ന്ത്യയെ മൊത്തത്തിൽ വിറപ്പിക്കാൻ ശേഷിയുള്ള ഭൂകമ്പം വൈകാതെ ഉണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ബീഹാർ മുതൽ കാശ്മീർ വരെയുള്ള ഹിമാലയൻ താഴ്‌വരെയെ തകർക്കാൻ ശേഷിയുള്ള, റിക്ടർസ്‌കെയിലിൽ 8.2വരെ രേഖപ്പെടുത്താവുന്ന ഭൂകമ്പത്തിനാണ് സാധ്യതയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ദുരന്തനിവാരണ വിഭാഗം അധികൃതർ മുന്നറിയിപ്പ് നൽകി.

തിങ്കളാഴ്ച മണിപ്പുരിലുണ്ടായതിനെക്കാൾ തീവ്രമായ ഭൂകമ്പമായിരിക്കും ഇതെന്നാണ് മുന്നറിയിപ്പ്. അടുത്തിടെയുണ്ടായ ഭൂകമ്പങ്ങളിൽ ഭൂഗർഭ പാളികളിലുണ്ടായ വിള്ളലുകൾ ശക്തമായതാണ് എട്ടിനുമേൽ പ്രഹരശേഷിയുള്ള ഭൂകമ്പത്തിന് സാധ്യത തുറന്നിരിക്കുന്നത്. 2011-ൽ സിക്കിമിൽ 6.9 പ്രഹരശേഷിയുള്ള ഭൂകമ്പം ഉണ്ടായി.കഴിഞ്ഞവർഷം നേപ്പാളിൽ 7.3 തീവ്രതയിലും ഇക്കഴിഞ്ഞ ദിവസം മണിപ്പുരിൽ 6.7 തീവ്രതയിലുമാണ് ഭൂകമ്പങ്ങളുണ്ടായത്.

നേപ്പാൾ ഭൂകമ്പത്തിന് ശേഷം ദേശീയ ദുരന്തനിവാരണ സമിതി നടത്തിയ പഠനത്തിലാണ് ഉത്തരേന്ത്യയിൽ ശക്തമായ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് കണ്ടെത്തിയത്. ഹിമാലയൻ മലനിരകളിലായിരിക്കും ഭൂകമ്പമുണ്ടാവുകയെന്നും മുന്നറിയിപ്പുണ്ട്. ഹിമാലയൻ മേഖലകളിലെ ഹിൽ സ്റ്റേഷനുകളിൽ നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് ഭുകമ്പത്തെ ചെറുക്കാനുള്ള ശേഷിയുണ്ടായിരിക്കണമെന്ന് കഴിഞ്ഞ ദിവസം ഇറ്റാനഗറിൽ ചേർന്ന യോഗം നിർദ്ദേശിച്ചു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ബീഹാറും ഉത്തരാഖണ്ഡും ഹിമാചൽ പ്രദേശും ഗുജറാത്തിലെ കച്ച് മേഖലയും ആൻഡമാൻ നിക്കോബാർ ദ്വീപുകളും അന്ത്യന്തം അപകടസാധ്യതയുള്ള അഞ്ചാം മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. വടക്കേ ഇന്ത്യയിലെ ഹിമാലയൻ മേഖലയിലുള്ള മറ്റ് സംസ്ഥാനങ്ങൾ സോൺ നാലിലാണ്. താരതമ്യേന അപകടം കുറഞ്ഞ മൂന്നാം സോണിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളുണ്ട്.

നേപ്പാൾ, ഭൂട്ടാൻ, മ്യാന്മർ, ഇന്ത്യ എന്നീ രാജ്യങ്ങൾ സ്ഥിതിചെയ്യുന്ന മേഖലയിലെ ഭൂഗർഭ പാളികൾ തമ്മിൽ ചേർന്നാണ് കിടക്കുന്നത്. ഈ മേഖലയിൽ അടുത്തിടെയുണ്ടായ വലിയ ഭൂകമ്പങ്ങളിൽ ഉണ്ടായ വിള്ളലുകളാണ ഭീഷണി തീർക്കുന്നതെന്ന് ദേശീയ ദുരന്ത നിവാരണ സമിതിയുടെ ഡയറക്ടർ സന്തോഷ് കുമാർ പറഞ്ഞു.