കൊച്ചി: അങ്ങനെ മലയാളി വീട്ടമ്മമാരെ കരയിച്ച ചന്ദന മഴയക്ക് അവസാനം. ഏഷ്യാനെറ്റിൽ കഴിഞ്ഞ നാല് വർഷമായി മലയാളികളുടെ സ്വീകരണ മുറികളിൽ ചന്ദന മഴ എത്താൻ തുടങ്ങിയിട്ട്. സിനിമ കുറച്ച് സീരിയലിന് കൂടുതൽ പ്രധാന്യം നൽകിയപ്പോഴും ചാനലിലെ റേറ്റിംഗിൽ പ്രധാന പങ്കു വഹിച്ച സീരിയലുകളിൽ ഒന്നാണ് 2014 ൽ ആരംഭിച്ച ചന്ദനമഴ.

ട്രോളന്മാരുടെ ഇഷ്ട വിഭവമായിരുന്നു ചന്ദനമഴ. സീരിയലിലെ നായികയായ മേഘ്‌ന വിൻസെന്റിനെ സീരിയലിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. സീരിയൽ സെറ്റിലെ നടിയുടെ അഹങ്കാരത്തോടെയുള്ള പെരുമാറ്റം അസഹ്യമായതോടെയാണ് നായികയെ ഒഴിവാക്കാൻ സീരിയലിന്റെ അണിയറപ്രവർത്തകർ തീരുമാനിച്ചതെന്നായിരുന്നു അന്ന് വാർത്തകൾ വന്നത്.

മാത്രമല്ല നായികയുടെ വിവാഹ പ്രമോ വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മേഘനാ വിൻസെന്റിന്റെ വിവാഹ വീഡിയോയുടെ പ്രൊമോയെ അന്ന് കൊന്ന് കൊലവിളിച്ചിരുന്നു സോഷ്യൽ മീഡിയ.

ഡിസംബർ 9 നാണ് സീരിയലിന്റെ അവസാന എപ്പിസോഡ് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ അമൃതയെ അവതരിപ്പിച്ച മേഘ്‌നയ്ക്കും ഊർമിളാദേവിയെ അവതരിപ്പിച്ച തമിഴ് നടിയും നർത്തകിയുമായ രൂപശ്രീയ്ക്കും ആരാധകർ ഏറെയാണ്.

അതേ സമയം സീരിയൽ അവസാനിക്കുന്നു എന്ന വാർത്തയും സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇനിയൊരു പത്തുകൊല്ലം കൂടെ കൊണ്ട് പോകാമായിരുന്നു തുടങ്ങിയ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്.