തൃശ്ശൂർ:ഒരാഴ്ചമുമ്പ് നാടകത്തിന്റെ റിഹേഴ്സലിനിടെ മുട്ടിന്റെ ലിഗ്മെന്റിന് പൊട്ടൽ വീണപ്പോൾ ചന്ദനക്ക് സങ്കടമടക്കാനായില്ല. ഒരാഴ്ച കഴിഞ്ഞാൽ കാത്തിരുന്ന സംസ്ഥാ സ്‌കൂൾ കലോൽസവമാണ് മുന്നിൽ. ഡോക്ടറെ കാണിച്ചപ്പോൾ കാലിന് ശനിയാഴ്ച ഡോക്ടർ ശസ്ത്രക്രിയ വിധിക്കുകയും ചെയ്തു.

എന്നാൽ കലോൽസവത്തിൽ പങ്കെടുക്കാതിരിക്കുക എന്ന ചന്ദനക്ക് ചിന്തിക്കാൻ പോലു കഴിയുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ ചന്ദനയുടെ നിർബന്ധത്തിന് വഴങ്ങി മാതാപിതാക്കളും അദ്ധ്യാപകരും ചേർന്ന് കുട്ടിയെ കലോത്സവ വേദിയിൽ എത്തിച്ചു. ഹൈസ്‌കൂൾ പെൺകുട്ടികളുടെ മോണോ ആക്ടിൽ കാലിൽ പ്ലാസ്റ്ററുമായെത്തി മികച്ച പ്രകടനം കാഴ്ചവെച്ച് വിധികർത്താക്കളെയും കാണികളെയും ഒരുപോലെ ഞെട്ടിച്ചു ഈ പത്താം ക്ലാസുകാരി.

ലൗ ജിഹാദ് ആയിരുന്നു ചന്ദനതന്റെ വിഷയമയി തിരഞ്ഞെടുത്തത് അതിലെ പ്രശ്‌നങ്ങളും സ്പർദ്ധയും മതസൗഹാർദവുമെല്ലാം ചന്ദന അതിഗംഭീരമായി അവതരിപ്പിച്ചു.പൊട്ടൽ വീണ കാൽമുട്ടിനും വേദനയ്ക്കും തന്നെ തടയാനാവില്ലെന്ന് കാണിച്ച ചന്ദനക്ക് വേദിയുടെ നിറഞ്ഞ കയ്യടിയായിരുന്നു നൽകിയത്.

'ഇതൊക്കെ അപൂർവമായി ലഭിക്കുന്ന അവസരമാണ്. അത് നഷ്ടപ്പെടുത്താൻ തോന്നിയില്ല. അതാണ് വേദന സഹിച്ചും വേദിയിലെത്തിയത്' എന്നാണ് പരിക്കേറ്റ വരുമ്പോഴും ചന്ദന പറയുന്നത്.

പരിക്ക് പറ്റിയ സാഹചര്യത്തിൽ സ്‌ക്രിപ്റ്റിൽ കാര്യമായ മാറ്റങ്ങൾ വരുത്തി ചലനങ്ങൾ പരമാവധി കുറച്ചാണ് മോണോ ആക്ട് വേദിയിൽ അവതരിപ്പിച്ചതെന്ന് ചന്ദനയുടെ ഗുരു കലാഭാവൻ നൗഷാദ് പറയുന്നു. ഇന്ന് രാവിലെ എത്തിയാണ് സ്‌ക്രിപ്റ്റിൽ മാറ്റങ്ങൾ വരുത്തിയത്. അതെല്ലാം കുറഞ്ഞ സമയം കൊണ്ട് പഠിച്ച് നന്നായിതന്നെ ചന്ദന വേദിയിൽ അവതരിപ്പിച്ചു. അതിനവൾക്ക് പ്രത്യേക അഭിനന്ദനം പറഞ്ഞാലേ മതിയാകൂ കലാഭവൻ നൗഷാദ് പറഞ്ഞു.

കരുനാഗപ്പള്ളി ജോൺ എഫ് കെന്നഡി മെമോറിയൽ വിഎച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ് ചന്ദന. കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ മോണോ ആക്ടിന് എ ഗ്രേഡ് ഉണ്ടായിരുന്നു ചന്ദനയ്ക്ക്. ശാസ്ത്രനാടകത്തിൽ ദേശീയതലത്തിൽ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഈ കൊച്ചുമിടുക്കി