ചേർത്തല ജോലി കഴിഞ്ഞു സ്‌കൂട്ടറിൽ മടങ്ങുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥയെ ബൈക്കിൽ പിന്തുടർന്നു മാലപൊട്ടിക്കാൻ ശ്രമം. മാല സംരക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്‌കൂട്ടറിൽ നിന്നു വീണു പൊലീസ് ഉദ്യോഗസ്ഥയ്ക്കു പരുക്ക്. പട്ടണക്കാട് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ചേർത്തല നഗരസഭ അറക്കത്തറവെളി അജിതകുമാരിക്കാണു (45) പരുക്കേറ്റത്.

ചേർത്തല വല്ലയിൽ ലവൽക്രോസിനു സമീപം ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ഹെൽമറ്റു ധരിച്ച രണ്ടുപേരാണു ബൈക്കിലെത്തിയത്. പച്ചക്കറിക്കടയിൽ കയറാൻ അജിതകുമാരി വണ്ടിയുടെ വേഗം കുറച്ചപ്പോഴാണു ബൈക്കിനു പിന്നിലിരുന്നയാൾ മാലപൊട്ടിക്കാൻ ശ്രമിച്ചത്. ചെറുത്തുനിൽപിനിടെ മാല സംരക്ഷിക്കാനായെങ്കിലും വണ്ടി മറിഞ്ഞു. വലതുകാലിനു പരുക്കേറ്റ അജിതകുമാരി ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ചേർത്തല പൊലീസ് അന്വേഷണം തുടങ്ങി.