- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വ്യാപനം രൂക്ഷം; ദേശീയതലത്തിൽ ലോക്ഡൗൺ പ്രഖ്യാപിക്കില്ല; സമ്പദ്വ്യവസ്ഥയെ പൂർണമായും 'അറസ്റ്റ്' ചെയ്യാൻ ആഗ്രഹിക്കുന്നില്ല; പ്രാദേശിക നിയന്ത്രണങ്ങൾ മാത്രമെന്ന് നിർമല സീതാരാമൻ
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്താകെ ലോക്ഡൗൺ പ്രഖ്യാപിക്കില്ലെന്നും പ്രാദേശിക നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടാകുവെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിനിടയിലാണ് ധനമന്ത്രിയുടെ പരാമർശം. ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മാൽപാസുമായുള്ള വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
യോഗത്തിൽ കോവിഡിന്റെ വ്യാപനം തടയാൻ ഇന്ത്യ സ്വീകരിക്കുന്ന നടപടികൾ ധനമന്ത്രി വ്യക്തമാക്കി. കോവിഡിന്റെ രണ്ടാം തരംഗത്തിൽ വലിയ തോതിൽ ലോക്ഡൗണുകളിലേക്കു പോകുന്നില്ലെന്നു വ്യക്തമാണ്. സമ്പദ്വ്യവസ്ഥയെ പൂർണമായും 'അറസ്റ്റ്' ചെയ്യാൻ ആഗ്രഹിക്കുന്നില്ല. രോഗികളെ വീടുകളിൽ ക്വാറന്റീനിലാക്കുന്നതു പോലുള്ള രീതികൾ തുടരും. ലോക്ഡൗൺ ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
സിവിൽ സർവീസ്, ധനകാര്യ മേഖല പരിഷ്കരണം, ജലവിഭവ മാനേജ്മെന്റ്, ആരോഗ്യം എന്നിവയിലെ സമീപകാല പരിപാടികൾ ഉൾപ്പെടെ ലോകബാങ്കും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡേവിഡ് മാൽപാസും ധനമന്ത്രിയും ചർച്ച ചെയ്തതായി ലോക ബാങ്കിന്റെ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയുടെ കോവിഡ് പോരാട്ടത്തെക്കുറിച്ചും രാജ്യത്തെ ആഭ്യന്തര വാക്സീൻ ഉൽപാദന ശേഷിയെക്കുറിച്ചും ചർച്ച ചെയ്തുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
രാജ്യവ്യാപകമായി ലോക്ഡൗണിന്റെ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമായിരുന്നു. ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് ഇനിയൊരു ലോക്ഡൗൺ താങ്ങാൻ സാധിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അതേസമയം രാജ്യത്തെ കോവിഡ് വ്യാപനം അതീവരൂക്ഷമായിരിക്കുകയാണ്.
കോവിഡിന്റെ രണ്ടാം വരവിൽ രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 1,84,372 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
24 മണിക്കൂറിനുള്ളിൽ 1027 പേരാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെയുള്ള ഉയർന്ന മരണസംഖ്യയാണിത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,72,085 ആയി ഉയർന്നു.
ഇതുവരെ 11 കോടിയിലേറെ പേർക്ക് വാക്സിൻ നൽകി. ആകെ കോവിഡ് കേസുകൾ 1,38,73,825 ആയപ്പോൾ രോഗമുക്തരായവരുടെ എണ്ണം 1,23,36,036 ആണ്. 13,65,704 സജീവ കേസുകളും രാജ്യത്തുണ്ട്.
തുടർച്ചയായ എട്ടാംദിവസമാണ് രാജ്യത്തെ കോവിഡ് കേസുകൾ ഒരുലക്ഷം കവിയുന്നത്. നിലവിൽ ലോകത്തെ ആകെ കോവിഡ് കേസുകളുടെ കണക്കിൽ ഇന്ത്യ രണ്ടാമതാണ്. യുഎസിലാണ് ഏറ്റവും കൂടുതൽ കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്രയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 60000 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 281 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബുധനാഴ്ച മുതൽ മഹാരാഷ്ട്രയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്