കൊച്ചി: ചാലക്കുടിയിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അങ്കമാലി സ്വദേശി ചക്കര ജോണി പടർന്ന് പന്തലിച്ചത് ബ്ലാക്‌മെയിൽ രാഷ്ട്രീയത്തിലൂടെ. രാഷ്ട്രീയക്കാരെ കുടുക്കാൻ ഹണി ട്രാപ്പുകളും ഇയാൾ ഒരുക്കി. വസ്തുക്കച്ചവടത്തിനു പുറമേ നീലച്ചിത്ര നിർമ്മാണവും ചക്കര ജോണിയുടെ പ്രധാന വരുമാനമാർഗ്ഗമായി. ഇടപാടുകാരെ വലയിലാക്കാൻ സ്ത്രീകളെ ഉപയോഗിച്ചു. വമ്പന്മാരുടെ അശ്ലീലചിത്രങ്ങൾ പകർത്തി വിലപേശുന്ന പതിവുമുണ്ടായിരുന്നു. പല രാഷ്ട്രീയക്കാരും ഈ കുടുക്കിൽപ്പെട്ടു. ബിസിനസ്സുകാരും വീണു. അങ്ങനെ നാണക്കേട് ഒഴിവാക്കാനുള്ള തത്രപ്പാടിൽ ഉള്ളതെല്ലാം ഇവർ ചക്കര ജോണിക്ക് സമർപ്പിച്ചു. അങ്ങനെ ചുമട്ടുകാരൻ ശതകോടീശ്വരനുമായി. സിനിമാ, ബിസിനസ് മേഖലകളിലുള്ള പലരുമായും ജോണിക്ക് ഇടപാടുകളുണ്ടായിരുന്നു.

മുൻ മന്ത്രിയെ വീഴ്‌ത്തിയ കിടപ്പറ സിഡിയൊരുക്കിയത് ജോണിയായിരുന്നുവെന്ന് ആരോപണമുണ്ട്. പണമെറിഞ്ഞ് ഉന്നതങ്ങളിൽ സൗഹൃദം സമ്പാദിച്ചശേഷം പിന്നീട് ഇവരെ ബിസിനസ് പങ്കാളികളാക്കി മാറ്റുകയാണ് ജോണി ചെയ്തിരുന്നത്. സൗഹൃദത്തിൽ വീണവരെയും സ്ത്രീകളെ ഉപയോഗിച്ചുള്ള കെണികളിൽപ്പെടുത്തി. വിദേശത്തും ബന്ധങ്ങളുണ്ടായിരുന്ന ജോണി ബിസിനസ് പങ്കാളികളെ കൂട്ടി തായ്ലൻഡ് അടക്കമുള്ള രാജ്യങ്ങൾ സന്ദർശിക്കാറുമുണ്ടായിരുന്നു. ഇരകളെ വീഴ്‌ത്താൻ വിദേശ യുവതികളെ ഇവിടെയെത്തിച്ചിരുന്നു. കൊല്ലപ്പെട്ട രാജീവിനും ജോണിയുമായി ബിസിനസ് പങ്കാളിത്തമുണ്ടായിരുന്നു. ജോണിയുടെ ബിസിനസ് തന്ത്രങ്ങൾ രാജീവും സംഘവും പയറ്റുകയും ചെയ്തിരുന്നു. രാജീവിന്റെ പക്കലും പ്രമുഖന്റെ അശ്ലീല വീഡിയോ ഉണ്ടായിരുന്നുവെന്നും ശക്തമായ സൂചനകളുണ്ട്.

ഇതു കണ്ടെത്താനും കൂടിയാണ് രാജീവിനെതിരേ ക്വട്ടേഷൻ നൽകിയതെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. രാജീവിൽനിന്ന് വസ്തു ഇടപാടുകളുടെ മുദ്രപ്പത്രമടക്കമുള്ളവ പിടിച്ചെടുക്കാൻ നൽകിയ ക്വട്ടേഷനിൽ ഈ സിഡി കൂടി ഉൾപ്പെട്ടിരുന്നു. സിഡിയിലെ ദൃശ്യങ്ങൾ പ്രമുഖനെ കുടുക്കാൻ രാജീവ് ക്യാമറയിൽ പകർത്തി സൂക്ഷിച്ചതാണെന്നാണു സംശയിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം വമ്പന്മാർക്ക് ഭൂമി വാങ്ങി നൽകിയത് ഇയാളാണ്. അങ്കമാലി, ആലുവ മേഖലകളിൽ ഗുണ്ടാബന്ധവുമുണ്ടായിരുന്നു. കണ്ണൂർ വിമാനത്താവള പരിസരത്ത് കോടികളുടെ ഭൂമിയാണു സ്വന്തമാക്കിയത്.ഇതിൽ പലതും ബിനാമി ഇടപാടുകളായിരുന്നു. അങ്കമാലിയിലെ ഗോൾഡൻ പ്ലാസയും ജോണിയുടെ സ്ഥാപനമാണെന്നാണു വിവരം.

നെടുമ്പാശേരിയിൽ പല്ലേഡിയൻ ഫ്ളാറ്റ് തട്ടിപ്പിലും ജോണിക്കു പങ്കുണ്ട്. ഇതുമായി ബന്ധപ്പെട്ട് നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ പരാതികൾ എത്തിയിരുന്നെങ്കിലും പൊലീസിലെ ബന്ധങ്ങൾ തുണയായി. ജോണിക്കെതിരേയുള്ള കേസുകളിൽ പൊലീസ് ഉന്നതർ തണുപ്പൻ സമീപനമാണ് സ്വീകരിച്ചിരുന്നതെന്നും ആരോപണമുയർന്നു. ഇത്തരത്തിലുള്ള ആരോപണമാണ് ആലുവ മുൻ റൂറൽ എസ്‌പിയായിരുന്ന യതീഷ് ചന്ദ്രയ്ക്കെതിരേയും ഉയർന്നിരുന്നത്. ജോണിക്കെതിരേയുള്ള കേസുകളിൽ വാദികളോട് ഒത്തുതീർപ്പിനു ശ്രമിക്കാൻ യതീഷ് ചന്ദ്ര ആവശ്യപ്പെട്ടിരുന്നുവെന്നാണ് അന്നുയർന്ന പരാതി. അതുകൊണ്ടുതന്നെ രാജീവ് വധക്കേസ് നിലവിൽ തൃശൂർ എസ്‌പിയായ യതീഷ് ചന്ദ്ര അന്വേഷിക്കുന്നതിൽ അപാകതയുണ്ടെന്നും രാജീവിന്റെ ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ പ്രമുഖ അഭിഭാഷകൻ സി.പി. ഉദയഭാനുവിന്റെ പേരുപരാമർശിച്ച് ഇന്നലെ മറ്റുപ്രതികളുടെ റിമാൻഡ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. അഭിഭാഷകന്റെ കൂടി ആവശ്യമനുസരിച്ചാണ് രാജീവിനെ തട്ടിക്കൊണ്ടുവന്നതെന്ന് അറസ്റ്റിലായ ചക്കര ജോണിയും രഞ്ജിത്തും മൊഴിനൽകിയെന്ന് റിപ്പോർട്ടിലുണ്ട്. ചാലക്കുടി രാജീവ് കൊലക്കേസിൽ ഗൂഢാലോചനക്കുറ്റത്തിന് പിടിയിലായ അങ്കമാലി ചക്കര ജോണിയും രജ്ഞിത്തും അഡ്വ.സി.പി.ഉദയഭാനുവിനെതിരെ മൊഴി നൽകിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. റിയൽ എസ്റ്റേറ്റ് ഇടപാടിൽ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ രാജീവിനെ ബന്ദിയാക്കിയത് അഭിഭാഷകന്റെ കൂടി ആവശ്യപ്രകാരമാണെന്ന് പൊലീസ്.

ഉദയഭാനുവിനെതിരായ തെളിവുകൾ ശേഖരിച്ചു വരികയാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ട്. ബന്ദിയാക്കിയ രാജീവിനെ കാണാൻ ഉദയഭാനുവും ജോണിയും രജ്ഞിത്തും വരുമെന്ന് അറിയിച്ചിരുന്നതായി ഷൈജുവും മൊഴിനൽകിയിരുന്നു. അഭിഭാഷകന്റെ പങ്ക് തെളിയിക്കാൻ പൊലീസ് ശ്രമം തുടരുന്നതിന്റെ സൂചനയാണ് ഈ റിമാൻഡ് റിപ്പോർട്ട്. നാലംഗ കൊലയാളി സംഘത്തേയും ഗുഢാലോചനയ്ക്ക് രണ്ടു പേരേയും ഇതിനോടകം അറസ്റ്റ് ചെയ്‌തെങ്കിലും അന്വേഷണം സജീവമായി തുടരുകയാണെന്ന് തൃശൂർ റൂറൽ എസ്‌പി. യതീഷ്ചന്ദ്ര വ്യക്തമാക്കി.

രാജീവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയവരിൽ ഇനിയും ആളുകളുണ്ടെന്ന സൂചനയും പൊലീസ് നൽകുന്നു. റിയൽ എസ്റ്റേറ്റ് ഇടപാടിലെ പണ തർക്കത്തിന് പുറമെ, മറ്റ് എന്തെങ്കിലും കാരണങ്ങൾ കൊലയ്ക്കു പിന്നിലുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. ഒപ്പം, ജോണിയും രജ്ഞിത്തും രാജീവും നടത്തിയ ഭൂമിയിടപാടുകളുടെ സകല രേഖകളും പൊലീസ് സ്വരൂപിച്ചു. കൊലയ്ക്കു ശേഷം ഒളിവിൽ പോയ ചക്കര ജോണിയേയും രജ്ഞിത്തിനേയും പാലക്കാട് മംഗലഡാം പരിസരത്തെ റബർ തോട്ടത്തിൽ നിന്ന് പെട്ടെന്ന് പിടികൂടാൻ കഴിഞ്ഞതാണ് വഴിത്തിരവായത്. ഇവർ രാജ്യം വിട്ടിരുന്നെങ്കിൽ ഗൂഢാലോചനയുടെ അന്വേഷണം മരവിക്കുമായിരുന്നു.