കൊല്ലം: ഇടതുമുന്നണി ഭരിക്കുന്ന കൊല്ലം പെരിനാട് പഞ്ചായത്തിൽ ബിജെപി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ. ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനത്തേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

യു.ഡി.എഫ് ചെയർപേഴ്സൺ ആയിരുന്ന ഷൈനി ജോൺസൺ രാജി വെച്ചതിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി.അംഗം എസ്.ശ്രുതിയാണ് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടത്.

ആരോഗ്യ സ്ഥിരം സമിതിയിൽ 2 അംഗങ്ങളാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. എൽഡിഎഫിനും യുഡിഎഫിനും ഒന്നു വീതവും. നേരത്തെ നടന്ന തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് അംഗം യു ഡി എഫിന് വോട്ട് ചെയ്യുകയും തുടർന്ന് നറുക്കെടുപ്പിലൂടെ യുഡിഎഫ് അംഗം ഷൈനി അധ്യക്ഷസ്ഥാനത്ത് എത്തുകയുമായിരുന്നു.

എന്നാൽ യുഡിഎഫ് അംഗത്തിന്റെ രാജിയോടെ ബിജെപിക്ക് സ്ഥിരം സമിതിയിൽ സ്വാഭാവിക ഭൂരിപക്ഷം കിട്ടുകയായിരുന്നു. പഞ്ചായത്തിൽ എൽഡിഎഫിന് പത്തും ബിജെപിക്ക് ആറും യുഡിഎഫിന് മൂന്നും അംഗങ്ങളാണുള്ളത്.