ന്യൂഡൽഹി: ഇപ്പോൾ മുൻസിഫുമാരും മജിസ്‌ട്രേറ്റുമാരും സ്ഥാനക്കയറ്റം നേടി ജില്ലാ ജഡ്ജിമാരാകുന്ന സംവിധാനത്തിൽ മാറ്റംവരുന്ന രീതിയിൽ ജുഡീഷ്യൽ സംവിധാനം പരിഷ്‌കരിക്കാൻ കേന്ദ്രസർക്കാർ നീക്കം. യൂണിയൻ പബഌക് സർവീസ് കമ്മീഷൻ ദേശീയ തലത്തിൽ നടത്തുന്ന പരീക്ഷയിലൂടെ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്ത് അതിൽ നിന്ന് ജില്ലാ ജഡ്ജിമാരെ നിയമിക്കാനാണ് ആലോചന. ഇത്തരത്തിൽ രൂപീകരിക്കുന്ന ആൾ ഇന്ത്യാ ജുഡീഷ്യൽ സർവീസിൽ നിന്നായിരിക്കും നിയമനം.

ഇതോടെ ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ പരീക്ഷയെഴുതി മജിസ്‌ട്രേറ്റുമാരും മുൻസിഫുമാരും ആകുന്നവർ പിന്നീട് പ്രൊമോഷൻ നേടി ജില്ലാ ജഡ്ജിമാരാകുന്ന സംവിധാനം മാറും. ഐഎഎസ്, ഐഎഫ്എസ് തുടങ്ങിയ സിവിൽ സർവീസിന്റെ മാതൃകയിൽ ദേശീയ തലത്തിലാകും ഇനി ജുഡീഷ്യൽ സർവീസിലും സെലക്ഷൻ നടക്കുക. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവരെ ദേശീയ തലത്തിൽ തന്നെ സ്ഥലംമാറ്റാനും പോസ്റ്റിങ് നടത്താനും ഉതകുംവിധമാകും ആൾ ഇന്ത്യാ ജുഡീഷ്യൽ സർവീസ് (ഐഐജെഎസ്) രൂപീകരണം. ജില്ലാ ജഡ്ജിമാരുടേതുൾപ്പെടെ രാജ്യത്ത് 4,400 ജഡ്ജിമാരുടെ ഒഴിവുകളാണുള്ളത്.

അതേസമയം, സംസ്ഥാന പിഎസ് സികൾ വഴി, ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സിവിൽ ജഡ്ജിമാരെയും മജിസ്‌ട്രേറ്റുമാരെയും കീഴ്‌ക്കോടതികളിൽ നിയമിക്കുന്ന സംവിധാനം തുടരും. പുതിയ സംവിധാനം വരുന്നതോടെ കൂടുതൽ ചെറുപ്പക്കാർ ജില്ലാ ജഡ്ജിമാരായി എത്താനും പിന്നീട് പ്രൊമോഷൻ നേടി വൈകാതെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമെല്ലാം എത്താനുള്ള സാധ്യത തെളിയുകയാണ്.

ആൾ ഇന്ത്യാ ജുഡീഷ്യൽ സർവീസ് നടപ്പാക്കുന്നതിനുള്ള സാധ്യതകളാരായാൻ കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി രണ്ടുവട്ടം ചർച്ചകൾ പൂർത്തിയാക്കിക്കഴിഞ്ഞു. കേന്ദ്ര ക്യാബിനറ്റിനുമുന്നിൽ സമർപ്പിക്കുന്നതിനായി വിശദമായ റിപ്പോർട്ട് തയ്യാറാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. 1960 മുതൽ ആലോചനയിലുള്ളതാണ് ദേശീയതലത്തിൽ ജഡ്ജിമാരുടെ നിയമനത്തിന് ഇത്തരമൊരു സംവിധാനം കൊണ്ടുവരികയെന്ന ആശയം. പക്ഷേ, പലകാരണങ്ങൾ കൊണ്ടും അത് നടപ്പിലായില്ല.

സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലേയും ജഡ്ജിമാരുടെ നിയമനക്കാര്യത്തിൽ പാലിക്കേണ്ട നടപടിക്രമങ്ങളുടെ മെമോറാണ്ടത്തിന്റെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കുന്നതിന് സീനിയർ ജഡ്ജിമാരിൽ നിന്ന് ചില എതിർപ്പുകൾ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഇത്തരത്തിൽ ദേശീയ ജുഡീഷ്യൽ സർവീസ് രൂപീകരിക്കാൻ ഒരുങ്ങുന്നതെന്നതും ശ്രദ്ധേയമാണ്.

ഉന്നത കോടതികളിൽ നിയമനം നടത്തുന്ന നടപടി ക്രമങ്ങളിലും ചട്ടങ്ങളിലും പരിഷ്‌കാരം വരുത്തുന്ന കാര്യത്തിലാണ് ചില ക്‌ളോസുകളിൽ സുപ്രീംകോടതി കൊളീജിയം എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ളത്. നിയമനത്തിനുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ കാര്യത്തിലാണ് ഒരു എതിർപ്പ്. കൊളീജിയം സുപ്രീംകോടതിയിലും ഹൈക്കോടതികളിലും നിയമനത്തിനായി നൽകുന്ന പേരുകളിൽ ദേശസുരക്ഷയെ ബാധിക്കുന്നവരുടെ നാമനിർദ്ദേശം തള്ളുന്നതിന് കേന്ദ്രസർക്കാരിന് അധികാരം നൽകുന്ന നിർദ്ദേശമാണ് മറ്റൊന്ന്. ഈ സാഹചര്യത്തിൽ പുതിയ ജുഡീഷ്യൽ സർവീസ് രൂപീകരണത്തിനുള്ള നീക്കവും ചർച്ചയാകുകയാണ്.

1961, 63, 65 എന്നീ വർഷങ്ങളിൽ നടന്ന ചീഫ് ജസ്റ്റീസസ് കോൺഫ്രൻസ് ദേശീയ ജുഡീഷ്യൽ സർവീസ് രൂപീകരണത്തെ അനുകൂലിച്ചിരുന്നു. പക്ഷേ, ചില സംസ്ഥാനങ്ങളിൽ നിന്നും ഹൈക്കോടതികളിൽ നിന്നും എതിർപ്പുണ്ടായതോടെ ഈ നിർദ്ദേശം പിന്നീട് ഏറെക്കാലം പരിഗണിക്കപ്പെട്ടില്ല. ഇതുസംബന്ധിച്ച് ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നതിനായി 2001ൽ ഒരു രേഖ തയ്യാറാക്കുകയും ചെയ്തിരുന്നു.

ദേശീയ ജുഡീഷ്യൽ സർവീസ് രൂപീകരണവുമായി ബന്ധപ്പെട്ട് ആർട്ടിക്കിൾ 312ൽ 1977ൽ ചില ഭേദഹതികൾ വരുത്തുകയും ചെയ്തു. പിന്നീട് 2012ൽ യുപിഎ സർക്കാരിന്റെ കാലത്തും ഇക്കാര്യം ചർച്ച ചെയ്യപ്പെട്ടിരുന്നു. ഗവ. സെക്രട്ടറിമാരുടെ സമിതി ഇതുസംബന്ധിച്ച് ഒരു നോട്ട് തയ്യാറാക്കിയെങ്കിലും അതും പിന്നീട് മുങ്ങിപ്പോയി. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമായി ഈ നീക്കം വ്യാഖ്യാനിക്കപ്പെട്ടതോടെയായിരുന്നു ഇത്. പക്ഷേ, ഇപ്പോൾ ശക്തമായ രീതിയിൽ കേന്ദ്രസർക്കാർ ദേശീയ ജുഡീഷ്യൽ സർവീസ് രൂപീകരണത്തിനായി രംഗത്തിറങ്ങുമെന്നാണ് സൂചനകൾ.

കൂടുതൽ ചെറുപ്പക്കാർ സുപ്രീംകോടതിയിലും ഹൈക്കോടതികളിലും എത്തണമെന്ന താൽപര്യമാണ് പുതിയ നീക്കത്തിനു പിന്നിലെന്നാണ് സൂചനകൾ. നിലവിലുള്ള സംവിധാന പ്രകാരം കീഴ്‌ക്കോടതികളിൽ മജിസ്‌ട്രേറ്റുമാരും മുൻസിഫുമാരുമായി നിയമിക്കപ്പെടുന്ന ജഡ്ജിമാർ ചുരുങ്ങിയത് പത്തുവർഷത്തിനു ശേഷമേ ജില്ലാ ജഡ്ജിയാകൂ. ഇതിന് മാറ്റംവരുത്തി നേരിട്ട് ജില്ലാ ജഡ്ജിമാരാകാൻ ചെറുപ്പക്കാർക്ക് അവസരം ലഭിക്കുന്നതോടെ വൈകാതെ പ്രൊമോഷൻ നേടി അവർ സുപ്രീംകോടതികളിലും ഹൈക്കോടതികളിലും എത്താനുള്ള സാധ്യതയാണ് പുതിയ ജുഡീഷ്യൽ സർവീസ് സംവിധാനം വരുന്നതോടെ ഉണ്ടാകുക. ഉന്നത ജുഡീഷ്യൽ സ്ഥാപനങ്ങളിലേക്ക് ജുഡിഷ്യൽ സർവീസിലുടെ എത്തുന്നവരിൽ 50 ശതമാനം പേർക്ക് നേരിട്ട് നിയമനം നൽകണമെന്ന് മുമ്പ് ഗവ. സെക്രട്ടറിമാരുടെ സമിതി ശുപാർശ ചെയ്തിരുന്നു.