കൊച്ചി: നടൻ, പാട്ടുകാരൻ, മിമിക്രി ആർട്ടിസ്റ്റ് തുടങ്ങി എല്ലാ മേഖലയിലും മികച്ച പ്രകടനം കാഴ്ച വെച്ച കലാഭവൻ മണിയുടെ ജീവിതം സിനിമയാകുന്ന ചിത്രമാണ് 'ചാലക്കുടിക്കാരൻ ചങ്ങാതി. മണി മരിച്ചിട്ട് രണ്ട് വർഷം കഴിയുമ്പോൾ ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നു.

വിനയൻ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ അവതരിപ്പിച്ചത്. 'ചാലക്കുടിക്കാരൻ ചങ്ങാതി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രിയ സുഹൃത്തുക്കൾക്കു മുന്നിൽ സമർപ്പിക്കുന്നു. കലാഭവന്മണി മഹാനായ ഒരു കലാകാരനും അതിനോടൊപ്പം സാധാരണക്കാരിൽ സാധാരണക്കാരനായ ,ഒരു മനുഷ്യനുമായിരുന്നു. അതുകൊണ്ടുതന്നെ മണിയുടെ തമാശകളും,കണ്ണുനിറയിക്കുന്ന ജീവിത മുഹൂർത്തങ്ങളും ഒക്കെ ചാലക്കുടിക്കാരൻ ചങ്ങാതിയിൽ നിങ്ങൾക്കു പ്രതീക്ഷിക്കാം എന്നാണ് വിനയൻ പറഞ്ഞത്.

മിമിക്രി താരം സെന്തിലാണ് ചിത്രത്തിൽ മണിയായി എത്തുന്നത്. ആൽഫാ ഫിലിംസിനുവേണ്ടി ഗ്ലാസ്റ്റൺ ഷാജി നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ഉമ്മർ മുഹമ്മദാണ്. ബിജിബാലാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്.