തൃശൂർ: വിവാദ വ്യവസായി മുഹമ്മദ് നിസാം പ്രതിയായ ചന്ദ്രബോസ് വധക്കേസിൽ വിധി 20ന്. കേസിൽ 79 ദിവസം നീണ്ട വിചാരണ ഇന്നു തൃശൂർ ജില്ല അഡിഷണൽസ് സെഷൻ കോടതിയിൽ പൂർത്തിയായി.

കേസിൽ പ്രതിഭാഗത്തിന്റെ അന്തിമ വാദവും പ്രോസിക്യൂഷന്റെ മറുപടി വാദവും ചൊവ്വാഴ്ച പൂർത്തിയായി. 2015 ജനുവരി 29നു പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം.

മദ്യലഹരിയിൽ കാറിൽ താമസസ്ഥലമായ തൃശൂർ ശോഭ സിറ്റിയിലെത്തിയ നിസാം സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കാർ കൊണ്ട് ഇടിക്കുകയായിരുന്നു. തുടർന്നു വടികൊണ്ട് ക്രൂരമായി മർദിക്കുകയും ചെയ്തു. പൊലീസ് എത്തിയാണു ചന്ദ്രബോസിനെ ആശുപത്രിയിലാക്കിയത്. ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചന്ദ്രബോസ് ഫെബ്രുവരി 16ന് മരിച്ചു.

ഈ മാസം 31നകം വിചാരണ പൂർത്തിയാക്കണമെന്ന് തൃശ്ശൂർ ഫസ്റ്റ് ക്ലാസ് അഡീഷണൽ സെഷൻസ് കോടതിക്ക് സുപ്രീംകോടതി കഴിഞ്ഞ ഒക്ടോബറിൽ നിർദ്ദേശം നൽകിയിരുന്നു. വിചാരണ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതി മുഹമ്മദ് നിസാം നൽകിയ ഹർജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വെള്ളിയാഴ്ച ഹർജി പരിഗണിക്കും.

മൂന്നു മാസത്തേക്ക് തൃശ്ശൂർ കോടതിയിൽ നടക്കുന്ന കേസിന്റെ വിചാരണ നിർത്തിവെക്കണമെന്നാണ് നിസാമിന്റെ ആവശ്യം. വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പുതിയ ഹർജിയും നിസാം സമർപ്പിച്ചിട്ടുണ്ട്. മെമ്മറി കാർഡ്, സി.ഡി. തുടങ്ങിയ തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് പുതിയ ഹർജിയിലെ ആവശ്യം.