ന്യൂഡൽഹി: രണ്ടാം കോവിഡ് തരംഗത്തിൽ രാജ്യത്ത് ഓക്‌സിജൻ ലഭ്യതക്കുറവ് മൂലം മരണം റിപ്പോർട്ട് ചെയ്തത് ഒരു സംസ്ഥാനത്ത് മാത്രമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇക്കാരണത്താൽ രാജ്യത്ത് ആകെ ഒരു മരണം മാത്രമാണുണ്ടായതെന്നും ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വിശദീകരിച്ചു.

ഈ വർഷം രണ്ടാം കോവിഡ് തരംഗത്തിൽ ഓക്‌സിജൻ ക്ഷാമം മൂലം രാജ്യത്ത് മരണങ്ങൾ നടന്നിട്ടുണ്ടോ എന്ന് പാർലമെന്റിൽ ചോദ്യമുയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളോട് പ്രത്യേകമായിത്തന്നെ ഈ ചോദ്യം ചോദിച്ചു.

ഓക്‌സിജന്റെ ലഭ്യതക്കുറവു മൂലം രാജ്യത്ത് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നായിരുന്നു കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചത്. മരണത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും സംസ്ഥാനങ്ങൾ നൽകിയിട്ടില്ലെന്നായിരുന്നു വിശദീകരണം.

എന്നാൽ ഇതുവരെ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം ഓക്‌സിജൻ ലഭിക്കാത്തതുമൂലമെന്ന് സംശയിക്കുന്ന ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഒരു സംസ്ഥാനത്ത് മാത്രമാണെന്ന് അഗർവാൾ പത്രസമ്മേളത്തിൽ പറഞ്ഞു. എന്നാൽ ഏത് സംസ്ഥാനത്താണ് ഈ മരണമുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

രണ്ടാം കോവിഡ് തരംഗത്തിൽ ഓക്‌സിജൻ ലഭ്യതക്കുറവ് മൂലം സംഭവിച്ച മരണത്തെക്കുറിച്ച് കേന്ദ്രം 13 സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും വിവരം തേടിയിരുന്നു. പഞ്ചാബിൽ ഓക്‌സിജൻ ലഭ്യതക്കുറവ് മൂലമാണെന്ന് സംശയിക്കുന്ന നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തിരുന്നു.

കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് ഓക്‌സിജൻ ലഭ്യതക്കുറവും ആരോഗ്യ രംഗത്തെ പ്രതിസന്ധിയും വൻതോതിൽ ചർച്ചയായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഓക്‌സിജൻ ഇറക്കുമതി ചെയ്യുകയും ചെയ്തിരുന്നു.

മെയ്‌ മാസത്തിൽ അഞ്ച് ദിവസത്തിനിടയിൽ ഗോവയിലെ സർക്കാർ ആശുപത്രിയിൽ 80-ലധികം പേരാണ് മരിച്ചത്. തിരുപ്പതിയിലും ആന്ധ്രാപ്രദേശിലുമായി ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്ന 11 കോവിഡ് രോഗികൾ ഓക്‌സിജൻ വിതരണം നിലച്ചത് മൂലം മരണപ്പെട്ടതായും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.