ദോഹ: രാജ്യത്തെ സ്വകാര്യ കമ്പനികൾക്ക് വിസ അനുവദിക്കുന്നതിന് നിലവിലുള്ള നടപടികൾ സങ്കീർണ്ണമാണെന്ന പരാതിയെത്തുടർന്ന് വിസ നടപടികൾ സർക്കാർ എളുപ്പമാക്കുന്നു. വിസ അനുവദിക്കുന്നതിൽ രാജ്യം തിരിച്ചുള്ള ക്വാട്ട സംവിധാനം സർക്കാർ ഒഴിവാക്കിക്കൊണ്ടാണ് നടപടി ക്രമങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.  അതുകൊണ്ട് തന്നെ ഇനിമുതൽ കമ്പനികൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള രാജ്യത്തു നിന്നു തൊഴിലാളികളെ റിക്രൂട്ട് ചെയ്യാമെന്ന് ഖത്തർ ചേംബർ അറിയിച്ചു. സ്വകാര്യ കമ്പനികളെ പ്രോ!ത്സാഹിപ്പിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ഖത്തർ ചേംബർ ഓഫ് കൊമേഴ്‌സ് അറിയിച്ചു.

വിസ അനുവദിക്കാനായി കമ്പനികൾ അപേക്ഷ സമർപ്പിക്കുമ്പോൾ തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന റിക്രൂട്ട്‌മെന്റ് കമ്മിറ്റി വിസ സംബന്ധമായ രേഖകളുടെ പരിശോധന എളുപ്പം പൂർത്തിയാക്കും. സ്വകാര്യ കമ്പനി ആവശ്യപ്പെടുന്ന രാജ്യക്കാരെത്തന്നെ ജോലിക്കാരായി നൽകാൻ ഇപ്പോൾ സംവിധാനമുണ്ട്. നേരത്തെ കമ്പനി ആവശ്യപ്പെടുന്ന രാജ്യക്കാർക്ക് പകരം മറ്റു രാജ്യക്കാർക്ക് വിസ അനുവദിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.

സ്വകാര്യ മേഖലയുടെ മാനുഷിക വിഭവം സംബന്ധിച്ച ആവശ്യം അവഗണിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ റിക്രൂട്ട്‌മെന്റ് കമ്മിറ്റിയിൽ ഇനി മുതൽ ചേംബറിന്റെ ഒരു പ്രതിനിധിയും ഉണ്ടാവും. ഇതു മൂലം വർക്ക് വിസ സംബന്ധിച്ചും തൊഴിലാളികളുടെ രാജ്യം സംബന്ധിച്ചും കമ്പനികൾക്കുള്ള പരാതികൾ പരിഹരിക്കാൻ കമ്മിറ്റിക്കു സാധിക്കുമെന്നു ഖത്തർ ചേംബർ അംഗം റാഷിദ് അൽഅത്ബ പറഞ്ഞു. റിക്രൂട്ട്‌മെന്റ് കമ്മിറ്റിയിൽ സ്വകാര്യ മേഖലയെ പ്രതിനിധീകരിക്കുന്നത് അദ്ദേഹമാണ്. ചില തൊഴിൽ മേഖലകളിൽ ചില പ്രത്യേക രാജ്യങ്ങളിൽ നിന്നുള്ളവർ തന്നെ ആവശ്യമാണെന്ന കമ്പനികളുടെ ആവശ്യം കമ്മിറ്റിക്കു ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.