക് വക നൽകുന്നതാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മിസോറമിൽ 8.2%, കേരളത്തിൽ 6.1% എന്നിങ്ങനെയാണ് കഴിഞ്ഞ രണ്ടാഴ്ചത്തെ സ്ഥിരീകരണ നിരക്ക്. സ്ഥിരീകരണ നിരക്ക് 5 ശതമാനത്തിനു മുകളിൽ തുടരുന്നതിനെ കരുതലോടെ കാണണമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുള്ളത്. സ്ഥിരീകരണ നിരക്ക് 5 ശതമാനത്തിനു മുകളിലുള്ള 9 ജില്ലകൾ കേരളത്തിലുണ്ട്. ഇതിൽ തിരുവനന്തപുരത്തും (8.66%) കോട്ടയത്തുമാണ് (8.26%) ഏറ്റവും കൂടുതൽ.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 46 % കേരളത്തിൽ നിന്നാണ്. കേരളത്തിൽ ഓരോ 10 ലക്ഷം പേരിലും 1274 പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നു. ദേശീയ തലത്തിൽ ഇത് 72 ആണ്. അതേസമയം, പരിശോധനയിൽ കേരളം ദേശീയ ശരാശരിയെക്കാൾ മുന്നിലാണ്. ഓരോ 10 ലക്ഷത്തിലും 19,894 പരിശോധന കേരളത്തിൽ നടക്കുന്നു. ഇതിൽ 67% ആർടിപിസിആർ ആണ്. ദേശീയതലത്തിൽ ഇത് 62% മാത്രം.
രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണം കടുപ്പിച്ചു തുടങ്ങി. കോവിഡ് വകഭേദമായ ഓമിക്രോൺ ബാധിക്കുന്നവരിൽ രോഗലക്ഷണങ്ങൾ കുറവാണെങ്കിലും വ്യാപനത്തിൽ വില്ലനായതിനാൽ ജാഗ്രത മുഖ്യമാണെന്ന് ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു. ഇന്ത്യയിൽ റിപ്പോർട്ട്ചെയ്ത കേസുകളെല്ലാം ലക്ഷണമില്ലാത്തവയോ നേരിയ ലക്ഷണങ്ങളുള്ളവയോ ആണ്. എന്നാൽ, ഇതുവരെയുള്ള വകഭേദങ്ങളിൽ ഓമിക്രോൺ ഏറ്റവും കൂടുതൽ വ്യാപനശേഷിയുള്ളതാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്ത് 183 ഓമിക്രോൺ കേസുകൾ പരിശോധിച്ചതിൽ 121 എണ്ണവും ഓമിക്രോൺ ബാധിതമേഖലകളിൽനിന്ന് എത്തിയവരാണ്. 44 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 18 പേരുടെ വ്യാപന ഉറവിടം വ്യക്തമല്ല. 87 പേർ പൂർണമായും വാക്സിനെടുത്തവരാണ്. മൂന്നുപേരാകട്ടെ മറ്റുരാജ്യങ്ങളിൽനിന്ന് ബൂസ്റ്റർ ഡോസ് വാക്സിനേഷനും വിധേയരായവരാണ്. ബാക്കിയുള്ളവരിൽ 20 പേരൊഴികെയുള്ളവർ ഒറ്റഡോസ് വാക്സിനെടുത്തിട്ടുണ്ട്.
ഇന്ത്യയിൽ കേസുകൾ ഉയരുകയാണെങ്കിലും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സർക്കാർ സുസജ്ജമാണ്. ഡെൽറ്റ വകഭേദത്തിൽ അവലംബിച്ച ചികിത്സാരീതിതന്നെയാണ് ഓമിക്രോൺ ബാധിതരിലും തുടരുക.
മുൻതരംഗങ്ങളിലെപ്പോലെ കിടക്കകൾക്കും ഓക്സിജനും ക്ഷാമമുണ്ടാകില്ല. 18 ലക്ഷം ഐസൊലേഷൻ വാർഡുകൾ, അഞ്ചുലക്ഷം ഓക്സിജൻ കിടക്കകൾ, 1.5 ലക്ഷം ഐ.സി.യു., 25,000 പീഡിയാട്രിക് ഐ.സി.യു., 65,000 പീഡിയാട്രിക് കിടക്കകൾ തുടങ്ങിയ സംവിധാനങ്ങളുണ്ട്. രാജ്യത്ത് 89 ശതമാനം പേർ (83.29 കോടി ആളുകൾ) ഒറ്റ വാക്സിനും 61 ശതമാനം പേർ (57.02 കോടി ജനങ്ങൾ) രണ്ടുവാക്സിനും എടുത്തെന്നും ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ