ന്യൂഡൽഹി: മരുന്നുകളെക്കുറിച്ചും ഉൽപ്പന്നങ്ങളെക്കുറിച്ചും തെറ്റിദ്ധാരണ പരത്തിയും പെരുപ്പിച്ചുകാട്ടിയും പരസ്യം നൽകുന്ന ചാനലുകൾക്കെതിരെ നടപടിയുണ്ടാവുമെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

ആയുർവേദ, സിദ്ധ, യുനാനി, ഹോമിയോപ്പൊതി ഉൽപന്നങ്ങളേയും മരുന്നുകളേയും കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകുന്ന പ്രവണത കൂടിവരുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്രം ഇത്തരമൊരു മുന്നറിയിപ്പ് നൽകിയതെന്നാണ് സൂചന. ഉൽപ്പന്നങ്ങളുടെ മേന്മകൾ പെരുപ്പിച്ചുകാട്ടിയും തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചും മരുന്നുകളുടേയും ഉൽപ്പന്നങ്ങളുടെയും പരസ്യം നൽകുന്നതിനാണ് വിലക്ക്.

ഇത്തരത്തിൽ മരുന്നുകളുടെ വ്യാജ മേന്മകൾ ചൂണ്ടിക്കാട്ടി ധാരാളം പരസ്യങ്ങൾ ചാനലുകളിലും മറ്റും വരുന്നുണ്ട്. ഇനി മുതൽ ഇതെല്ലാം കർശനമായി നിരീക്ഷിക്കാനും ചാനലുകളുടെ മേൽ നടപടിയെടുക്കാനുമാണ് കേന്ദ്ര തീരുമാനം.

ഇതിന്റെ തുടക്കമെന്ന നിലയിൽ ചാനലുകൾക്കെതിരെ നടപടി ഉണ്ടാവുമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇപ്പോൾ. ഇത്തരം പരസ്യങ്ങൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് 1954ലെ ഡ്രഗ് ആൻഡ് മാജിക് റെമഡീസ് നിയമപ്രകാരവും ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക് ആക്ട് പ്രകാരവും കുറ്റകരമാണെന്ന് വാർത്താവിനിമയ ഡയറക്ടർ അമിത് കടോച്ച് വ്യക്തമാക്കി.

ഇതോടെ മരുന്നുകളുടെ പേരിൽ മാത്രമല്ല, ടൂത്ത് പേസ്റ്റുമുതൽ സൗന്ദര്യവർധക വസ്തുക്കളുടെ പരസ്യത്തിലും ആരോഗ്യ പാനീയങ്ങളുടെ കാര്യത്തിലും അസ്വാഭാവികത തോന്നിയാൽ നടപടിയുണ്ടാവുമെന്ന രീതിയിലാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം നീങ്ങുന്നത്.

ഉപഭോക്താക്കൾ സ്ഥിരമായി ഉപയോഗിക്കുന്ന ഉൽപന്നങ്ങളെ കുറിച്ച് ചില ചാനലുകൾ പെരുപ്പിച്ചും പരസ്യങ്ങൾ നൽകുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പരസ്യങ്ങൾ ഉപഭോക്താക്കളുടെ ആരോഗ്യത്തിന് വലിയ അപകടമാണ് ഉയർത്തുന്നതെന്നും കടോച്ച് പറഞ്ഞു. ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് നൽകുകയും ലംഘനം തുടർന്നാൽ നടപടിയിലേക്ക് നീങ്ങുകയും  ചെയ്യുമെന്ന നിലയിലേക്ക കാര്യങ്ങൾ കർശനമാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം.