- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
16 പട്ടാളക്കാരുടെ തലവെട്ടി പോയ പാക് സൈന്യം; തിരിച്ചടി വേണ്ടെന്ന് ഉപദേശിച്ച ഡൽഹി; പത്ത് കമാണ്ടോയുമായി അതിർത്തി കടന്നത് സ്വന്തം റിസ്കിൽ; തിരിച്ചു വന്നത് 37 ചെവിയുമായി; യുദ്ധത്തിനിടെ അയുധപ്പുരകൾ രഹസ്യമായി തകർത്ത ഓപ്പറേഷൻ മണ്ടോള; ഈ ധീരതയ്ക്ക് പറയാൻ മലയാളി പ്രണയകഥയും; യുദ്ധ വീരൻ ചാന്ദ് മൽഹോത്രയ്ക്ക് രാജ്യസ്നേഹത്തിന്റെ സല്യൂട്ട്
കൊച്ചി: ആറടി രണ്ടിഞ്ച് പൊക്കം... കണ്ടാൽ സിനിമാ നടന്മാർ തോറ്റു പോകും..... രണ്ട് രാഷ്ട്രപതിമാരുടെ എഡിസി. ഇതിനിടെയിൽ മലയാളിയുമായി പ്രണയം.. പിന്നെ സൈന്യത്തിലേക്ക്. അവിടെ ചാന്ദ് മൽഹോത്ര രചിച്ചത് ചരിത്രമാണ്. രാജ്യം അറിയാതെ പോയ ധീരൻ. മനോരമാ ചാനലിലെ ചർച്ചയ്ക്കിടെ മേജർ രവിയാണ് മലയാളിയെ വിവാഹം ചെയ്ത ഈ സൈനികന്റെ കഥ പുറത്തു വിട്ടത്. രാജ്യത്തിന് വേണ്ടി വീറോടെ പൊരുതിയ കമാണ്ടോ.
ഒരു മുസ്ലിം ആയതുകൊണ്ട് മാത്രം തന്റെ ദേശ സ്നേഹം ചോദ്യം ചെയ്തെന്ന ആരോപണവുമായി കോൺഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. നട്ടെല്ലില്ലാത്ത ബിജെപി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് ഷമ മുഹമ്മദ് ആരോപിച്ചു. ചാനൽ ചർച്ചയ്ക്കിടെ ദേശീയ സുരക്ഷയിൽ കേന്ദ്ര ആഭ്യന്തര വകുപ്പിന് വീഴ്ചകൾ ഉണ്ടായെന്ന് ആരോപിച്ച കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിന് മറുപടിയുമായി മേജർ രവി രംഗത്തു വന്നിരുന്നു. മനോരമ ന്യൂസിന്റെ 'സർജിക്കൽ സ്ട്രൈക്ക് ആണോ മറുപടി?' എന്ന ചർച്ചയ്ക്കിടെയായിലായിരുന്നു മേജർ രവി ഷമ മുഹമ്മദിന് മറുപടി നൽകിയത്. ഇതിനിടെയാണ് ചാന്ദ് മൽഹോത്രയുടെ കഥ മലയാളി കേട്ടത്.
1971 ൽ നിങ്ങളുടെ കോൺഗ്രസ് സർക്കാർ ഭരിക്കുമ്പോൾ, ഇന്ദിരാ ഗാന്ധി ഭരിക്കുന്ന സമയത്ത് ഇതുപോലെയുള്ള ഒരു സർജിക്കൽ സ്ട്രൈക്കിനുള്ള ഒരു അവസരം വന്നിരുന്നു. 16 പട്ടാളക്കാരുടെ തലവെട്ടിയിട്ട് പാക്കിസ്ഥാൻ ഇവിടുന്ന് പോയി. പൂഞ്ച് റജോറിൽ. അവിടെ ഒരു ഓഫീസർ കെഞ്ചി, എനിക്ക് ഈ ഓപ്പറേഷൻ ചെയ്യാൻ അവസരം നൽകണം എന്ന് പറഞ്ഞ്. കൊടുത്തില്ല. അവസാനം അദ്ദേഹം സ്വന്തം റിസ്കിൽ പോയി. പത്ത് പട്ടാളക്കാരെയും കൊണ്ടുപോയി അവിടെയുള്ള ഒരു ബറ്റാലിയനെ മുഴുവൻ തുടച്ചുനീക്കി.
തിരിച്ചുവന്നപ്പോൾ ഓഫീസർ ചോദിച്ചു 'എന്താണ് തെളിവ്' എന്ന്. അദ്ദേഹം തന്റെ ബാഗ് തുറന്ന് കാണിച്ചുകൊടുത്തു. തങ്ങൾ കൊലപ്പെടുത്തിയ 37 പേരുടെ പെയർ ചെവികളായിരുന്നു അതിൽ ഉണ്ടായിരുന്നത്. എന്നിട്ട് അദ്ദേഹം പറഞ്ഞു 'എനിക്ക് ഇത്രയേ എടുക്കാൻ സാധിച്ചുള്ളൂ' എന്ന്. അങ്ങനെയൊരു ഓഫീസർ ഉള്ള രാജ്യമാണിത്. അദ്ദേഹത്തിന്റെ പേരാണ് മേജർ ചാന്ദ് മൽഹോത്ര. ആ അദ്ദേഹത്തിന് ചെറിയ ഒരു അവാർഡ് പോലും കൊടുക്കാത്ത സർക്കാർ ആണ് നിങ്ങളുടെ കോൺഗ്രസ്', മേജർ രവിയുടെ വെളിപ്പെടുത്തൽ ഇതായിരുന്നു.
മൽഹോത്രയും മലയാളി ബന്ധവും
അതിസുമുഖനായിരുന്നു മൽഹോത്ര. ഡൽഹിയിൽ രാഷ്ട്രപതിമാരുടെ സുരക്ഷാ ചുമതയിൽ ഉണ്ടായിരുന്ന സൈനിക ഉദ്യോഗസ്ഥൻ. ഈ സൈനികനോട് മലയാളി പെൺകുട്ടിക്ക് വലിയ പ്രണയം. അത് മൽഹോത്രയും അംഗീകരിച്ചു. അങ്ങനെ മലയാളിയെ ജീവിത സഖിയാക്കി. രാഷ്ട്രപതിയുടെ ഓഫീസിൽ നിന്നി് മാറി നേരെ പോയത് സൈന്യത്തിലേക്ക്. ഭാര്യയും ഒപ്പം കൂട്ടി. യുദ്ധമേഖലയിൽ നിന്ന് മാറിയായിരുന്നു ഭാര്യയുടെ ക്വട്ടേഴ്സ്. മൽഹോത്ര താമസിച്ചിരുന്നത് സൈനിക ക്യാമ്പിന് അടുത്തും.
അങ്ങനെ ഇരിക്കുമ്പോഴാണ് നിയന്ത്രണ രേഖ കടന്ന് പാക് സൈന്യം എത്തിയത്. ഇത് പതിവുള്ള സംഭവമായിരുന്നു അന്ന്. പാക് സൈന്യം വെടിയുതിർത്താലും ഡൽഹിയിൽ നിന്ന് ഉത്തരവ് കിട്ടാതെ തിരിച്ചടിക്കില്ല ഇന്ത്യൻ സൈന്യം. ഇത് മുതലാക്കി ഇന്ത്യൻ പാട്ടാളക്കാരെ പാക് സേന കൊന്നു. ഒരു കൂസലുമില്ലാതെ അവർ തിരിച്ചു പോയി. ഇത് കേട്ട് മൽഹോത്ര ക്ഷുഭിതനായി. വലിയ തോതിൽ തിരിച്ചടിക്കണമെന്ന് വാദിച്ചു. പക്ഷേ ആ ശബ്ദം ഡൽഹി അംഗീകരിച്ചില്ല. നയതന്ത്ര വഴിയെ കുറിച്ചായി ഉപദേശം. ഇത് കേട്ട മൽഹോത്ര ആ തീരുമാനം എടുത്തു.
പത്ത് സൈനികരടങ്ങുന്ന കമാൻഡോ വിങ്ങിന്റെ തലവനായിരുന്നു അന്ന് മൽഹോത്ര. ബറ്റാലിയനിലെ കമാണ്ടന്റിനെ കാര്യം അറിയിച്ച് മൽഹോത്ര ദൗത്യം ഏറ്റെടുത്തു. എന്തുവന്നാലും ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കില്ലെന്ന മുന്നറിയിപ്പ് അവഗണിച്ച് മൽഹോത്രയും പത്ത് പേരും നിയന്ത്രണ രേഖ മറികടന്ന് പാക് മണ്ണിലെത്തി. 24 മണിക്കൂറു കഴിഞ്ഞപ്പോൾ മുഴുവൻ പേരുമായി തിരിച്ചെത്തി. 37 പേരെ വകവരുത്തിയെന്ന് കൂടെയുണ്ടായിരുന്ന സൈനികർ പറഞ്ഞപ്പോൾ ക്യാമ്പിൽ ആരും അംഗീകരിച്ചില്ല. കള്ളം പറയുന്നുവെന്ന് പരിഹസിച്ചു.
അങ്ങനെ ചർച്ച കമാണ്ടർക്ക് മുമ്പിലെത്തി. 37 പേരെ കൊന്നതിന് തെളിവ് തേടി. ഈ സമയം തന്റെ ബാഗിൽ നിന്ന് മൽഹോത്ര 37 ചെവികൾ കൈയിലെടുത്തു. എല്ലാവരുടേയും തല കൊണ്ടു വരുന്നത് പ്രായോഗികമായിരുന്നില്ല. അതുകൊണ്ട് ചെവി അറുത്തെടുത്തു. ഇതാണ് തെളിവ്. ഇതു കണ്ട് കമാണ്ടർ ഞെട്ടി. അനൗദ്യോഗികമായി മൽഹോത്രയുടെ ധീരതയെ ഡൽഹിയിലും അറിയിച്ചു. അതു അങ്ങനെ തന്നെ സൂക്ഷിച്ചോളാനായിരുന്നു മറുപടി. മൽഹോത്രയ്ക്ക് ആരും പതക്കം നൽകിയില്ല.
ആയുധപ്പുര തകർത്ത വീര്യം
തൊട്ടു പിന്നാലെ യുദ്ധം എത്തി. പാക്കിസ്ഥാന്റെ ആയുധ കേന്ദ്രങ്ങൾ തകർക്കുകയായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ പ്രധാന ദൗത്യം. എല്ലാം തകർത്തു. പക്ഷേ ഒരിടത്തു നിന്ന് മാത്രം നിലയ്ക്കാതെ വെടിയുണ്ടകളെത്തി. എവിടെ നിന്നാണെന്ന് ആർക്കും അറിയില്ല. അതിർത്തി കടന്ന് പോയി അത് കണ്ടെത്തി നശിപ്പിക്കുകയെന്ന ദൗത്യം മൽഹോത്ര സ്വയം ഏറ്റെടുത്തു. അങ്ങനെ വീണ്ടും കമാണ്ടോകളുമായി പാക് ഏര്യയിലേക്ക്. തന്ത്രപരമായാണ് പാക്കിസ്ഥാൻ ആയുധങ്ങൾ ഒരിടത്ത് ഒളിപ്പിച്ചത്.
മൊണ്ടോൾ എന്ന ഗ്രാമത്തിലായിരുന്നു ആ തീ തുപ്പും യന്ത്ര തോക്കുകൾ. ഗ്രാമത്തിലെ വീടുകൾക്കുള്ളിൽ ആയുധങ്ങൾ വച്ചു. അതിന് ശേഷം വീട്ടിനുള്ളിൽ നിന്ന് ഇന്ത്യയെ ലക്ഷ്യമിട്ട് ആക്രമിച്ചു. രഹസ്യമായി മൊണ്ടോളിലെത്തിയ മൽഹോത്ര ആയുധ ശേഖരം എവിടെ നിന്നെന്ന് മനസ്സിലാക്കി. ആറു വീടുകൾ കണ്ടെത്തി. ലക്ഷ്യസ്ഥാനത്തെ ഗ്രനേഡ് ഉപയോഗിച്ച് തകർത്തു. ആരു അറിയാതെ നിയന്ത്രണ രേഖ കടന്ന് സ്വന്തം ബാരക്കിലുമെത്തി. പാക്കിസ്ഥാനെ യുദ്ധത്തിൽ മാനസികമായി തളർത്തിയ ഓപ്പറേഷനായിരുന്നു ഇന്ത്യയുടെ റെയ്ഡ് മണ്ടോൾ. അങ്ങനെ ആയുധങ്ങൾ തകർത്ത് രണ്ട് ദിവസത്തിനുള്ളിൽ ആ യുദ്ധവും അവസാനിച്ചു.
മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായി മൊണ്ടോളിലെ ആയുധപുര തകർക്കലിൽ വലിയ തോതിൽ ആളനാശമുണ്ടായി. പക്ഷേ യുദ്ധ സമയത്ത് സ്വാഭാവികമായി സംഭവിക്കുന്നതായിരുന്നു ഇത്തരം പ്രശ്നങ്ങൾ. അങ്ങനെ ആ യുദ്ധം ഇന്ത്യ വരുതിയിലാക്കിയതിന് പിന്നിലും മൽഹോത്രയുടെ മികവുണ്ടെന്ന് മേജർ രവി സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം വീരന്മാരാണ് യഥാർത്ഥ ദേശ സ്നേഹികളെന്നും മേജർ രവി വിശദീകരിക്കുകയാണ്.
'ഞാൻ സർവീസിൽ ഉണ്ടായിരുന്ന കാലത്ത്, 89-90 കാലമാണ്. അന്ന് ഒരു ഓപ്പറേഷൻ എങ്കിലും ഇല്ലാതിരുന്ന ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. അന്ന് കണ്ടൊരു കശ്മീർ ഉണ്ട്. അടുത്തിടെ ഞാൻ കണ്ടൊരു കശ്മീർ ഉണ്ട്. 370 ആർട്ടിക്കിൾ എടുത്ത് കളഞ്ഞതിനു ശേഷം ഏകദേശം ആറ് മാസക്കാലം ഒരു ആക്രമണം ഉണ്ടായിട്ടില്ല. നമ്മളെ ഇങ്ങോട്ടടിച്ചാൽ തിരിച്ചടിക്കാനുള്ള ചങ്കൂറ്റം എല്ലാവർക്കും ഉണ്ടായിരിക്കണം. ഇന്ന് രാജ്യം ശക്തികാണിക്കുന്നത് എന്നെ അടിച്ചാൽ ഞാൻ രണ്ട് അടിക്കും എന്ന രീതിയിലാണ്. ഇതേ ശൈലിയായിരുന്നു മൽഹോത്രയുടേതെന്നും മേജർ രവി പറയുന്നു.
ഭാര്യയായത് പിഎൻസി മേനോന്റെ സഹോദരി
മൽഹോത്രയുടെ പ്രണയ നായകിയിലെ മലയാളി പിഎൻസി മേനോൻ എന്ന വ്യവസായിയുടെ അടുത്ത ബന്ധുവാണെന്ന് മേജർ രവി പറയുന്നു. മേനോന്റെ കസിനാണ് മൽഹോത്രയെ പ്രണയത്തിൽ ജീവിത പങ്കാളിയാക്കിയത്.
സൈന്യത്തിൽ നിന്ന് വിരമിച്ച മൽഹോത്രയും കുടുംബത്തോടൊപ്പം ബഹറിനിലാണ് രവി പറയുന്നു. സൈനികന്റെ മകളായിരുന്നു മൽഹോത്രയുടെ ഭാര്യയും. കുറച്ചു നാളായി ആരോഗ്യ പ്രശ്നങ്ങളാൽ കിടപ്പിലാണ് റെയ്ഡ് ഓൺ മണ്ടോളിലെ വീര ജേതാവ്.
മറുനാടന് മലയാളി ബ്യൂറോ