- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഫി അന്നനും സ്വെത്ലാന അലക്സ്യേവിച്ചിനും കിട്ടിയ പുരസ്ക്കാരം നേടി കെ കെ ശൈലജ ടീച്ചറും; മുൻ ആരോഗ്യമന്ത്രിക്ക് ലഭിച്ചത് സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റി ഓപ്പൺ പ്രൈസ്; പിണറായി കോപം ഭയന്ന് പുരസ്ക്കാരം കണ്ടില്ലെന്ന് നടിച്ച് സൈബർ സഖാക്കളും; മന്ത്രിയല്ലാത്ത ശൈലജയുടെ സൽപ്പേരിനെ ഭയന്ന് സിപിഎം
തിരുവനന്തപുരം: ഭരണത്തിലിരിക്കുമ്പോൾ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്ക് ലഭിച്ച ഏതൊരു പുരസ്കാരവും തങ്ങളുടെതുമാണെന്ന ധാരണയിൽ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ തള്ളി മറിച്ച സഖാക്കളും സ്തുതി പാഠകരും ഒരുപക്ഷെ അറിഞ്ഞു കാണാൻ വഴിയില്ല. ഇനി അറിഞ്ഞിട്ട് ഇപ്പൊ ടീച്ചർ മന്ത്രിയൊന്നുമല്ലല്ലോ തള്ളിയിട്ട് മന്ത്രിസഭയ്ക്ക് എന്തുകിട്ടാൻ എന്നു ചിന്തിച്ചിട്ടോ ആണോ എന്നറയില്ല ലോകം തന്നെ അംഗീകരിച്ച ഏറ്റവും പ്രശസ്തമായ അവാർഡുകളിൽ ഒന്ന് കേരളത്തിന്റെ സ്വന്തം ടീച്ചറമ്മയെ തേടിയെത്തിയിട്ടും വലിയ ആഘോഷമൊന്നുമില്ലാത്തത്.പ്രശസ്ത സിനിമാ ഡയലോഗ് പോലെയാണ് കാര്യം ഇതുവരെ കണ്ടതൊന്നും അല്ല അവാർഡ് ഇതൊക്കെയാണ് അവാർഡ് എന്നു പറയേണ്ടി വരും ഇപ്പോൾ ടീച്ചറെ തേടിയെത്തിയിരിക്കുന്ന സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റി ഓപ്പൺ പുരസ്കാരത്തെക്കുറിച്ച് കൂടുതൽ അറിയുമ്പോൾ.
ലോകത്തിലെ തന്നെ പ്രധാനപ്പെട്ട സിവിലിയൻ ബഹുമതികളിലൊന്നാണ് സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റി ഓപ്പൺ പുരസ്കാരം.കഴിഞ്ഞ ദിവസം വിയന്നയിലാണ് പുരസ്കാര പ്രഖ്യാപനം നടന്നത്.മദ്ധ്യയൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സർവകലാശാലയാണ് സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റി (സിഇയു). ലോകയൂണിവേഴ്സിറ്റികളുടെ അർഹതാപ്പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്ന്. അവർ വർഷാവർഷം നൽകി വരുന്ന ബഹുമതിയാണ് സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റി ഓപ്പൺ പ്രൈസ്.കഴിഞ്ഞ വർഷം വരെ ഈ പുരസ്കാരം കരസ്ഥമാക്കിയവരുടെ പട്ടിക പരിശോധിച്ചാൽ മാത്രം മതിയാവും ഈ പുരസ്കാരത്തിന്റെ പ്രധാന്യം മനസിലാക്കാൻ.
2015 ലെ നൊബേൽ പുരസ്കാരം നേടിയ വനിതയാണ് സ്വെത്ലാന അലക്സ്യേവിച്ച്.2020 ൽ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റി ഓപ്പൺ പുരസ്കാരം ലഭിച്ചത് ഈ വനിതയാക്കാണ്. ആദ്യമായിട്ടായിരുന്നു സാഹിത്യേതര രചന മാത്രം നിർവ്വഹിക്കുന്ന ഒരു പത്രപ്രവർത്തകയ്ക്ക് 2015 ൽ നൊബേൽ ലഭിക്കുന്നത്.ആഗോള വൽക്കരണത്തിനെതിരെ ശക്തമായി വാദിച്ച ജോസഫ് സ്റ്റിഗ് ലിസിനാണ് 2019 ൽ പുരസ്കാരം ലഭിച്ചത്.2007 ലാകട്ടെ സാക്ഷാൽ കോഫി അന്നനും.1999 ൽ ഇത് കിട്ടിയത് പ്രശസ്ത നാടകകൃത്തും ചെക്ക് റിപ്പബ്ളിക്കിന്റെ പ്രസിഡണ്ടുമായിരുന്ന വാക്ലാവ് ഹാവേലിന്. ഇതിനൊക്കെ പുറമെ ഈ പുരസ്കാരം ആദ്യം നൽകി ആദരിച്ചത് കാൾ പോപ്പറിന് സമ്മാനിച്ചു കൊണ്ടാണ്. തത്വശാസ്ത്രത്തെക്കുറിച്ച് എവിടെയെങ്കിലും കേട്ടിട്ടുള്ളവർക്ക് ഈ പ്രതിഭയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.
ഇങ്ങനെ ഇത്രയെറെ മഹാരഥന്മാരെത്തേടിയപ്പോയ പുരസ്കാരമാണ് ഇപ്പോൾ കേരളത്തിലെ കെ കെ ശൈലജടീച്ചറെയും തേടിയെത്തിയിരിക്കുന്നത്.പിണറായി കോപം ഭയന്നാവാം സൈബർ സഖാക്കന്മാർ പോലും ഈ നേട്ടം അറിഞ്ഞിട്ടില്ല.അലെങ്കിൽ അറിഞ്ഞതായി നടിക്കുന്നില്ല.ഇത്രയും പ്രധാനപ്പെട്ട ബഹുമതി ആദ്യമായി ഇന്ത്യയിലേയ്ക്കും കേരളത്തിലേയ്ക്കും കടന്നു വന്നിട്ടും ആരും ആഘോഷിക്കപ്പെടാതെ പോകുന്നതിന്റെ യുക്തി പകൽപോലെ വ്യക്തമാണ്.
പുരസ്കാരം പ്രഖ്യാപിച്ച് സിഇയു ഇങ്ങനെ പറയുന്നു: 'കേരളം എന്ന ഇന്ത്യാരാജ്യത്തിലെ സംസ്ഥാനത്തിന്റെ മുൻ ആരോഗ്യമന്ത്രി എന്ന നിലയിൽ കെ.കെ. ഷൈലജ ടീച്ചറും പൊതു ആരോഗ്യ രംഗത്തെ അർപ്പണമനോഭാവമുള്ള സഹപ്രവർത്തകരും ചേർന്ന് നിശ്ചയദാർഢ്വമുള്ള നേതൃത്വവും സാമൂഹ്യാടിസ്ഥാനത്തിലുള്ള പൊതു ജനാരോഗ്യനയവും ഫലപ്രദമായ വിനിമയവും എങ്ങനെ ജനങ്ങളുടെ ജീവനെ രക്ഷിക്കും എന്ന് കോവിഡ്- 19 മഹാവ്യാധിയുടെ കാലത്ത് കാണിച്ചു തന്നു.'
ടീച്ചർ ഇതിനുമുൻപ് നേടിയ ചെറുതും വലുതുമായ പുരസ്കാരങ്ങളെക്കാളൊക്കെ മുകളിൽ തന്നെയാണ് ഈ പുരസ്കാരത്തിന്റെ സ്ഥാനം എന്നതിൽ തർക്കമില്ല.തഴയലിന്റെയും ഒതുക്കലിന്റെയും രാഷ്ട്രീയം മാറ്റിവച്ച് ഹൃദയത്തിൽ നിന്നും കെ കെ ശൈലജയ്ക്ക് ആദരം അർപ്പിക്കേണ്ട സമയം തന്നെയാണ് ഇത്.
മറുനാടന് മലയാളി ബ്യൂറോ