റിയാദ്: വിദേശജോലികൾക്കായി പോകുന്നവർ ഏജന്റുമാരുടെ വാക്കുകൾ കേട്ട് അവർ സംഘടിപ്പിക്കുന്ന എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റും മറ്റുമായി ജോലിതേടി പോകുമ്പോൾ സൂക്ഷിക്കുക. ഇല്ലെങ്കിൽ സൗദിയിൽ ജോലിതേടിയെത്തിയ മലയാളി നഴ്‌സിന്റെ ദുർഗതി നിങ്ങൾക്കും വന്നേക്കും. ഏജന്റുമാർ സംഘടിപ്പിച്ചുകൊടുത്ത തൊഴിൽപരിചയ സർട്ടിഫിക്കറ്റുമായി സൗദിയിൽ ജോലിനേടി പോയ കോട്ടയം പാലാ സ്വദേശിനി അൽഹസ ജയിലിലാണ്.

സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്തുവരുകയായിരുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് കിഴക്കൻ പ്രവിശ്യയിലെ സ്വകാര്യ ആശുപത്രിയിൽ ഇവർ ജോലിക്കെത്തിയത്. ബിഎസ്സി നഴ്‌സിങ് പാസായ ഇവർക്ക് തൊഴിൽ പരിചയം കാട്ടുന്നതിന് ഏജന്റ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കുകയായിരുന്നു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള ഒറിജിനൽ ബിഎസ്‌സി നഴ്‌സിങ് സർട്ടിഫിക്കറ്റിനൊപ്പം മുമ്പ് നാട്ടിൽ ജോലി ചെയ്തിരുന്നുവെന്ന് തെളിയിക്കുന്നതിനായി സമർപ്പിച്ച പരിചയ സർട്ടിഫിക്കറ്റ് വ്യാജമായിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് ഇരുമ്പഴിക്കുള്ളിലായത്.

യുവതിയുടെ മോചനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സഹപ്രവർത്തകർ ഇന്ത്യൻ എംബസിയിൽ അപേക്ഷ നൽകിയിരുന്നു. പക്ഷേ, വ്യാജ രേഖയുമായി ബന്ധപ്പെട്ട കേസായതിനാൽ എംബസിക്കു നേരിട്ട് ഇടപെടാൻ പറ്റാത്ത സാഹചര്യമാണ്. ശിക്ഷാകാലാവധി പൂർത്തിയാവുന്ന മുറയ്ക്ക് നാടുകടത്തൽകേന്ദ്രം മുഖേന യുവതിയെ നാട്ടിലേക്ക് എത്തിക്കാനാകുമെന്ന പ്രത്യാശയാണ് ഇപ്പോൾ സഹപ്രവർത്തകർക്കും ബന്ധുക്കൾക്കുമുള്ളത്.

സൗദി കൗൺസിൽ ഫോർ ഹെൽത്ത് സ്‌പെഷ്യാലിറ്റീസിന്റെ അംഗീകാരം നേടുന്നതിനായി ഇവർ നൽകിയ രേഖകളിലാണ് കൃത്രിമം കണ്ടെത്തിയത്. ഡൽഹിയിലെ ഒരു ആശുപത്രിയുടെ പേരിൽ നാട്ടിലെ സ്വകാര്യ ഏജന്റുമാർ പണം വാങ്ങി തയ്യാറാക്കി നൽകിയ സർട്ടിഫിക്കറ്റായിരുന്നു ഇവർക്ക് നൽകിയത്. ഹെൽത്ത് കമ്മീഷൻ ഇവർ നൽകിയ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഡൽഹിയിലെ ആശുപത്രി അധികൃതർക്ക് അയച്ചു.

സർട്ടിഫിക്കറ്റ് വ്യാജമെന്ന് സ്ഥിരീകരിച്ച് ആശുപത്രി അധികൃതർ മറുപടി നൽകിയതോടെ ഇവർക്കെതിരെ നടപടിയെടുക്കുകയായിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചതിനുള്ള ശിക്ഷാനടപടികൾക്കായി രേഖകൾ സൗദി ഹെൽത്ത് കമ്മീഷൻ ബന്ധപ്പെട്ട അധികൃതർക്കു കൈമാറി. തുടർന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ യുവതിയെ കോടതി ഉത്തരവുപ്രകാരം ജയിലിലാക്കി.

ഇക്കഴിഞ്ഞ സപ്തംബർ ആദ്യവാരത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സൗദി ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്കു ജോലിതേടിയെത്തുന്നവർ പലപ്പോഴും സ്വകാര്യ ഏജന്റുമാരുടെ പ്രേരണയ്ക്കു വഴങ്ങിയാണ് ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുന്നത്. ജോലിക്കായി വ്യാജ രേഖകൾ സമർപ്പിക്കുന്നത് ഗുരുതര കുറ്റകൃത്യമായി പരിഗണിക്കുമെന്നതിനാൽ സൗദിയിലേക്കു ജോലി തേടി വരുന്നവർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം.

മറ്റുവിദേശ രാജ്യങ്ങളിലും ഇത്തരം തട്ടിപ്പുകൾക്ക് കർശന ശിക്ഷ നിലവിലുള്ളതിനാൽ തൊഴിൽ ദായകർ പരാതിപ്പെട്ടാൽ കർശന നടപടികൾ ഉണ്ടാകും. ശിക്ഷയും ഉറപ്പാണ്. ഇതേക്കുറിച്ച് സംസ്ഥാന, കേന്ദ്ര സർക്കാരുകളും നോർക്കയും ബോധവൽക്കരണം നടത്തണമെന്ന ആവശ്യമാണ് പ്രവാസി സംഘടനകൾ മുന്നോട്ടുവയ്ക്കുന്നത്.