കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെ ജയിലാക്കുമെന്ന ബിജെപി വെല്ലുവിളിയെ ഭയക്കുന്നില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. 'വിരട്ടൽ ഇങ്ങോട്ടു വേണ്ട, ബിജെപിയുടെ ഭീഷണിയിൽ പേടിക്കുന്നയാളല്ല ഞാൻ. നിങ്ങൾ എന്തിനാണ് ഞങ്ങളെ ഭയക്കുന്നത്. കാരണം നിങ്ങൾക്ക് വളരെ വ്യക്തമാണ്,

വരും ദിനങ്ങളിൽ മുന്നേറ്റം തൃണമൂൽ കോൺഗ്രസിനൊപ്പമാണ്. അധികാരം കൈയാളുന്നത് തൃണമൂൽ കോൺഗ്രസായിരിക്കും. എന്നെ വെല്ലുവിളിക്കുന്നവരുടെ വെല്ലുവിളി ഏറ്റെടുക്കാൻ എനിക്കു വളരെ സന്തോഷമാണ്. വൈകാതെ ഡൽഹി ഞങ്ങൾ പിടിക്കും' മമതാ ബാനർജി പറഞ്ഞു. ദ്വിദിന സന്ദർശനത്തിനിടെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നടത്തിയ ആരോപണങ്ങൾക്കും വെല്ലുവിളികൾക്കും മറുപടി പറയുകയായിരുന്നു മമതാ.

തൃണമൂൽ കോൺഗ്രസിനെ അപകീർത്തിപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കാനാണ് ബിജെപി ശ്രമം. ബംഗാളിൽ അധികാരം സ്ഥാപിക്കാൻ ഡൽഹിയിൽ നിന്നെത്തി നുണപ്രചാരണം നടത്തുകയാണ് ബിജെപിയെന്നും മമതാ ബാനർജി പറഞ്ഞു. ഗുജറാത്തിലെ പ്രശ്‌നങ്ങൾ നേരേ ചൊവ്വെ കൈകാര്യം ചെയ്യാൻ കഴിയാത്തവരാണ് ബംഗാളിൽ കണ്ണുവയ്ക്കുന്നതെന്നും മമത പരിഹസിച്ചു.

ബംഗാളിൽ അമിത് ഷാ ബൂത്ത് തലത്തിൽ നടത്തിയ സംവാദങ്ങളെയും ചേരികളും ഗ്രാമങ്ങളും സന്ദർശിച്ചതിനെയും മമത വിമർശിച്ചു. അവർ രാവിലെ ചേരികളിൽ പോകുകയും രാത്രി പഞ്ചനക്ഷത്ര ഹോട്ടലുകളിൽനിന്നു ഭക്ഷണം കഴിക്കുകയും ചെയ്യും. അതാണ് അവരുടെ ഇരട്ടത്താപ്പ്. ദരിദ്രരെ ബഹുമാനിക്കുന്ന വ്യക്തിയാണ് താൻ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ദരിദ്രരെന്ന് അഭിസംബോധന ചെയ്യുന്നത് ശരിയല്ലെന്നും മമതാ ബാനർജി പറഞ്ഞു.

ബിജെപിക്ക് വേരോട്ടമില്ലാത്തെ അഞ്ച് സംസ്ഥാനങ്ങളിലൂടെയുള്ള അമിത് ഷായുടെ പതിനഞ്ച് ദിന പര്യടനത്തിന് ബംഗാളിലായിരുന്നു തുടക്കം. ബംഗാളിന്റെ പ്രതാപം തിരികെ കൊണ്ടുവരുമെന്നും പ്രീണന രാഷ്ട്രീയത്തിൽനിന്നും ബംഗാൾ മോചനം അർഹിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞിരുന്നു. ബാംഗാളിൽ കണ്ട അത്ര ദാരിദ്രം താൻ എവിടെയും കണ്ടിട്ടില്ലെന്നും നരേന്ദ്ര മോദി എല്ലാറ്റിനും പരിഹാരമുണ്ടാക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.