ആലപ്പുഴ: ആലപ്പുഴയെ വിറപ്പിക്കുന്ന മോഷണ സംഘത്തെ തേടി പൊലീസ്. ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘമാണ് ആലപ്പുഴയിലെ വിവിധ ഇടങ്ങളിൽ സജീവമായിരിക്കുന്നത്. കറുത്ത ബൈക്ക്, വ്യാജ നമ്പർ പ്ലേറ്റ്, ഹെൽമറ്റും മാസ്‌ക്കും ധരിച്ച രണ്ടുപേർ, ഓടിച്ചയാൾക്കു ജാക്കറ്റ്, പിന്നിലിരുന്നത് ജീൻസ് ധരിച്ചയാൾ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് ഉദ്യോഗസ്ഥയുടേതടക്കം 6 പേരുടെ മാല പൊട്ടിച്ചാണ് പാഞ്ഞിരിക്കുത്. ഈ മോഷണ സംഘത്തിന് വേണ്ടി പലവിധത്തിൽ വലവിരിച്ചെങ്കിലും ഇതുവരെ ഇവർ പിടികൊടുത്തിട്ടില്ല.

സിസി ടിവി ക്യാമറകളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മോഷണങ്ങൾ നടന്നയുടൻ വിവിധ സ്റ്റേഷനുകളിലേക്കു സന്ദേശം കൈമാറുകയും റോഡുകളിൽ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു. മിനിറ്റുകളുടെ വ്യത്യാസത്തിൽ, ആദ്യം കാവുങ്കലിലും പിന്നീടു കലവൂരിലുമാണ് ആദ്യം മാല പൊട്ടിച്ചത്. രാവിലെ പത്തോടെ ആലപ്പുഴ ക്രൈംബ്രാഞ്ച് വനിതാ സിവിൽ പൊലീസ് ഓഫിസർ തണ്ണീർമുക്കം പഞ്ചായത്ത് എട്ടാം വാർഡ് ഈരേചിറ പി.എസ്.സൗമ്യയുടെ മാല കവർന്നു. വീട്ടിൽനിന്നു ജോലിസ്ഥലത്തേക്കു സ്‌കൂട്ടറിൽ പോകുകയായിരുന്നു സൗമ്യ.

പിന്നാലെ ബൈക്കിലെത്തിയവർ, അതിവേഗം സ്‌കൂട്ടറിനെ മറികടന്ന ശേഷം തിരിച്ചെത്തിയാണു മാല പൊട്ടിച്ചത്. സ്‌കൂട്ടറിനു നേരെ ബൈക്ക് വരുന്നതുകണ്ട് വെട്ടിച്ചപ്പോൾ ബൈക്കിനു പിന്നിലിരുന്നയാൾ മാല പൊട്ടിക്കുകയായിരുന്നു. ഇതേസമയം, സൗമ്യയും മാലയിൽ പിടിച്ചതിനാൽ അഞ്ചര പവൻ മാലയുടെ 2.5 പവനോളം വരുന്ന ഭാഗം കയ്യിൽ കിട്ടി. ബാക്കിയുമായി മോഷ്ടാക്കൾ കടന്നു. സ്‌കൂട്ടറിൽ നിന്നു വീണ് സൗമ്യയ്ക്കു പരുക്കേൽക്കുകയും ചെയ്തു.

രണ്ടാമത്തെ മോഷണം നടന്നത് പത്തരയോടെയാണ്. 2 കിലോമീറ്ററോളം അകലെ കലവൂർ പാർഥൻ കവലയ്ക്കു തെക്ക് നളന്ദ ജംക്ഷനിൽ, മണ്ണഞ്ചേരി പഞ്ചായത്ത് 22ാം വാർഡ് വടക്കേവെളി പി.എ.ആതിരയുടെ രണ്ടരപ്പവൻ മാല കവർന്നത്. അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറിൽ ആലപ്പുഴയിലേക്കു പോകുകയായിരുന്നു ആതിര. ബൈക്കിന്റെ പിന്നിലിരുന്ന ആളാണു മാല പൊട്ടിച്ചത്.

മൂന്നാമതെത്തിയത് കൈചൂണ്ടിമുക്കിലാണ്. ആലപ്പുഴയിൽ ആദ്യം കൈചൂണ്ടിമുക്കിനു സമീപമാണു മാലപൊട്ടിക്കൽ നടന്നത്. അയൽവീട്ടിൽനിന്നു ചെറിയ റോഡിലൂടെ വീട്ടിലേക്കു മടങ്ങിയ ആശ്രമം വാർഡ് ചെമ്മുഖത്ത് പത്മിനിയുടെ (71) ഒന്നേകാൽ പവൻ മാല ബൈക്കിലെത്തിയവർ പൊട്ടിച്ചു കടന്നു. പത്മിനി മാലയിൽ പിടിത്തമിട്ടതിനാൽ കുറച്ചുഭാഗം കിട്ടി. ഇതിന് പിന്നാലെ അൽപസമയത്തിനം കൊമ്മാടി പാലത്തിനു തെക്കു വച്ച് തുമ്പോളി വാവക്കാട് റോസ്‌മേരിയുടെ മാല പൊട്ടിച്ചു. സ്‌കൂട്ടറിൽ പോകുകയായിരുന്ന റോസ്‌മേരിയെ മറികടന്നുപോയ ബൈക്കിന്റെ പിന്നിലിരുന്നയാളാണ് മാല പൊട്ടിച്ചത്. നിയന്ത്രണം വിട്ടു തോട്ടിലേക്കു വീഴാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിന്റെ നമ്പർ ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്ന് റോസ്‌മേരി പറഞ്ഞു.

ചേർത്തല കൂറ്റുവേലി പള്ളിക്കവലയ്ക്കു സമീപം ഉച്ചയ്ക്കു 2നു ശേഷമാണ് വീട്ടമ്മയുടെ മാല പൊട്ടിച്ചത്. ഇതു സ്വർണമല്ലാത്തതിനാൽ പൊലീസിൽ പരാതി നൽകിയില്ല. വാരനാടു പോയി മടങ്ങുകയായിരുന്നു പ്രദേശവാസിയായ വീട്ടമ്മ. അതേ ദിശയിൽ കടന്നുപോയ ബൈക്ക് യാത്രികർ പെട്ടെന്നു തിരിച്ചെത്തി മാല പൊട്ടിക്കുകയായിരുന്നു. മോഷ്ടാക്കൾ ഹെൽമറ്റും മാസ്‌ക്കും ധരിച്ചിരുന്നതായി വീട്ടമ്മ പറഞ്ഞു.

ആറാം കവർച്ച അരൂക്കുറ്റിയിലായിരുന്നു. തൊഴിലുറപ്പ് തൊഴിൽ കഴിഞ്ഞുവീട്ടിലേക്ക് മടങ്ങിയ അരൂക്കുറ്റി പഞ്ചായത്ത് 13ാം വാർഡ് മേപ്പള്ളിയിൽ പങ്കജാക്ഷന്റെ ഭാര്യ വരദയുടെ രണ്ടര പവന്റെ സ്വർണമാലയാണ് വൈകിട്ട് 6 മണിയോടെ സ്രാപ്പള്ളി റോഡിൽവെച്ച് ബൈക്കിലെത്തിയവർ പൊട്ടിച്ചുകൊണ്ടുപോയത്. റോഡിലൂടെ നടന്നുവരികയായിരുന്ന വരദയെ മറികടന്നു ബൈക്കിൽ പോയവർ തിരിച്ചുവന്നാണ് മാല പൊട്ടിച്ചെടുത്തത്. തുടർന്ന് വരദയെ തള്ളുകയും ചെയ്തു.

മലബാർ കേന്ദ്രീകരിച്ചു കവർച്ച നടത്തുന്ന രണ്ടുപേരെ സംശയമുണ്ടെന്നു പൊലീസ്. സ്ഥിരം മാലപൊട്ടിക്കൽ സംഘത്തിൽപെട്ടവരാണ് എല്ലായിടത്തും മോഷണം നടത്തിയതെന്നാണു നിഗമനം. കെഎൽ 12 റജിസ്‌ട്രേഷനുള്ള ബൈക്കാണ് ഇവർ ഉപയോഗിച്ചത്. എന്നാൽ, ഈ നമ്പർ യഥാർഥത്തിൽ മറ്റൊരു ബൈക്കിന്റേതാണെന്നു കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ, കഴിഞ്ഞ ദിവസം രാത്രി ചെട്ടികുളങ്ങര ചന്തയ്ക്കു സമീപം മൊബൈൽ കടയുടെ താഴു തകർത്തതായി കാണപ്പെട്ടു. പൊലീസ് ഉടനെത്തി അന്വേഷിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. പട്രോളിങ് ശക്തമാക്കിയതായി സിഐ സി.ശ്രീജിത് പറഞ്ഞു.