മാഡ്രിഡ്: യുവേഫ ചാംപ്യൻസ് ലീഗിൽ ആദ്യ രണ്ട് സെമിഫൈനലിസ്റ്റുകളെ ഇന്നറിയാം. രണ്ടാംപാദ ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡ്, ചെൽസിയേയും ബയേൺ മ്യൂണിക്ക്, വിയ്യാ റയലിനെയും നേരിടും.

ആദ്യപാദത്തിൽ നേടിയ 3 - 1 ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് രണ്ടാം പാദത്തിൽ റയൽ മഡ്രിഡ് ഇന്നു ചെൽസിക്കെതിരെ ഇറങ്ങുന്നത്. റയലിന്റെ മൈതാനമായ സാന്തിയാഗോ ബെർണബ്യൂവിലാണ് മത്സരം.

മറ്റൊരു മത്സരത്തിൽ സ്വന്തം സ്റ്റേഡിയമായ അലിയാൻസ് അരീനയിൽ ജർമൻ ക്ലബ് ബയൺ മ്യൂണിക് സ്പാനിഷ് ക്ലബ് വിയ്യാറയലിനെ നേരിടും. ആദ്യപാദത്തിൽ വിയ്യാറയൽ 1 - 0നു ജയിച്ചിരുന്നു. ഇന്ത്യൻ സമയം രാത്രി 12.30നാണ് 2 മത്സരങ്ങളും. സോണി ടെൻ ചാനലുകളിൽ തത്സമയം.

നിലവിലെ ചാംപ്യന്മാരായ ചെൽസിക്കെതിരെ ഹോം ഗ്രൌണ്ടായ സാന്റിയാഗോ ബെർണബ്യൂവിൽ ഇറങ്ങുമ്പോൾ രണ്ട് ഗോളിന്റെ ലീഡുണ്ട് റയൽ മാഡ്രിഡിന്. കരീം ബെൻസേമയുടെ ഹാട്രിക്കാണ് റയലിന് നിർണായക ലീഡ് സമ്മാനിച്ചത്. ഇന്നും ബെൻസേമ തന്നെയായിരിക്കും ചെൽസിയുടെ പ്രധാന വെല്ലുവിളി.

വിംഗുകളിൽ വിനീഷ്യസ് ജൂനിയറും അസെൻസിയോയും മധ്യനിരയിൽ കാസിമിറോയും ലൂക്ക മോഡ്രിച്ചും ടോണി ക്രൂസും കൂടിയെത്തുമ്പോൾ ചെൽസിക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. സ്വന്തം കാണികൾക്ക് മുന്നിലാണ് കളിയെന്നുള്ളതും റയൽ താരങ്ങളുടെ ആവേശം ഇരട്ടിയാക്കും.

പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ സതാംപ്ടണെ എതിരില്ലാത്ത ആറ് ഗോളിന് തകർത്ത ചെൽസി റൊമേലു ലുക്കാക്കു, കല്ലം ഹഡ്സൺ ഒഡോയ് എന്നിവരില്ലാതെയാണ് മാഡ്രിഡിൽ എത്തിയിരിക്കുന്നത്. സെസാർ അസ്പലിക്യൂട്ട പരിക്കിൽ നിന്ന് മുക്തനായത് ആശ്വാസം. ഹക്കിം സിയെച്ച്, മേസൺ മൗണ്ട്, കായ് ഹാവെർട്സ് എന്നിവർ റയൽ പ്രതിരോധം പിളർന്നില്ലെങ്കിൽ നിലവിലെ ചാംപ്യന്മാർക്ക് ക്വാർട്ടറിൽ മടങ്ങേണ്ടിവരും.

ആദ്യപാദത്തിൽ നേടിയ ഒറ്റഗോൾ ലീഡുമായാണ് വിയ്യാ റയൽ, ബയേണിന്റെ മൈതാനത്ത് ഇറങ്ങുക. അലയൻസ് അറീനയിൽ റോബർട്ട് ലെവൻഡോവ്സ്‌കിയെയും സംഘത്തേയും വിയ്യാറയലിന് എത്രനേരം തടഞ്ഞുനിർത്താനാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.