തിരുവനന്തപുരം: അരുവിക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോൾ സീരിയൽ താരങ്ങളും വോട്ടഭ്യർത്ഥനയുമായി സജീവമായി രംഗത്തുണ്ട്. കണ്ണൂനീർ സീരിയലുകളിലെ നായകമാരും രംഗത്തുണ്ട്. ബിജെപിക്ക് വേണ്ടി വോട്ട് ചോദിച്ച് എത്തിയത് ചന്ദനമഴയിലെ നായിക മേഘ്‌നയായിരുന്നു. കുടുംബയോഗങ്ങളിൽ പങ്കെടുത്തുകൊണ്ടാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായ അമൃത വോട്ട് ചോദിക്കുന്നത്. ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സീരിയലിൽ അമൃത എന്ന കഥാപാത്രത്തെയാണ് മേഘ്‌ന അവതരിപ്പിക്കുന്നത്. എന്തായാലും മേഘ്‌നയെ രംഗത്തിറക്കിയപ്പോൾ ബിജെപിക്ക് അബന്ധം പിണയുകയും ചെയ്തു. ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ കടുത്ത വിമർശനം നേരിടേണ്ട അവസ്ഥയിലാണ് ബിജെപി.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായെത്തിയ സീരിയൽ താരത്തിന് സംഭവിച്ച അബന്ധം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സീരിയലിലെ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മേഘ്‌നക്ക് പ്രസംഗത്തിനിടെ സംഭവിച്ച അബന്ധമാണ് സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്. താരത്തിന്റെ പ്രസംഗം ഇങ്ങനെയാണ് ഇന്ത്യക്കൊപ്പം പുരോഗമിക്കുന്ന മറ്റൊരു ഇന്ത്യ ഉണ്ടാകണമെനനാണ് എന്റെ ആഗ്രഹം. ചെന്നൈ, മുംബൈ തുടങ്ങിയ വിദേശരാജ്യങ്ങളിൽ കാറിലിരുന്ന് മെയ്ക്കപ്പിടാം. ഇവിടെ പറ്റില്ല തുടങ്ങിയ അബന്ധങ്ങളായിരുന്നു മേഘ്‌നയുടെ പ്രസംഗത്തിൽ സംഭവിച്ചത്.

എന്നാൽ, അരുവിക്കരയിലെ റോഡുകളെ ഉദ്ദേശിച്ചായിരുന്നു നടിയുടെ പരാമർശമെങ്കിലും കിട്ടിയ അവസരത്തിൽ എല്ലാവരും ബിജെപിക്ക് എതിരെ തിരിഞ്ഞു. വെറുമൊരു നാവുപിഴയാണെങ്കിലും അതിനെ വെറുതേ വിടാൻ ഈ തെരഞ്ഞെടുപ്പ് വേളയിൽ സോഷ്യൽ മീഡിയ തയ്യാറായില്ല. ഇതോടെ നടിയെ ട്രോളടിച്ചുള്ള പോസ്റ്റുകളും സജീവമാണ്.

മോദിയെ കുറിച്ചും നടി പറഞ്ഞു. സാധാരണക്കാരനായി ജനിച്ച മോദി ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രിയായ കാര്യവും അവർ പറഞ്ഞു. മോദി പ്രധാനമന്ത്രിയാകാൻ കാരണം സത്യസന്ധതയും ആത്മർത്ഥതയുമാണെന്നും മേഘ്‌ന പറഞ്ഞു.