കോഴിക്കോട്: കോടഞ്ചേരി ചാലിപ്പുഴയിൽ ഇന്നലെ വൈകുന്നേരം ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കോഴിക്കോട് കിണാശ്ശേരി തച്ചറക്കൽപരേതനായ തമ്പിളിൽ മുഹമ്മദിന്റെ മകൻ അൻസാർ മുഹമ്മദ് (26)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മാതാവ്: സുഹറാബി സഹോദരങ്ങൾ:തസ്ലീന, ഫസീല, ജസീല. കൂടെ ഒഴുക്കിൽപ്പെട്ട ആയിശ നിഷ്‌ലയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.

ഇവരുടെ കൂടെ ഒഴുക്കിൽപ്പെട്ട് നീന്തി രക്ഷപ്പെട്ട ഇർഷാദ്, അജ്മൽ എന്നിവർ അൻസാറിന്റെ മാതൃ സഹോദരിയുടെ മക്കളാണ്. ഇർഷാദിന്റെ ഭാര്യയാണ് ആയിശ നിഷ്‌ല.പുലിക്കയം ഭാഗത്ത് നിന്നാണ് അൻസാറിന്റെ മൃതദേഹം കണ്ടെത്തിയത്. തിരച്ചിൽ ഇന്ന് പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.തിരച്ചിൽ ഇന്നലെ താൽക്കാലികമായി നിർത്തിയിരുന്നു.

ഇരുട്ട് വീണതിനാലും, പുഴയിലെ വെള്ളം തെളിയാത്തതുകൊണ്ടും രാത്രിയിൽ തിരച്ചിൽ ദുഷ്‌കരം ആയതിനാലും ആണ് താൽക്കാലികമായി ഇന്നലെ തിരച്ചിൽ നിർത്തിയത്.കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ എസ്. ഐ മാരായ പി. ആർ വിജയൻ, രമേശ് ബാബു, സി. പി. ഒ മാരായ ഷനിൽ കുമാർ, വിനോദ് സി. ജി, ജിനേഷ് കുര്യൻ, താമരശ്ശേരി തഹസീൽദാർ സുബൈർ, കോടഞ്ചേരി വില്ലജ് ഓഫീസർ റിയാസ്, സന്നദ്ധ പ്രവർത്തകരായ രാഹുൽ ബ്രിഗേഡ്, എന്റെ മുക്കം സന്നദ്ധ സേന, സ്വാന്തനം ഓമശ്ശേരി, പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ്, വാർഡ് മെമ്പർമാർ സമീപവാസികളായ നാട്ടുകാർ എന്നിവരാണ് തിരച്ചിൽ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.