മലപ്പുറം: കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് വിഷയത്തിൽ കേന്ദ്രവും സംസ്ഥാനവും രണ്ട് തട്ടിൽ. വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് ഏതെങ്കിലും ആവശ്യത്തിന് ഒരു സാഹചര്യത്തിലും നിർബന്ധമാക്കിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയെങ്കിലും സംസ്ഥാനത്ത് സൗജന്യ കോവിഡ് ചികിത്സ ലഭിക്കാൻ വാക്‌സിൻ സ്വീകരിച്ചേ പറ്റുവെന്ന നിലപാടാണുള്ളത്.

കഴിഞ്ഞ നവംബർ 30നാണ് കോവിഡ് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് കോവിഡ് ബാധിച്ചാൽ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പ്രകാരമുള്ള സൗജന്യ ചികിത്സ നൽകില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചത്‌. പിന്നീട് മെഡിക്കൽ കോളജുകൾക്ക് ആരോഗ്യവകുപ്പ് നൽകിയ ഉത്തരവിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇത് പ്രകാരം വാക്‌സിൻ സ്വീകരിക്കാത്ത കോവിഡ് ബാധിതർ നിലവിൽ പണം നൽകിയാണ് ചികിത്സ തേടുന്നത്.

എന്നാൽ കഴിഞ്ഞ മാസം 17ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചത് വ്യക്തികളുടെ സമ്മതമില്ലാതെ നിർബന്ധിതമായി വാക്‌സിൻ നൽകുന്നതിന് നിർദേശിക്കുന്നില്ലെന്നാണ്. ഏത് ആവശ്യത്തിന് ആണെങ്കിലും ഒരു സാഹചര്യത്തിലും വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് വീടുകളിലെത്തി വാക്‌സിൻ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു സന്നദ്ധ സംഘടന സുപ്രീം കോടതിയിൽ നൽകിയ ഹർജിയുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

നിലവിൽ സംസ്ഥാനത്ത് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് കോവിഡ് ചികിത്സക്ക് പണം ഈടാക്കുന്നുണ്ട്. ഇത് കേന്ദ്ര സർക്കാറിന്റെ നിലപാടിന് വിരുദ്ധമാണ്. വാക്‌സിൻ സ്വീകരിക്കുന്നതിൽ വിമുഖത കാണിക്കുന്നത് തുടർന്നതോടെയാണ് വാക്‌സിൻ എടുക്കാത്തവർക്ക് സൗജന്യ ചികിത്സയില്ലെന്ന് സംസ്ഥാന സർക്കാർ നിലപാടെടുത്തത്.

എന്നാൽ അലർജി, മറ്റുരോഗങ്ങൾ എന്നിവ കാരണം വാക്സിൻ സ്വീകരിക്കാൻ സാധിക്കാത്ത രോഗികൾ അത് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ചികിത്സ സൗജന്യമായി നൽകുമെങ്കിലും കൂടുതൽ പേരും ചികിത്സക്ക് പണം നൽകുകയാണ്. വാക്‌സിൻ സ്വീകരിക്കാത്തവർക്ക് ചികിത്സക്ക് പണം ഈടാക്കാമെന്ന ഉത്തരവ് പാലിക്കുന്നതായി മലപ്പുറം ഡി.എം.ഒ ഡോ.ആർ.രേണുക പറഞ്ഞു. ഇതിന് വിരുദ്ധമായ നിർദേശങ്ങൾ ലഭിച്ചിട്ടില്ല. സി കാറ്റഗറിയിൽ എത്തുന്ന രോഗികളിൽ കൂടുതൽ പേരും വാക്‌സിൻ എടുക്കാത്തവരാണെന്നും അവർ പറഞ്ഞു.