- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവേഫ ചാമ്പ്യൻസ് ലീഗ്: സെമിപ്രതീക്ഷയോടെ ഇംഗ്ലീഷ് വമ്പന്മാർ; രണ്ടാം പാദ ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റി അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും; ലിവർപൂൾ-ബെൻഫിക്ക പോരാട്ടം
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറും പോരാട്ടം. സെമി ലക്ഷ്യമിട്ട് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഇറങ്ങും. അത്‌ലറ്റിക്കോ മാഡ്രിഡാണ് സിറ്റിയുടെ എതിരാളി. ലിവർപൂൾ പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയുമായി ഏറ്റുമുട്ടും. രണ്ട് മത്സരങ്ങളും രാത്രി 12.30ന് തുടങ്ങും.
ആദ്യപാദത്തിലെ ഒരു ഗോളിന്റെ മുൻതൂക്കം മാഞ്ചസ്റ്റർ സിറ്റിക്കുണ്ട്. ഇത്തിഹാദിൽ 10 പേരുമായി അത്‌ലറ്റിക്കോ പ്രതിരോധിച്ചിട്ടും ജയിച്ച ആത്മവിശ്വാസമുണ്ട് പെപ് ഗ്വാർഡിയോളയ്ക്ക്. സിറ്റിയുടെ ആക്രമണവും അത്‌ലറ്റിക്കോയുടെ പ്രതിരോധ മികവും തമ്മിലുള്ള പോരാട്ടം തന്നെയാകും രണ്ടാംപാദത്തിലും. അതിനാൽ നീലപ്പടയ്ക്ക് കാര്യങ്ങൾ എളുപ്പമാകില്ല മാഡ്രിഡിൽ.
വിലക്ക് കിട്ടിയ ഗബ്രിയേൽ ജെസ്യൂസും സസ്‌പെൻഷനിലുള്ള ബെഞ്ചമിൻ മെൻഡിയും സിറ്റി നിരയിലുണ്ടാകില്ല. പരിക്ക് മാറി റൂബൻ ഡിയാസ് പരിശീലനം തുടങ്ങിയെങ്കിലും ആദ്യ ഇലവനിൽ കളിക്കുന്നത് സംശയമാണ്.
എന്നാൽ കെവിൻ ഡിബ്രുയിനൊപ്പം ഫിൽ ഫോഡൻ, സ്റ്റെർലിങ്, ജാക്ക് ഗ്രീലിഷ്, റിയാദ് മെഹ്‌റസ് തുടങ്ങി ഏത് പ്രതിരോധക്കോട്ടയും തകർക്കാനുള്ള ആയുധമുണ്ട് സിറ്റിക്ക്. മറുവശത്ത് അന്റേയിൻ ഗ്രീസ്മാനും ജാവോ ഫെലിക്സിനുമാണ് സിമിയോണി ഗോളടിക്കാൻ ചുമതല നൽകിയിരിക്കുന്നത്.
പരിക്കേറ്റ ഹോസെ ഗിമിനസും ഹെക്ടർ ഹെരേരയും കളിച്ചേക്കില്ല. രണ്ടാംപാദത്തിൽ എന്തും സംഭവിക്കാമെന്ന് ഡീഗോ സിമിയോണി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
ബെൻഫിക്കയ്‌ക്കെതിരെ ആദ്യപാദത്തിലെ തകർപ്പൻ ജയത്തോടെ ലിവർപൂർ സെമിപ്രവേശത്തിലേക്ക് അടുത്തുകഴിഞ്ഞു. ആരെയും വിറപ്പിക്കുന്ന ആൻഫീൽഡിന്റെ കരുത്തിൽ രണ്ടാംപാദം വെല്ലുവിളിയാകില്ല. താരങ്ങളെല്ലാം മത്സരത്തിന് സജ്ജരെങ്കിലും ആദ്യ പതിനൊന്നിൽ മാറ്റം പ്രതീക്ഷിക്കാമെന്ന് കോച്ച് യുർഗൻ ക്ലോപ്പ് സൂചന നൽകുന്നു.
മുഹമ്മദ് സലായ്ക്ക് വിശ്രമം നൽകിയേക്കും. ലൂയിസ് ഡിയാസ്, റോബർട്ടോ ഫിർമിനോ എന്നിവർ ആദ്യഇലവനിൽ തിരിച്ചെത്താൻ സാധ്യതയുണ്ട്. ഇബ്രാഹിമ കൊനാട്ടെ, കർട്ടിസ് ജോൺസ്, നബി കെയ്റ്റ എന്നിവരും കളിക്കാൻ കാത്തിരിക്കുന്നു.
ഇന്നലെ നടന്ന രണ്ടാം പാദ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ ചെൽസിയോട് രണ്ടിനെതിരെ മൂന്ന് ഗോളിന് തോറ്റെങ്കിലും ആദ്യപാദ ജയത്തിന്റെ ആനുകൂല്യത്തിൽ റയൽ മാഡ്രിഡ് സെമി ഉറപ്പിച്ചു. രണ്ടാംപാദത്തിൽ ബയേൺ മ്യൂണിക്കിനോട് സമനിലയിലായ വിയ്യാറയലിനും ആദ്യപാദ ജയം തുണയായി.
മാസൻ മൗണ്ട്, അന്റോണിയോ റൂഡിഗെർ, ടിമോ വെർണർ എന്നിവരുടെ ഗോളിൽ 80-ാം മിനിറ്റ് വരെ ആധിപത്യം തുടർന്ന ചെൽസിക്ക് പക്ഷേ ഒടുക്കം പിഴച്ചു. ലൂക്കാ മോഡ്രിച്ചിന്റെ പാസിൽ ബ്രസീൽ താരം റോഡ്രിഗോയുടെ ഗോൾ മത്സരം അധികസമയത്തിലേക്ക് നീട്ടി. 96-ാം മിനിറ്റിൽ ചാമ്പ്യന്മാരുടെ വിധിയെഴുതി കരീം ബെൻസേമ വലചലിപ്പിക്കുകയായിരുന്നു. ഇതോടെ ആകെ നാലിനെതിരെ അഞ്ച് ഗോളിന്റെ ജയവുമായി റയൽ സെമി ബർത്ത് ഉറപ്പിച്ചു.
ഏറെക്കുറേ ചെൽസിയുടെ അതേ അവസ്ഥതന്നെ ബയേൺ മ്യൂണിക്കിന്. 52-ാം മിനിറ്റിൽ ലെവെൻഡോവ്‌സ്‌കിയുടെ ഗോളിൽ മുന്നിലെത്തിയെങ്കിലും 88-ാം മിനിറ്റിൽ വിയ്യാ റയൽ ജർമൻ പ്രതീക്ഷകൾ തകർക്കുകയായിരുന്നു. ഇരു പാദങ്ങളിലുമായി ഒന്നിനെതിരെ രണ്ട് ഗോളിന്റെ ജയവുമായി വിയ്യാറയൽ സെമിയിലെത്തി