- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി കേന്ദ്രം പുനഃസ്ഥാപിച്ചേക്കും; പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി പ്രധാനമന്ത്രിയുടെ സുപ്രധാന കൂടിക്കാഴ്ച വ്യാഴാഴ്ച; മേഖലയുടെ ഭാവി നടപടികൾ ചർച്ചയാകും; മെഹബൂബ മുഫ്തി പങ്കെടുക്കുന്നതിൽ തീരുമാനമായില്ല; നിർണായക തീരുമാനത്തിലേക്ക് മോദി കടന്നത് എല്ലാം നിയന്ത്രണ വിധേയമെന്ന് ഡോവലിന്റെ ഉറപ്പിൽ
ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. മേഖലയിലെ രാഷ്ട്രീയ നേതാക്കളുമായി പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ച് ചർച്ചകളുണ്ടായേക്കുമെന്നാണ് സൂചനകളെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്ത വ്യാഴാഴ്ചയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ഉന്നത സുരക്ഷാ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജമ്മു കശ്മീരിലെ സ്ഥിതിഗതി നിയന്ത്രണ വിധേയമെന്ന ഡോവലിന്റെ ഉറപ്പിന്മേലാണ് നിർണായക ചർച്ചയിലേക്ക് കേന്ദ്രസർക്കാർ കടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരത്തെ പ്രഖ്യാപിച്ചത് പോലെ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഉടൻ പുനഃസ്ഥാപിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ പ്രത്യേക പദവി തിരിച്ചുനൽകുന്നത് സംബന്ധിച്ച് ചർച്ചകളുണ്ടാകില്ല. 2019 ഓഗസ്ത് 5 നാണ് കേന്ദ്രസർക്കാർ ജമ്മുവിന്റെ പ്രത്യേക പദവി പിൻവലിക്കുകയും ജമ്മു ആൻഡ് കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി നിശ്ചയിക്കുകയും ചെയ്തത്.
ചരിത്രപരമായ നീക്കം കശ്മീർ താഴ്വരയിലെ നിരവധി രാഷ്ട്രീയ നേതാക്കൾക്കും സാമൂഹ്യ പ്രവർത്തകർക്കും വിലക്ക് ഏർപ്പെടുത്തുന്നതിലേക്ക് നയിച്ചിരുന്നു. മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള തുടങ്ങിയവരേയും പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കളേയും തടങ്കലിലാക്കിയതിന് ശേഷമായിരുന്നു കേന്ദ്രത്തിന്റെ നീക്കം. ഇവരെ മാസങ്ങൾക്ക് ശേഷമാണ് വിട്ടയച്ചത്.
ജൂൺ 24ന് വിളിച്ചിട്ടുള്ള സർവകക്ഷി യോഗത്തിൽ ജമ്മു കാശ്മീരിലെ പ്രമുഖ പാർട്ടിയിലെ നേതാക്കൾക്ക് എല്ലാം തന്നെ ക്ഷണമുണ്ട്. നാല് മുൻ മുഖ്യമന്ത്രിമാരടക്കം 14 നേതാക്കൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് പ്രധാനമന്ത്രിയുടെ വസതിയിൽ ചേരുന്ന യോഗത്തിൽ പങ്കു ചേരാൻ നേതാക്കളെ ക്ഷണിച്ചത്. നാഷണൽ കോൺഫറൻസ് നേതാവ് ഫാറുഖ് അബ്ദുള്ള, മകൻ ഒമർ അബ്ദുള്ള, മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി. കോൺഗ്രസ് നേതാവ് താരാ ചന്ദ്, പീപ്പിൾസ് കോൺഫറൻസ് നേതാവ് മുസാഫർ ഹുസൈൻ ബൈഗ്, ബിജെപി നേതാക്കളായ നിർമ്മൽ സിങ്, കവീന്ദർ ഗുപ്ത. സിപിഎം നേതാവ് യൂസഫ് തരിഗാമി എന്നിവരാണ് യോഗത്തിൽ ക്ഷണിക്കപ്പെട്ട പ്രമുഖർ.
ജമ്മുകശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തുമെന്നും സംസ്ഥാന പദവി തിരികെ ലഭിക്കുമെന്നുമുള്ള അഭ്യൂഹങ്ങൾക്കിടെയാണ് നേതാക്കളുടെ സർവ്വകക്ഷി യോഗം കേന്ദ്രസർക്കാർ വിളിച്ചുചേർക്കുന്നത്. ജൂൺ 24-ന് ഡൽഹിയിലാണ് സർവ്വകക്ഷി യോഗമെന്നാണ് റിപ്പോർട്ടുകൾ.
പ്രത്യേക പദവി എടുത്ത് കളഞ്ഞ 2019 ഓഗസ്റ്റ് അഞ്ചിന് ശേഷം ജമ്മുകശ്മീരിലെ രാഷ്ട്രീയ നേതൃത്വവുമായി കേന്ദ്ര സർക്കാർ ആദ്യമായിട്ടാണ് കൂടിയാലോചനയ്ക്ക് ഒരുങ്ങുന്നത്.
സർവ്വകക്ഷി യോഗം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അനൗപചാരിക അറിയിപ്പ് ലഭിച്ചതായി പിഡിപിയും നാഷണൽ കോൺഫറൻസും സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണെന്നും പാർട്ടികൾ വ്യക്തമാക്കി.
അതേ സമയം സർവകക്ഷിയോഗത്തിൽ പിഡിപി നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി പങ്കെടുത്തേക്കില്ല. യോഗത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നിന്ന് വിളിച്ചിരുന്നെന്ന് മുഫ്തി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ യോഗത്തിൽ മുഫ്തിപങ്കെടുക്കണമോ എന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇംഗ്ലീഷ് വാർത്താ ചാനലായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
യോഗത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി പിഡിപിയുടെ രാഷ്ട്രീയകാര്യ സമിതി ഞായറാഴ്ച യോഗം ചേർന്നിരുന്നു. യോഗത്തിൽ ഗുപ്കർ സഖ്യത്തെ പ്രതിനിധീകരിച്ച് രണ്ട് പേരെ അയക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മെഹബൂബ യോഗം ബഹിഷ്കരിച്ചിട്ടില്ലെന്നും യോഗത്തിൽ തങ്ങളെ ആര് പ്രതിനിധീകരിക്കണമെന്ന് തീരുമാനിക്കുകയാണെന്നുമാണ് നേതാക്കൾ പറയുന്നത്.
നാല് മുൻ മുഖ്യമന്ത്രിമാരടക്കം പതിനാല് നേതാക്കൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലെ ഭാവി നടപടികളെക്കുറിച്ച് ചർച്ച ചെയ്യാനാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുന്നത്. സംസ്ഥാന പദവി ലഭിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ യോഗത്തിലുണ്ടാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
ബിജെപിയും കശ്മീർ അപ്നി പാർട്ടിയും യോഗത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നാഷണൽ കോൺഫറൻസ്, കോൺഗ്രസ്, സിപിഎം തുടങ്ങിയ പാർട്ടികൾ സഖ്യത്തിലെ കൂടിയാലോചനയ്ക്ക് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
ന്യൂസ് ഡെസ്ക്