ചലച്ചിത്ര താരവും നർത്തകിയുമായ ഷംന കാസിമിനെ ലീഗ് മുഖപത്രമായ ചന്ദ്രികയുടെ വാർഷിക പരിപാടിയിൽ വിളിച്ചുവരുത്തി അപമാനിച്ചതായി പരാതി. ചന്ദ്രികയുടെ മിഡിൽ ഈസ്റ്റ് പതിപ്പിന്റെ പത്താം വാർഷികവുമായി ബന്ധപ്പെട്ട പരിപാടിയിലേക്ക് ക്ഷണിച്ച ശേഷം അപമാനിച്ചു എന്ന പരാതിയാണ് നടിക്കുള്ളത്.

പരിപാടിയിൽ നൃത്തം അവതരിപ്പിക്കാൻ ക്ഷണിച്ചശേഷം അവസാനനിമിഷം ഇതു റദ്ദാക്കിയെന്നാണ് ആരോപണം. 'ഹരിത ചന്ദ്രിക' എന്ന പേരിൽ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തീരുമാനിച്ച പരിപാടിയിലേക്കാണ് ഷംനയെ ക്ഷണിച്ചിരുന്നത്. സാംസ്‌കാരിക സമ്മേളനവും തുടർന്നുള്ള കലാപരിപാടികളിലേക്കുമായിരുന്നു ക്ഷണം.

മാമുക്കോയയും നടൻ സിദ്ധിക്കും നയിക്കുന്ന പരിപാടിയിൽ ഹാസ്യപരിപാടികളും പാട്ടും ഡാൻസും തീരുമാനിച്ചിരുന്നു. എന്നാൽ അവസാന നിമിഷമാണ് ഡാൻസ് അവതരിപ്പിക്കാനായി ഉറപ്പിച്ചിരുന്ന ഷംനയെ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

പാണക്കാട് തങ്ങൾ അടക്കം പല സാമുദായിക നേതാക്കന്മാരും പങ്കെടുക്കുന്ന പരിപാടിയിൽ സമുദായത്തിൽ തന്നെയുള്ള സിനിമാതാരത്തിന്റെ ഗ്ലാമർ ഡാൻസ് അവതരിപ്പിക്കുന്നത് വിവാദമാകും എന്ന ഭയമാണ് ഒടുവിൽ പരിപാടി ഉപേക്ഷിക്കാൻ കാരണമെന്നാണ് സൂ
ചന. ഹരിത ചന്ദ്രിക 2014ലെ മുഖ്യ ആകർഷണമായിരുന്നു ഷംന കാസിം അവതരിപ്പിക്കുന്ന ഡാൻസ്. എന്നാൽ പരിപാടിയുടെ ബ്രോഷർ പ്രകാശനത്തിനുശേഷമാണ് വിമർശനങ്ങൾ ഉയർന്നതെന്നും, ഷംനയെ നീക്കം ചെയ്തതെന്നുമാണ് റിപ്പോർട്ടുകൾ.