- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീണ്ടുമൊരു ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനോട് യോജിപ്പില്ല; ജീവനക്കാർക്കെല്ലാം കോവിഡ് വാക്സിൻ നൽകണം; ഇന്ത്യൻ കമ്പനി സിഇഒമാരുടെ അഭിപ്രായം ഇങ്ങനെ
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിൽ ലോകത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് ആയതോടെ വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന ആവശ്യങ്ങൾ ഉയർന്നു കഴിഞ്ഞു. എന്നാൽ, വീണ്ടുമൊരു ലോക്ക്ഡൗൺ ആവശ്യമില്ലെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം. ഇക്കാര്യം തന്നെയാണ് വ്യവസായ ലോകത്തുള്ളവരും പറയുന്നത്. ഇന്ത്യൻ കമ്പനികളുടെ സിഇഒമാർക്ക് വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നാണ് സർവേ റിപ്പോർട്ടിലുള്ളത്.
കോവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി നടത്തിയ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. 710 സിഇഒമാരേയും മുതിർന്ന നേതാക്കളെയുമാണ് സർവേയിൽ ഉൾപ്പെടുത്തിയിരുന്നത്. ഉല്പാദന-സേവന മേഖലകളിൽ നിന്നുള്ളവരും ചെറുകിട സ്ഥാപനങ്ങളിൽ നിന്നുള്ള 68 ശതമാനം പേരും പങ്കെടുത്തു.
സർവേയിൽ പങ്കെടുത്ത നാലിൽ മൂന്നുപേരും രാത്രികാല കർഫ്യൂ അല്ലെങ്കിൽ ഭാഗിക ലോക്ഡൗൺ തങ്ങളുടെ ജീവനക്കാരെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടവരാണ്. സർവേയിൽ പങ്കെടുത്ത പകുതിയോളം പേരും ഇത്തരം നിയന്ത്രണങ്ങൾ ഉല്പാദനവും വിതരണവും 10-50 ശതമാനം വരെ കുറയുന്നതിന് കാരണമാകുമെന്നും അഭിപ്രായപ്പെട്ടു. 67 ശതമാനം പേരും തങ്ങളുടെ കമ്പനിയിലെ അർഹരായ ജീവനക്കാർക്ക് കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാക്കുന്നതിനായി സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.
57 ശതമാനം പേർ ലോക്ഡൗൺ മുന്നിൽ കണ്ട് അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്നുണ്ട്. രാത്രികാല കർഫ്യൂ ഒഴിവാക്കുന്നതിനായി 31 ശതമാനം പേരും തങ്ങളുടെ ജീവനക്കാർക്ക് ഫാക്ടറിയിൽ തന്നെ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. സർവേയിൽ പങ്കെടുത്ത 79 ശതമാനം പേരും മുഴുവൻ ജീവനക്കാർക്കും പ്രതിരോധ കുത്തിവെപ്പ് നൽകണമെന്ന് അഭിപ്രായപ്പെട്ടു. ലോക്ഡൗണിനേക്കാൾ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തേണ്ടതെന്ന പക്ഷക്കാരാണ് സർവേയിൽ പങ്കെടുത്ത 93 ശതമാനം പേരും.
കഴിഞ്ഞ ആഴ്ചകളായി ഇന്ത്യയിൽ കോവിഡ് കേസുകൾ വൻതോതിൽ ഉയരുകയാണ്. 1,50,000ത്തിലധികം കേസുകളാണ് സമീപദിവസങ്ങളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിൽ 15 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്. കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്