ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിര നിർമ്മാണം ഉൾപ്പെടെ 'സെൻട്രൽ വിസ്ത' പദ്ധതിയുമായി കേന്ദ്ര സർക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി. പദ്ധതിയുടെ പരിസ്ഥിതി അനുമതി ഉൾപ്പെടെ ചോദ്യം ചെയ്തു സമർപ്പിച്ച ഒരു കൂട്ടം ഹർജികളിലാണ് ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ജസ്റ്റിസ് സഞ്ജീവ് ഖന്ന വിയോജന വിധി എഴുതി.

പദ്ധതിക്കു അനുമതി നൽകിയതിൽ തെറ്റില്ലെന്നും ഭൂവിനിയോഗത്തിൽ പിഴവുകൾ ഇല്ലെന്നും കോടതി വിലയിരുത്തി. പുതിയ പാർലമെന്റ് മന്ദിര നിർമ്മാണം ഉൾപ്പെടെ ഇരുപതിനായിരം കോടി രൂപയുടേതാണ് സെൻട്രൽ വിസ്ത പദ്ധതി.

പുതിയ പാർലമെന്റ് മ്ന്ദിരത്തിന്റെ ശിലാസ്ഥാപനം കഴിഞ്ഞ മാസം പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചിരുന്നു. രാഷ്ട്രപതിഭവന്മുതൽ ഇന്ത്യാഗേറ്റ് വരെ നീളുന്ന മൂന്നുകിലോമീറ്റർ രാജ്പഥ് പാതയ്ക്കിരുവശത്തുമായി സമഗ്രമാറ്റം ലക്ഷ്യംവെക്കുന്ന കേന്ദ്ര സർക്കാരിന്റെ അഭിമാനപദ്ധതിക്കെതിരായ ഹർജികൾ നവംബർ അഞ്ചിനാണ് സുപ്രീംകോടതി വിധിപറയാൻ മാറ്റിയത്.