കോഴിക്കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രായമായ സ്ത്രീകളെ മാത്രം തിരഞ്ഞുപിടിച്ച് ബൈക്കിലെത്തി താലിമാലകൾ കവരുന്ന രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. നടുവട്ടം ചെറുകണ്ടത്തിൽ ജംഷിദ് എന്ന ഇഞ്ചിൽ (30), ചക്കുംകടവ് ആനമാട് നിസാമുദ്ദീൻ എന്ന നിസാം(33) എന്നിവരെയാണഅ ഫറോക്ക് എ സി പി സിദ്ദിഖിന്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും പന്നിയങ്കര സബ് ഇൻസ്‌പെക്ടർ മുരളീധരനും ചേർന്ന് പിടികൂടിയത്.

പന്നിയങ്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ കല്ലായ് വി കെ കൃഷ്ണമേനോൻ റോഡിൽ വെച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടിലേക്ക് പോവുകയായിരുന്ന അറുപത് വയസ്സുള്ള കീഴാർമഠം സ്വദേശിനിയുടെ ഒന്നര പവൻ താലിമാല ബൈക്കിലെത്തിയ യുവാക്കൾ പിടിച്ചുപറച്ച് പോവുകയായിരുന്നു. വയോധികയുടെ അരികിലേക്ക് ബൈക്ക് നിർത്തുകയും പിന്നിലിരുന്ന ഇഞ്ചിൽ ഇറങ്ങി നടന്നുവരികയും വയോധികയെ തള്ളിയിട്ട് മാല പിടിച്ചുപറിച്ച് ബൈക്കിൽ കയറി പോവുകയുമായിരുന്നു.

സംഭവം നടന്ന ഉടനെ തന്നെ ക്രൈം സ്‌ക്വാഡ് അന്വേഷണം നടത്തിയതിൽ നിന്നും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു. തുടർന്ന് നടത്തി തെരച്ചിലിനിടയിൽ പ്രതികൾ വട്ടക്കിണർ ഭാഗത്ത് ഉണ്ടെന്ന് വിവരം ലഭിക്കുകയും സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങൾ സ്ഥലം വളഞ്ഞ് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ കീഴ്‌പ്പെടുത്തുകയുമായിരുന്നു.

തുടർന്ന് പന്നിയങ്കര സ്റ്റേഷനിലെത്തിച്ച പ്രതികളെ പന്നിയങ്കര ഇൻസ്‌പെക്ടർ റജിന കെ. ജോസിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു. കഴിഞ്ഞ ഡിസംബറിൽ മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പൊറ്റമ്മൽ അങ്കത്തിൽ ദാമോദരൻ നായർ റോഡിൽ വെച്ച് ഒരു സ്ത്രീയുടെ ഒന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാല, കഴിഞ്ഞ ഫെബ്രുവരിയിൽ സേവാമന്ദിരം സ്‌കൂളിന് സമീപത്ത് വെച്ച് ഒരു സ്ത്രീയുടെ ഒന്നര പവൻ മാല പിടിച്ചുപറിച്ചതും തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊളകുത്തിൽ നിന്നും സ്ത്രീയുടെ മാല പിടിച്ചു പറിച്ചതും പ്രതികൾ പൊലീസിനോട് സമ്മതിച്ചു.

ഇവർ കൃത്യത്തിനുപയോഗിച്ചിരുന്ന ബൈക്കും സ്വർണ്ണമാലയും പൊലീസ് കണ്ടെടുത്തു. ജില്ലയിലും പുറത്തും നൂറോളം കേസുകളിൽ പ്രതിയാണ് ജംഷീദ്. ഭവനഭേദനത്തിന് കോടതി ശിക്ഷിച്ച പ്രതിയാണ് ബഞ്ചിൽ. ലഹരിക്ക് അടിമയായ പ്രതികൾ പിടിച്ചുപറിച്ച മാലകൾ പണയം വെക്കുകയോ വിൽക്കുകയോ ചെയ്തു കിട്ടുന്ന പണം കൊണ്ടാണ് ലഹരിമരുന്ന് വാങ്ങി ഉപയോഗിക്കുന്നത്.

ബൈക്ക് ഓടിച്ചിരുന്നതും പിടിച്ചുപറിച്ച മാലകളിൽ ചിലത് വില്പന നടത്തി കൊടുത്തിരുന്നതും നിസാമുദീൻ ആയിരുന്നു. ഇവർ കൂടുതൽ കുറ്റകൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടോയെന്നും കളവു മുതലുകൾ കണ്ടെടുക്കുന്നതിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഒ മോഹൻദാസ്, ഷാലു മുതിരംപറമ്പത്ത്, ഹാദിൽ കുന്നുമ്മൽ, എ പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, എ വി സുമേഷ്, പന്നിയങ്കര പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ശശീന്ദ്രൻ നായർ, എ എസ് ഐ ജയാനന്ദൻ, സി പി ഒ സുഷാന്ത് ടി കെ എന്നിവരും ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.