- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗോതമ്പ് കയറ്റുമതി നിരോധനത്തിൽ ഇളവ്: കാണ്ട്ല തുറമുഖത്ത് കുടുങ്ങിയ ഗോതമ്പ് കയറ്റി അയക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ; ഈജിപ്തിലേക്കുള്ള ഗോതമ്പ് കയറ്റുമതി ചെയ്യും
ന്യൂഡൽഹി: ഗോതമ്പ് കയറ്റുമതി നിരോധനത്തിൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ലോഡ് ചെയ്യാൻ ബാക്കിയുണ്ടായിരുന്ന 17160 മെട്രിക് ടൺ ഗോതമ്പാണ് കയറ്റുമതി ചെയ്യാൻ ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് അനുവദിച്ചത്. ഈജിപ്തിലേക്ക് കൊണ്ടുപോകാനായി എത്തിച്ചതായിരുന്നു ഇത്. മെയ് പതിമൂന്നിന് മുൻപ് കസ്റ്റംസ് പരിശോധനയ്ക്കായി നൽകിയ ചരക്കുകളും കയറ്റി അയക്കാമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് ഉയരുന്ന ഗോതമ്പ് വില പിടിച്ചുനിർത്താനായാണ് കേന്ദ്രം ഗോതമ്പ് കയറ്റുമതി നിരോധിച്ചത്.
മെയ് പതിമൂന്നിനാണ് കേന്ദ്ര സർക്കാർ ഗോതമ്പ് കയറ്റുമതി നിരോധിച്ച് ഉത്തരവിറക്കിയത്. മെയ് പതിമൂന്നിനോ അതിന് മുമ്പോ കസ്റ്റംസ് ക്ലിയറൻസിനായി രജിസ്റ്റർ ചെയ്ത ഗോതമ്പ്, കയറ്റുമതി ചെയ്യുന്നതിൽ നിയന്ത്രണമില്ലെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു.
ഈജിപ്തിലേക്കുള്ള ഗോതമ്പ് കയറ്റുമതിക്കും കേന്ദ്ര സർക്കാർ ഇളവുകൾ നൽകി. കണ്ട്ല തുറമുഖത്ത് നിന്നും ഗോതമ്പ് ചരക്ക് കയറ്റാൻ അനുവദിക്കണമെന്ന ഈജിപ്ഷ്യൻ സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്നാണിത്. ഈജിപ്തിലേക്ക് ഗോതമ്പ് കയറ്റുമതി ചെയ്യുന്ന കമ്പനിയായ എം/എസ് മേരാ ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 61,500 മെട്രിക് ടൺ ഗോതമ്പ് ഈജിപ്തിലേക്ക് കയറ്റുമതി ചെയ്യാൻ കരാർ ഏറ്റെടുത്തിരുന്നു.
അതിൽ 44,340 മെട്രിക് ടൺ ഗോതമ്പ് ഇതിനകം ലോഡുചെയ്തു. 17,160 മെട്രിക് ടൺ മാത്രമാണ് ലോഡ് ചെയ്യാൻ അവശേഷിക്കുന്നത്. 61,500 മെട്രിക് ടൺ ഗോതമ്പും കയറ്റുമതി ചെയ്യാൻ സർക്കാർ തീരുമാനിക്കുകയും കണ്ടലയിൽ നിന്നും കയറ്റുമതി തുടരാൻ അനുമതി നൽകുകയും ചെയ്തു.
ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, പണപ്പെരുപ്പം തടയുക എന്നീ കാര്യങ്ങളാണ് ഗോതമ്പ് കയറ്റുമതി നിരോധനത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ ഇന്ത്യയുടെ ഈ തീരുമാനത്തിന് പിന്നാലെ തിങ്കളാഴ്ച യൂറോപ്യൻ വിപണിയിൽ ഗോതമ്പ് വില റെക്കോർഡ് ഉയരത്തിലെത്തി.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമായിട്ടുപോലും ഇന്ത്യയിൽ കഴിഞ്ഞ മാസം ഗോതമ്പ് വില ആശങ്കയുളവാക്കുന്ന വിധത്തിലാണ് കുതിച്ചുയർന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടെ ഉണ്ടായ ഏറ്റവും ഉയർന്ന വർധനയായിരുന്നു അത്. ഗോതമ്പിന്റെ വില കുതിച്ചുയർന്നിട്ടും കേന്ദ്രസർക്കാർ ഗോതമ്പ് കയറ്റുമതി തുടരുന്നതിനെതിരെ പലഭാഗങ്ങളിലും നിന്നും പ്രതിഷേധം ഉയർന്നുവന്നിരുന്നു. ഇനിയും കയറ്റുമതി തുടർന്നാൽ ഭക്ഷ്യക്ഷാമവും പട്ടിണിയും നേരിടേണ്ടി വരുമെന്ന് വിമർശനം ഉയർന്നിരുന്നു.
ലോകത്തിൽ ഏറ്റവും കൂടുതൽ ഗോതമ്പ് കയറ്റി അയക്കുന്ന രാജ്യമായ യുക്രൈൻ ഇപ്പോൾ യുദ്ധത്തിന് നടുവിലായതാണ് ഭക്ഷ്യ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. ലോകത്ത് ഗോതമ്പ് ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ സ്വതവേ കയറ്റുമതിക്ക് വലിയ പ്രാധാന്യം കൊടുക്കാറില്ല. ഇതിന് കാരണം, രാജ്യത്ത് ഗോതമ്പിന്റെ ആവശ്യം വളരെയേറെ ഉള്ളതാണ്.
ഇക്കുറി രാജ്യത്ത് നല്ല വിളവെടുപ്പുണ്ടായിരുന്നു. എന്നാൽ ആഗോള സാഹചര്യം മനസിലാക്കി സ്വകാര്യ മില്ലുടമകളും കയറ്റുമതിക്കാരും വൻതോതിൽ ഗോതമ്പ് വാങ്ങിക്കൂട്ടിയത് കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകുന്നത് തടയാൻ ലക്ഷ്യമിട്ട് കേന്ദ്രം കയറ്റുമതിക്ക് വിലക്ക് ഏർപ്പെടുത്തിയത്.
എന്നാൽ ഇന്ത്യ കൂടെ കൈവിട്ടാൽ മുന്നിൽ മറ്റ് വഴികളില്ലെന്നതാണ് യൂറോപ്പ് അടക്കം മറ്റ് പല രാജ്യങ്ങളുടെയും ഗതി. ഗോതമ്പിന്റെ വില വൻതോതിൽ ഉയരാനും ഇത് കാരണമായി. ഐക്യരാഷ്ട്ര സഭ പ്രത്യേക യോഗം ചേർന്ന് സ്ഥിതി ചർച്ച ചെയ്യാനിരിക്കെയാണ് കേന്ദ്രസർക്കാർ കണ്ട്‌ല തുറമുഖത്ത് കിടന്ന ഗോതമ്പ് ലോഡ് വിദേശത്തേക്ക് കൊണ്ടുപോകാൻ അനുവാദം കൊടുത്തത്. രാജ്യത്തെ ജനങ്ങളെ ഭക്ഷ്യപ്രതിസന്ധിയിലേക്ക് തള്ളിവിടാതിരിക്കാനുള്ള ശ്രമത്തിനിടയിലും ഇന്ത്യ ലോകരാഷ്ട്രങ്ങളോട് കാട്ടുന്ന സഹാനുഭൂതിയുടെ തെളിവായി ഇത് മാറി.




