ന്യൂഡൽഹി: ന്യൂനപക്ഷ വിരുദ്ധമാണ് കേന്ദ്ര സർക്കാർ എന്ന പ്രചരണത്തെ നേരിടാൻ കരുതലോടെ പുതു തന്ത്രവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂനപക്ഷങ്ങളെ കേന്ദ്രസർക്കാരുമായി അടുപ്പിക്കാനാണ് ശ്രമം. ഇതിനായി കേന്ദ്ര ന്യൂനപക്ഷ പദ്ധതികൾ പ്രാദേശിക തലങ്ങളിൽ നേരിട്ട് വിലയിരുത്തുന്നതിനും പുതിയവ ആവിഷ്‌കരിക്കുന്നതിനുമായി മോദി സർക്കാർ ന്യൂനപക്ഷ കേന്ദ്രീകൃത മേഖലകളിൽ ന്യൂനപക്ഷ സഭകൾ വിളിച്ചുചേർക്കുന്നു.

സെപ്റ്റംബർ 15 മുതൽ രാജ്യത്തെ 500 കേന്ദ്രങ്ങളിലാണ് 'വികസന സഭകൾ' എന്നു പേരിട്ട് ന്യൂനപക്ഷങ്ങളുമായി നേരിട്ടുള്ള സമ്പർക്കത്തിന് പരിപാടികൾ സംഘടിപ്പിക്കുകയെന്ന് ന്യൂനപക്ഷമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി അറിയിച്ചു. പഞ്ചായത്തീരാജ് സംവിധാനങ്ങളിൽ ന്യൂനപക്ഷങ്ങൾ അടക്കമുള്ള പാർശ്വവത്കൃത വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനുള്ള പഞ്ചായത്തുകൾക്ക് ഈമാസം 15 മുതൽ തുടക്കമാകുമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി അറിയിച്ചു. ബീഫും ദളിത് പ്രക്ഷോഭവുമെല്ലാം ഉണ്ടാക്കിയ പൊല്ലാപ്പുകൽ ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സഭകൾ നടത്തുന്ന സ്ഥലങ്ങളിലെ മുഴുവൻ ന്യൂനപക്ഷ വിഭാഗങ്ങളുടെയും പ്രാതിനിധ്യം പഞ്ചായത്തുകളിൽ ഉറപ്പാക്കും. തങ്ങളുടെ ക്ഷേമത്തിനായി അനുവദിക്കുന്ന ഫണ്ടുകൾ എങ്ങനെ വിനിയോഗിക്കണമെന്നും ഈ സഭ തീരുമാനിക്കും. ഏതു വിധം ഫണ്ട് വിനിയോഗിക്കണമെന്നതിന്റെ പദ്ധതിരേഖയും ഈ ന്യൂനപക്ഷ പഞ്ചായത്തുകൾ തയാറാക്കും. ഇതിലൂടെ ന്യൂനപക്ഷങ്ങളെ എല്ലാം വികനത്തിന്റെ ഭാഗമാക്കാനാണ് നീക്കം. ഇത് ഭരണത്തുടർച്ചയ്ക്ക് അവസരമൊരുക്കുമെന്ന് മോദി വിലയിരുത്തുന്നു.

ഒരു മേഖലയിൽ ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ഏതു തരത്തിലുള്ള പരിപാടിയാണ് വേണ്ടതെന്ന് ഈ സഭക്ക് കേന്ദ്ര സർക്കാറിനോട് നിർദേശിക്കാനാകും. വികസന പദ്ധതികൾ നിർണയിക്കാനുള്ള സഭ എന്ന നിലയിൽ 'വികസന സഭ' എന്ന പേരിലായിരിക്കും ഈ കൂടിച്ചേരൽ അറിയപ്പെടുക. പഞ്ചായത്തീരാജിന്റെ വികേന്ദ്രീകൃതാസൂത്രണ മാതൃകയിൽ ന്യൂനപക്ഷങ്ങളെ വികസനത്തിൽ നേരിട്ട് പങ്കാളികളാക്കുന്ന ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിതെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രി അവകാശപ്പെട്ടു.

ന്യൂനപക്ഷങ്ങളുടെ സാമ്പത്തികാവസ്ഥ പിന്നോക്കമാണെന്ന് മോദി സർക്കാർ വിലയിരുത്തുന്നു. വികസനപ്രക്രിയയിൽ ഇവർ ഇപ്പോഴും സജീവ പങ്കാളികൾ അല്ല. ഇതിന് മാറ്റം വരുത്താനാണ് നീക്കം. അതിനായാണ് വികസന സഭകൾ ചേരുന്നത്.