- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നായിഡു എത്രമാത്രം നിരാശനാണെന്ന് ജനങ്ങൾക്ക് അറിയാം; എന്താണ് ചെയ്യുന്നത് പറയുന്നത് എന്ന് മനസ്സിലാകുന്നില്ല; മാധ്യമങ്ങൾക്ക് മുന്നിലെ കരച്ചിലിനെ പരിഹസിച്ച് ജഗന്മോഹൻ റെഡ്ഡി
അമരാവതി: ഭാര്യക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് സഭയിൽ നിന്നിറങ്ങിപ്പോകുകയും മാധ്യമങ്ങൾക്ക് മുന്നിൽ കരയുകയും ചെയ്ത ചന്ദ്രബാബു നായിഡുവിന്റെ നടപടിയിൽ പ്രതികരിച്ച് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി.
നായിഡു എത്രമാത്രം നിരാശനാണെന്ന് സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും അറിയാമെന്ന് റെഡ്ഡി പരിഹസിച്ചു. മാത്രമല്ല, നായിഡു എന്താണ് ചെയ്യുന്നത് പറയുന്നത് എന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും പ്രതികരിച്ചു. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് നായിഡു നിയമസഭയിലെ അംഗങ്ങളെ പ്രകോപിപ്പിച്ചുവെന്നും ആളുകൾ തിരിച്ച് പ്രതികരിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ പെരുമാറുന്നുവെന്നും റെഡ്ഡി പറഞ്ഞു.
ടിഡിപിക്ക് ആധിപത്യമുണ്ടായിരുന്ന കുപ്പം മുനിസിപ്പാലിറ്റിയിൽ 25ൽ 19സീറ്റും നേടി വൈഎസ്ആർ കോൺഗ്രസ് അധികാരത്തിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്. ഭാര്യക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് വെള്ളിയാഴ്ച സഭയിൽ നിന്നിറങ്ങിപ്പോയ ചന്ദ്രബാബു നായിഡു മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞിരുന്നു.
ഇതുവരെ രാഷ്ട്രീയത്തിൽ പോലുമിറങ്ങാത്ത തന്റെ ഭാര്യക്കെതിരെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് അംഗങ്ങൾ അപകീർത്തികരമായ പരാമർശം ഉന്നയിച്ചെന്ന് ടിഡിപി നേതാവായ ചന്ദ്രബാബു നായിഡു പൊട്ടിക്കരഞ്ഞ് പറയുകയായിരുന്നു.
ഇനി മുഖ്യമന്ത്രിയായിട്ടല്ലാതെ സഭയിൽ കയറില്ലെന്നും അദ്ദേഹം പറഞ്ഞു. ''കഴിഞ്ഞ രണ്ടര വർഷമായി അപമാനം സഹിച്ചാണ് കഴിയുന്നത്. എന്നാൽ ഒരിക്കലും ശാന്തത കൈവിട്ടില്ല. എന്നാൽ, ഇന്ന് അവർ എന്റെ ഭാര്യയെപ്പോലും ലക്ഷ്യമിട്ടു. അന്തസോടെയാണ് ജീവിക്കുന്നത്. ഇത് എനിക്ക് സഹിക്കാൻ കഴിയില്ല. സഭക്കുള്ളിൽ താൻ അപമാനിക്കപ്പെട്ടു''-അദ്ദേഹം പറഞ്ഞു.
ഇന്ന് ആന്ധ്ര നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും രൂക്ഷമായ തർക്കമുണ്ടായിരുന്നു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട ചർച്ചയിലായിരുന്നു പ്രശ്നം. ഭാര്യക്കെതിരെയുള്ള പരാമർശത്തിൽ മറുപടി പറയാൻ സ്പീക്കർ തമ്മിനേനി അനുവദിച്ചില്ലെന്നും മൈക്ക് ഓഫ് ചെയ്തെന്നും ആരോപണമുയർന്നു. എന്നാൽ ചന്ദ്രബാബുവിന്റെ കരച്ചിൽ നാടകമാണെന്ന് വൈഎസ്ആർ കോൺഗ്രസ് അംഗങ്ങൾ കുറ്റപ്പെടുത്തി.
ഭരണപക്ഷത്തെ അംഗങ്ങൾക്കെതിരെ വ്യക്തിപരമായ ആക്ഷേപം ഉന്നയിച്ചപ്പോൾ തിരിച്ചുപറയുക മാത്രമാണുണ്ടായതെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു. നൈരാശ്യം കൊണ്ടാണ് ചന്ദ്രബാബു നായിഡു ഇത്തരത്തിൽ പെരുമാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരത്തിനായി നായിഡു എന്തും ചെയ്യുമെന്നും വൈഎസ്ആർ അംഗങ്ങൾ പറഞ്ഞു.
ന്യൂസ് ഡെസ്ക്