- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർലൈൻ പദ്ധതിക്ക് അനുമതിയില്ല; സർവേയുടെ പേരിൽ കുറ്റികൾ സ്ഥാപിക്കാൻ സർക്കാരിനോട് പറഞ്ഞിട്ടില്ല; പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങൾ ഡിപിആറിൽ ഉണ്ടായിരുന്നില്ല; കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്; ഹൈക്കോടതിയിൽ വീണ്ടും നിലപാടറിയിച്ച് കേന്ദ്ര സർക്കാർ
കൊച്ചി: സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകിയിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് മാത്രമാണ് കേന്ദ്രം തത്വത്തിലുള്ള അനുമതി നൽകിയത്. കെ റെയിൽ കൈമാറിയ ഡിപിആർ അപൂർണമാണെന്നം കേന്ദ്രം അറിയിച്ചു. പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങൾ ഡിപിആറിൽ ഉണ്ടായിരുന്നില്ല. ഇവ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സർവേയുടെ പേരിൽ കുറ്റികൾ സ്ഥാപിക്കാൻ സർക്കാരിനോട് പറഞ്ഞിട്ടില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
സിൽവർലൈൻ സർവ്വേയ്ക്ക് എതിരായ വിവിധ ഹർജികളിൽ ആണ് കേന്ദ്രം മറുപടി നൽകിയത്. സിൽവർലൈനിനുള്ള സമൂഹികാഘാത പഠനത്തിന് അനുമതി നൽകിയിട്ടില്ല. കേന്ദ്ര ധനമന്ത്രാലയം സിൽവർലൈൻ പദ്ധതിക്ക് സാമ്പത്തിക അനുമതി നൽകിയിട്ടില്ലെന്നും കോടതിയെ അറിയിച്ചു.
സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിക്കായുള്ള കല്ലിടൽ പൂർണമായി നിർത്തിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കല്ലിടൽ നിർത്തിയെന്നല്ല ഉത്തരവ്. ഉടമകൾക്ക് സമ്മതമെങ്കിൽ അതിരടയാള കല്ലിടുമെന്നും അല്ലെങ്കിൽ കെട്ടിടങ്ങളിൽ അതിരടയാളമോ ജിയോ ടാഗ് സംവിധാനം ഉപയോഗിച്ചോ അടയാളപ്പെടുത്താമെന്നും റവന്യൂ മന്ത്രി വിശദീകരിച്ചു. സാമൂഹികാഘാത പഠനത്തിനുള്ള അതിരടയാളം ഇടൽ ആണ് നടന്നുവരുന്നത്. സാമൂഹിക ആഘാത പഠനത്തിന്റെ വേഗത വർദ്ധിപ്പിക്കാൻ മൂന്ന് നിർദ്ദേശം മുന്നോട്ട് വെച്ചു. ഉത്തരവിൽ ഈ മൂന്ന് രീതിക്കും അനുമതി നൽകിയിട്ടുണ്ടെന്ന് കെ രാജൻ പറഞ്ഞു.
നേരത്തെ സിൽവർ ലൈൻ ജനപിന്തുണയോടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടിരുന്നു. പദ്ധതി സംബന്ധിച്ച കുപ്രചാരണങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടും. പദ്ധതിയെക്കുറിച്ച് പറഞ്ഞ് മനസിലാക്കി ജനപങ്കാളിത്തത്തോടെ തന്നെ സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്നുമാണ് പിണറായി ആവർത്തിച്ചത്. സിൽവർലൈൻ വിരുദ്ധർ പദ്ധതിക്കെതിരെ തുടർസമരം പ്രഖ്യാപിച്ച സ്ഥലങ്ങളിൽപോലും തദ്ദേശതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിച്ചു.
സിൽവർ ലൈൻ സാമൂഹിക ആഘാത പഠനവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് വ്യക്തതയ്ക്ക് വേണ്ടിയാണ്. കല്ലിടേണ്ട സ്ഥലത്ത് കല്ലിടും. ഏത് പദ്ധതി വന്നാലും ചിലർ കുപ്രചരണങ്ങൾ നടത്തും. ഇവിടെ പ്രതിപക്ഷം അതിന്റെ ഹോൾസെയിൽ ഏറ്റെടുത്തിരിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണ്. അങ്ങനെ കരുതി വികസന പ്രവർത്തനങ്ങൾ വേണ്ടെന് കരുതാനാകില്ല. വികസന പ്രവർത്തനങ്ങളിലൂടെയാണ് സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ഇടതുമുന്നണി തുരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കുക തന്നെ ചെയ്യുമെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ