കോട്ടയം: പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ ഭാഗമായി ടാപ്പിങ് മേഖലയിലും റബ്ബർ സംസ്‌കരണമേഖലയിലും പരിശീലനപരിപാടികൾ വിജയകരമായി നടപ്പാക്കിയതിന്റെ അംഗീകാരമായി റബ്ബർ ബോർഡിന്'ചാമ്പ്യൻ പ്രോജക്റ്റ് ഇംപ്ലിമെന്റിങ് ഏജൻസി'എന്ന അംഗീകാരംലഭിച്ചു. നൈപുണ്യ വികസനത്തിനായി റബ്ബർബോർഡു നൽകുന്ന സംഭാവനകളെയും ഈ രംഗത്ത് കാഴ്ചവച്ച മികച്ച പ്രവർത്തനങ്ങളെയും കണക്കിലെടുത്തുകൊണ്ടാണ് അംഗീകാരം നൽകുന്നതെന്ന് സ്‌കിൽ ഇന്ത്യ, റബ്ബർബോർഡിനെ അറിയിച്ചു. തൊഴിൽപരിചയത്തിനുള്ള അംഗീകാരം (Recognition of Prior Learning) എന്ന പദ്ധതിയിൽ സർക്കാർ ഏജൻസികളുടെ വിഭാഗത്തിലാണ് ബോർഡിന് അംഗീകാരം നൽകിയിരിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ നൈപുണ്യ വികസനത്തിന് ഗണ്യമായ സംഭാവനകൾ നൽകുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് നൈപുണ്യവികസന സംരംഭകത്വ മന്ത്രാലയം ഇങ്ങനെയൊരംഗീകാരം നൽകുന്നത്.

കോൺസ്റ്റിറ്റിയൂഷൻ ക്‌ളബ്ബ് ഓഫ് ഇന്ത്യയിലെ മാവ്‌ലങ്കാർ ഹാളിൽ നടന്നചടങ്ങിൽ വച്ച് കേന്ദ്രധനകാര്യവകുപ്പുമന്ത്രി അരുൺ ജയ്റ്റിലിയാണ് അവാർഡ് സമ്മാനിച്ചത്. റബ്ബർ ബോർഡിനു വേണ്ടി ഡെപ്യൂട്ടി ഡയറക്ടർ (എക്‌സൈസ്ഡ്യൂട്ടി) ഇ എ മാത്യു അവാർഡ് ഏറ്റുവാങ്ങി.2017 ലെ ദേശീയനൈപുണ്യവികസന അവാർഡുകളും ഈ ചടങ്ങിൽ വച്ച് വിതരണംചെയ്തു.

തൊഴിൽ പരിചയത്തിനുള്ള അംഗീകാരം (Recognition of Prior Learning) പ്രകാരം 2016-17 സാമ്പത്തികവർഷം 10,000 പേർക്ക് റബ്ബർ ബോർഡ് പരിശീലനം നൽകി. ഇതിൽ 40 ശതമാനം പേരും സ്വന്തമായി ടാപ്പിങ് നടത്തുന്ന ചെറുകിട നാമമാത്ര കർഷകരാണ്. ഈ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ കേരളം, കർണാടക, തമിഴ്‌നാട്, ത്രിപുര, അസം എന്നീ സംസ്ഥാനങ്ങളിലെ 22,040 പേർക്ക് പരിശീലനം നൽകാൻ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം തുടർന്നും അംഗീകാരം നൽകിയിട്ടുണ്ട്.