തിരുവനന്തപുരം: മലയാള ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവുമധികം ജനപ്രീതിയാർജിച്ച സീരിയലുകളിലൊന്നായ ചന്ദനമഴയിലെ മുഖ്യകഥാപാത്രം അമൃതയെ അവതരിപ്പിക്കുന്ന മേഘ്‌ന വിൻസെന്റിനെ ഒഴിവാക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചതായി റിപ്പോർട്ടുകൾ പ്രചരിക്കുന്നു. സെറ്റിലെ മേഘ്‌നയുടെ അഹങ്കാരത്തോടെയുള്ള പെരുമാറ്റം അസഹ്യമായതോടെയാണ് നായികയെ ഒഴിവാക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതെന്നാണ് വാർത്തകൾ. അതേസമയം, വിവാഹം അടുത്ത സാഹചര്യത്തിൽ മേഘ്‌ന സീരിയലിൽ നിന്ന് പിമാറുന്നതാണെന്നും പറയപ്പെടുന്നു.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചന്ദനമഴയിൽനിന്ന് മേഘ്‌നയെ ഒഴിവാക്കാൻ തീരുമാനിച്ചതായി ഓൺലൈൻ സിനിമാ സൈറ്റുകളാണ് റിപ്പോർട്ട് ചെയ്തത്. സഹതാരങ്ങളോട് മേഘ്നയുടെ പെരുമാറ്റമാണത്രേ ഇത്തരത്തിൽ നായികയെ മാറ്റാൻ സംവിധായകനെ പ്രേരിപ്പിച്ചത്. സെറ്റിൽ വളരെ അഹങ്കാരത്തോടെയും തലക്കനത്തോടെയുമാണ് മേഘ്ന പെരുമാറുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മുതിർന്ന താരങ്ങളോട് പോലും മര്യാദയോടെ പെരുമാറാറില്ലത്രെ. ചന്ദനമഴയുടെ തമിഴ് സീരിയലിലും മേഘ്ന തന്നെയാണ് നായിക. ഇതേ പെരുമാറ്റ രീതിയെ തുടർന്ന് തമിഴ് ചന്ദനമഴയിൽ നിന്നാണ് ആദ്യം ഒഴിവാക്കിയത്. ഇപ്പോൾ മലയാളത്തിൽ നിന്നും പുറത്താക്കിയത്രെ. നായികയാണ് എന്ന അഹങ്കാരത്തോടെയാണ് സെറ്റിൽ എല്ലാവരോടും പെരുമാറുന്നത്. ഇപ്പോൾ വിവാഹം ഉറപ്പിക്കുക കൂടെ ചെയ്തപ്പോൾ തലക്കനം കൂടി എന്നാണ് കേട്ടത്.

എന്നാൽ അഹങ്കാരവും തലക്കനവുമൊന്നുമല്ല, വിവാഹം ഉറപ്പിച്ചതുകൊണ്ടാണ് മേഘ്നയെ സീരിയലിൽ നിന്ന് ഒഴിവാക്കുന്നത് എന്നും കേൾക്കുന്നുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിക്കാൻ മറുനാടൻ ലേഖകൻ മേഘ്‌നയുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ പ്രതികരിച്ചില്ല.

ഈ മാസം 30നാണ് മേഘ്നയുടെ വിവാഹം. വിവാഹ ശേഷം അഭിനയ നിർത്തുക എന്നത് മേഘ്നയുടെ തന്നെ തീരുമാനമാണത്രെ. സിനിമ സീരിയൽ താരം ഡിംപിൾ റോസിന്റെ സഹോദരനും ഡ്രീം ക്രിയേഷൻസ് എന്ന സ്ഥാപനത്തിന്റെ സിഇഒയുമായ ഡോൺ ടോണിയാണ് വരൻ. വിവാഹനിശ്ചയചടങ്ങുകൾ നടന്ന വിവരം മേഘ്ന തന്നെയാണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.

ഇടക്കൊച്ചി സ്വദേശിയാണ് മേഘ്ന. പിതാവ് വിൻസെന്റ് ഗൾഫിലാണ്. സ്പീക്കർ ജി. കാർത്തികേയന്റെ നിര്യാണത്തെത്തുടർന്ന് അരുവിക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ പ്രചാരണത്തിന് മേഘ്ന എത്തിയതു വലിയ വാർത്തയായിരുന്നു. ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാലിനു വേണ്ടിയായിരുന്നു പ്രചാരണം.